
ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മുന്നില്‍ 247 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49 ഓവറില്‍ 246 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ടോപ് ഓഡര്‍ വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ ആതിഥേയരെ രക്ഷിച്ചത് മോയിന്‍ അലിയുടെയും (47) ഡേവിഡ് വില്ലിയുടെയും (41) പ്രകടനമാണ്. ഇന്ത്യക്കായി യുസ് വേന്ദ്ര ചഹാല്‍ നാലും ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും (38) ജേസണ്‍ റോയിയും (23) ചേര്‍ന്ന് നല്‍കിയത്. ആദ്യ മത്സരത്തിലെ തകര്‍ച്ചയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഓപ്പണര്‍മാര്‍ ബാറ്റുവീശി. രണ്ട് പേരും ചേര്‍ന്ന് ഫിഫ്റ്റി കൂട്ടുകെട്ടിലേക്കെത്തുമെന്ന് തോന്നിക്കവെ കൂട്ടുകെട്ട് പൊളിച്ച് ഹര്‍ദിക് പാണ്ഡ്യയെത്തി. 33 പന്തില്‍ 2 ഫോറും 1 സിക്‌സുമടക്കം 23 റണ്‍സ് നേടിയ ജേസണ്‍ റോയിയാണ് ആദ്യം മടങ്ങിയത്.
രണ്ടാം വിക്കറ്റില്‍ ജോ റൂട്ടും (11) ബെയര്‍സ്‌റ്റോയും ചേര്‍ന്ന് പതിയെ റണ്‍സുയര്‍ത്തി. ബെയര്‍സ്‌റ്റോ മോശം പന്തുകളെ കണക്കിന് ശിക്ഷിച്ച് മുന്നേറി. 28 പന്തില്‍ ആറ് ബൗണ്ടറിയോടെ കുതിച്ച ബെയര്‍സ്‌റ്റോയെ യുസ് വേന്ദ്ര ചഹാലിനെ ഇറക്കി രോഹിത് ശര്‍മ പൂട്ടി. സ്വീപ് ഷോട്ടിന് ശ്രമിച്ച ബെയര്‍സ്‌റ്റോ ക്ലീന്‍ബൗള്‍ഡ്. അധികം വൈകാതെ 21 പന്ത് നേരിട്ട ജോ റൂട്ടിനെയും ചഹാല്‍ എല്‍ബിയില്‍ കുരുക്കി. റൂട്ട് മടങ്ങുമ്പോള്‍ 17.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 82 എന്ന നിലയിലേക്ക് തകര്‍ന്ന അവസ്ഥയിലായിരുന്നു ഇംഗ്ലണ്ട്.

നായകന്‍ ജോസ് ബട്‌ലര്‍ ക്രീസിലെത്തിയപ്പോള്‍ മുഹമ്മദ് ഷമിയെ കൊണ്ടുവന്ന രോഹിത്തിന്റെ തന്ത്രം വീണ്ടും ഫലിച്ചു. 5 പന്തില്‍ 4 റണ്‍സെടുത്ത ബട്‌ലര്‍ ക്ലീന്‍ബൗള്‍ഡ്. ഏകദിനത്തില്‍ ബട്‌ലറെ കൂടുതല്‍ തവണ പുറത്താക്കുന്ന ബൗളറെന്ന റെക്കോഡും ഷമിക്ക് സ്വന്തം. ഇത് അഞ്ചാം തവണയാണ് ഷമിക്ക് മുന്നില്‍ ബട്‌ലര്‍ ഏകദിനത്തില്‍ പുറത്താവുന്നത്.

ഒരുവശത്ത് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കി ബെന്‍ സ്റ്റോക്‌സ്(21) ഉണ്ടായിരുന്നെങ്കിലും സ്‌റ്റോക്‌സിനെ മടക്കി ചഹാല്‍ ഇന്ത്യയെ രക്ഷിച്ചു. 23 പന്ത് നേരിട്ട് മൂന്ന് ബൗണ്ടറി നേടിയ സ്റ്റോക്‌സിനെ ചഹാല്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ലിയാം ലിവിങ്‌സ്റ്റണ്‍ (33) രണ്ട് ഫോറും സിക്‌സുമടക്കം നേടി ഇന്ത്യയെ വിറപ്പിക്കാന്‍ നോക്കിയെങ്കിലും ഹര്‍ദിക് പാണ്ഡ്യ മടക്ക ടിക്കറ്റ് നല്‍കി. ഷോര്‍ട്ട് ബോളില്‍ സിക്‌സിന് ശ്രമിച്ച ലിവിങ്‌സ്റ്റണ്‍ പകരക്കാരനായി ഫീല്‍ഡിങ്ങിനെത്തിയ ശ്രേയസ് അയ്യരുടെ കൈയില്‍ അവസാനിച്ചു.

വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട ഇംഗ്ലണ്ടിനെ രക്ഷിച്ചത് മോയിന്‍ അലി ഡേവിഡ് വില്ലി കൂട്ടുകെട്ടാണ്. 62 റണ്‍സിന്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചു. 64 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും പറത്തിയ അലിയ ചഹാല്‍ പുറത്താക്കുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് 42 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 210 എന്ന നിലയിലായിരുന്നു. ഡേവിഡ് വില്ലി നിര്‍ണ്ണായക റണ്‍സുകളുമായി മുന്നോട്ട് പോയി.
49 പന്തില്‍ 41 റണ്‍സെടുത്ത വില്ലിയെ ജസ്പ്രീത് ബുംറ മടക്കി. രണ്ട് വീതം ഫോറും സിക്‌സും നേടിയ വില്ലിയെ ശ്രേയസ് അയ്യരാണ് ക്യാച്ചിലൂടെ മടക്കിയത്. ബ്രൈഡന്‍ കേഴ്‌സിനെ (2) പ്രസിദ്ധ് എല്‍ബിയില്‍ കുടുക്കിയപ്പോള്‍ അവസാനക്കാരന്‍ റീസി ടോപ്ലിയെ (2) ജസ്പ്രീത് ബുംറ ക്ലീന്‍ബൗള്‍ഡാക്കി. ഇതോടെ 49 ഓവറില്‍ 246ന് ഇംഗ്ലണ്ട് ഓള്‍ഔട്ട്.

പ്ലേയിങ് 11: ഇന്ത്യ- രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ് വേന്ദ്ര ചഹാല്‍, പ്രസിദ്ധ് കൃഷ്ണ
ഇംഗ്ലണ്ട്- ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്‍, ലിയാം ലിവിങ്സ്റ്റണ്‍, മോയിന്‍ അലി, ഡേവിഡ് വില്ലി, ക്രയ്ഗ് ഓവര്‍ട്ടന്‍, ബ്രെയ്ഡന്‍ കേഴ്സി, റീസി ടോപ്ലി