ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരേ ഈയാഴ്ച ആരംഭിക്കാനിരിക്കുന്ന ഒന്നം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍. പരിശീലന മല്‍സരത്തില്‍ നേടിയ കിടിലന്‍ സെഞ്ച്വറിയോടെയാണ് അദ്ദേഹം ടീമിലേക്കു അവകാശവാദമുന്നയിച്ചിരിക്കുന്നത്. ഇന്ത്യന്‍ സീനിയര്‍ ടീമും ഇന്ത്യ എയും തമ്മിലുള്ള ഇന്‍ട്രാ സ്‌ക്വാഡ് ഗെയിമിലാണ് ശര്‍ദ്ദുല്‍ കസറിയത്.
പരിശീലന മല്‍സരത്തില്‍ ഇന്ത്യന്‍ എ ടീമിനായി ഇറങ്ങിയാണ് അദ്ദേഹം തന്റെ ബാറ്റിങ് പാടവം പുറത്തെടുത്തത്. ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ഈ വെള്ളിയാഴ്ച ലീഡ്‌സില്‍ തുടങ്ങാനിരിക്കെ ഇന്ത്യയെ സംബന്ധിച്ച് ഏറെ ആഹ്ലാദിക്കാന്‍ വക നല്‍കുന്നതാണ് ശര്‍ദ്ദുലിന്റെ പ്രകടനം. അതു മാത്രല്ല, അദ്ദേഹം കസറിയതോടെ മറ്റൊരു യുവതാരത്തിനു വമ്പന്‍ പണിയും കിട്ടിയിരിക്കുകയാണ്.

തകര്‍പ്പന്‍ ഇന്നിങ്‌സ്
ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ മൂര്‍ച്ചയേറിയ പേസാക്രമണത്തെ നേരിട്ടാണ് ശര്‍ദ്ദുല്‍ ടാക്കൂര്‍ കിടിലന്‍ സെഞ്ച്വറി നേടിയത്. പുറത്താവാതെ 122 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. സ്്റ്റാര്‍ പേസര്‍ ജസ്പ്രീത് ബംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് എന്നിവരുള്‍പ്പെട്ടതായിരുന്നു സീനിയര്‍ ടീമിന്റെ ബൗളിങ് ആക്രമണം. ഇവരെയെല്ലാം മികച്ച രീതിയില്‍ നേരിട്ട് ഇത്ര ഗംഭീരമായൊരു സെഞ്ച്വറി കുറിക്കാനായത് തീര്‍ച്ചയായും ശര്‍ദ്ദുലിന്റെ ആത്മവിശ്വാസവും വാനോളമുയര്‍ത്തും.
ദേശീയ ടീമിനു പുറത്തായിരുന്ന അദ്ദേഹം ഒരിടവേളയ്ക്കു ശേഷം തിരിച്ചെത്തിയ പരമ്പര കൂടിയാണ് ഇത്തവണത്തെ ഇംഗ്ലണ്ട് പര്യടനം. ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് ശര്‍ദ്ദുലിനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു ഒരു രണ്ടാം വരവിനു സഹായിച്ചത്. 2021ലെ അവസാനത്തെ ഇംഗ്ലീഷ് പര്യടനത്തില്‍ അദ്ദേഹം ടീമിലുണ്ടായിരുന്നു. അന്നു മൂന്നു ഫിഫ്ഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിക്കുകയും ചെയ്തു.
പരിശീലന മല്‍സരത്തില്‍ ശര്‍ദ്ദുലിന്റെ സെഞ്ച്വറി നേട്ടത്തോടൈ പണി കിട്ടിയത് മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിക്കാണ്. അദ്ദേഹത്തിനു പകരം ഒന്നാം ടെസ്റ്റില്‍ ശര്‍ദ്ദുലായിരിക്കും ഇനി പ്ലെയിങ് ഇലവനിലെത്തുകയെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
രഞ്ജിയില്‍ ഹീറോ
കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി ബാറ്റിങിലും ബൗളിങിലും ശര്‍ദ്ദുല്‍ ടാക്കൂര്‍ ഒരുപോലെ കസറിയിരുന്നു. ഇതാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു അദ്ദേഹത്തിനു വീണ്ടും വഴി തുറന്നത്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 22 ശരാശരിയില്‍ ശര്‍ദ്ദുല്‍ പിഴുതത് 33 വിക്കറ്റുകളാണ്. ഒരു ഫൈഫറും മൂന്നു നാലു വിക്കറ്റ് നേട്ടവുമുള്‍പ്പെടെയാണിത്.

ബാറ്റിങിലും ശര്‍ദ്ദുല്‍ മുംബൈയുടെ അപ്രതീക്ഷിത ഹീറോയായി മാറി. 12 ഇന്നിങ്‌സുകളില്‍ അദ്ദേഹം അടിച്ചെടുത്തത് 505 റണ്‍സാണ്. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും ഇതിലുപ്പെടും. ശര്‍ദ്ദുലിനെ കൂടാതെ ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനത്തിലൂടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു സര്‍പ്രൈസ് തിരിച്ചുവരവ് നടത്തിയ രണ്ടാമത്തെയാള്‍ മറുനാടന്‍ മലയാളി ബാറ്റര്‍ കരുണ്‍ നായരാണ്.
കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ വിദര്‍ഭയെ ചാംപ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് അദ്ദേഹം. 16 ഇന്നിങ്‌സില്‍ നിന്നും 53 ശരാശരിയില്‍ കരുണ്‍ വാരിക്കൂട്ടിയത് 863 റണ്‍സാണ്. നാലു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റിയുമടക്കമാണിത്. രഞ്ജിക്കു ശേഷം വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലും അദ്ദേഹം വലിയ റണ്‍വേട്ട നടത്തി. എട്ടിന്നിങ്‌സില്‍ നിന്നും 389.5 എന്ന അവിശ്വസനീയ ശരാശരിയില്‍ കരുണ്‍ അടിച്ചെടുത്തത് 779 റണ്‍സാണ്.