രാജ്‌കോട്ട്: ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായ ശുഭ്മന്‍ ഗില്ലിനു രൂക്ഷവിമര്‍ശനം. രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ സെഞ്ച്വറിയുമായി താരം തിളങ്ങിയിരുന്നു. ഇതോടെ ഗില്‍ താളം വീണ്ടെടുത്തുവെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ മൂന്നാം ടെസ്റ്റില്‍ താരം വീണ്ടും ദുരന്തമായി മാറിയിരിക്കുകയാണ്. ഒമ്പതു ബോളുകള്‍ നേരിട്ടിട്ടും അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെയാണ് ഗില്‍ ക്രീസ് വിട്ടത്.
നാലാം ഓവറില്‍ തന്നെ യശസ്വി ജയ്‌സ്വാള്‍ (10) പുറത്തായതോടെ ഗില്ലിനു നേരത്തേ ക്രീസില്‍ എത്തേണ്ടി വരികയായിരുന്നു. മാര്‍ക്ക് വുഡിന്റെ ബൗളിങില്‍ ജോ റൂട്ടിനു ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാള്‍ പുറത്തായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടൊപ്പം മികച്ചൊരു കൂട്ടുകെട്ടുമായി ടീമിനെ ഗില്‍ ശക്തമായ നിലയിലേക്കുയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

പക്ഷെ റണ്ണെടുക്കാന്‍ താരം ശരിക്കും പാടുപെടുന്നതാണ് കണ്ടത്. ഇംഗ്ലണ്ടിന്റെ പേസ് ജോടികളായ ജെയിംസ് ആന്‍ഡേഴ്‌സന്‍, മാര്‍ക്ക് വുഡ് എന്നിവരെ ഭയത്തോടെ നേരിട്ട ഗില്ലിനു സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലുമായില്ല. ഒടുവില്‍ ആറാമത്തെ ഓവറില്‍ വുഡിനു വിക്കറ്റ് സമ്മാനിച്ച് ഗില്‍ ക്രീസ് വിടുകയുമായിരുന്നു.
ഓവറിലെ മൂന്നാമത്തെ ബോളിലാണ് താരം വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ബോളായിരുന്നു അത്. ഗില്‍ ഷോട്ടിനു തുനിഞ്ഞെങ്കിലും എഡ്ജായ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ ജെയിംസ് ഫോക്‌സിന്റെ കൈകളിലേക്കാണ് വന്നത്. ഇതോടെ ഡെക്കായി ഗില്ലിനു ക്രീസ് വിടേണ്ടി വരികയുമായിരുന്നു.
ഇതിനു പിന്നാലെ ആരാധകരുടെ ഭാഗത്തു നിന്നും വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുനാണ് ഗില്ലിനു നേരെ ഉയരുന്നത്. ഒട്ടും നാണമില്ലാത്ത ക്രിക്കറ്റര്‍മാരിലൊരാളാണ് ശുഭ്മന്‍ ഗില്‍. 10-12 ഇന്നിങ്‌സുകളില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായി മാറും. അതിനു ശേഷം ടീമില്‍ തന്റെ സ്ഥാനം നിലനിര്‍ത്താന്‍ ഒരു സെഞ്ച്വറിയടിക്കും.
ബിസിസിഐ ഉടന്‍ തന്നെ ഗില്ലിനെ ടീമില്‍ നിന്നും പുറത്താക്കണം. അദ്ദേഹത്തിന്റെ കരിയര്‍ ഇതിലൂടെ മാത്രമേ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. ഗില്ലിനു ആത്മവിശ്വാസം നഷ്ടമായിരിക്കുകയാണ്, ബാറ്റിങ് മറന്നിരിക്കുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ അടുത്ത വിരാട് കോലിയാവുമെന്നു കരുതപ്പെട്ട ക്രിക്കറ്ററാണ് ശുഭ്മന്‍ ഗില്‍. പക്ഷെ ചേതേശ്വര്‍ പുജാരയാവാനാണ് അദ്ദേഹം ശ്രമിച്ചു കൊണ്ടേയിരിക്കുന്നത്. ടീമില്‍ തന്റെ സ്ഥാനം നിലനിര്‍ത്തുന്നതിനു വേണ്ടി മാത്രം ഗില്‍ നല്ലൊരു ഇന്നിങ്‌സ് കളിക്കും.
ഇങ്ങനെയൊരാളെ എന്തിനാണ് ഇന്ത്യ ടീമിനൊപ്പം കൊണ്ടുനടക്കുന്നത്? ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയ ശേഷം മാത്രമേ ഗില്ലിനെ ഇനി ടീമിലേക്കു പരിഗണിക്കാന്‍ പാടുള്ളൂയെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

വല്ലപ്പോഴും മാത്രം ഒരു മികച്ച ഇന്നിങ്‌സ് കളിക്കുന്ന ശുഭ്മന്‍ ഗില്ലിനെ ഇന്ത്യ എന്തിനാണ് ടെസ്റ്റില്‍ ഇങ്ങനെ പിന്തുണയ്ക്കുന്നത്? റുതുരാജ് ഗെയ്ക്വാദിനെ പകരം ടീമിലേക്കു കൊണ്ടുവരാനും തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കാനും ഇന്ത്യ ശ്രമിക്കണം. ഗില്ലിനേക്കാള്‍ നന്നായി ഗെയ്ക്വാദിനു തീര്‍ച്ചയായും പെര്‍ഫോം ചെയ്യാന്‍ സാധിക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ വന്‍ തകര്‍ച്ചയാണ് ആദ്യ സെഷനില്‍ നേരിടുന്നത്. 15 ഓവറുകള്‍ കഴിയുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിനു 52 റണ്‍സെന്ന നിലയിലാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടൊപ്പം (29) രവീന്ദ്ര ജഡേജയാണ് (10) ക്രീസിലുള്ളത്.
യശസ്വി ജയ്‌സ്വാള്‍ (10), ഗില്‍ (0), രജത് പാട്ടിധാര്‍ (5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായിരിക്കുന്നത്. അരങ്ങേറ്റക്കാരായ സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ എന്നിവരാണ് ഇന്ത്യക്കായി ഇനി ബാറ്റിങിനു ഇറങ്ങാനിരിക്കുന്നത്.