ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനോടൊപ്പം സ്വപ്‌നതുല്യമായ തുടക്കം ലഭിച്ചിരിക്കുന്ന യുവ മധ്യനിര ബാറ്റര്‍ സര്‍ഫറാസ് ഖാനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. സര്‍ഫറാസ് റെഡ് ബോള്‍ ക്രിക്കറ്റില്‍ നന്നായി തുടങ്ങിയെങ്കിലും യഥാര്‍ഥ വെല്ലുവിളി ഇനിയും വരാനിരിക്കുന്നതേയുള്ളൂയെന്നാണ് ദാദയുടെ അഭിപ്രായം. ഈ വെല്ലുവിളി എന്താണെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.
രാജ്‌കോട്ടില്‍ ഇന്ത്യ 434 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്ത മൂന്നാം ടെസ്റ്റിലൂടെയായിരുന്നു സര്‍ഫറാസിന്റെ അരങ്ങേറ്റം. രണ്ടിന്നിങ്‌സുകളിലും താരം അഗ്രസീവ് ഫിഫ്റ്റികള്‍ കുറിക്കുകയും ചെയ്തിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 66 ബോളില്‍ ഒമ്പതു ഫോറും ഒരു സിക്‌സറുമടക്കം 62 റണ്‍സ് അടിച്ചെടുത്ത സര്‍ഫറാസ് നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടാവുകയായിരുന്നു. നോണ്‍ സ്‌ട്രൈക്കറായ രവീന്ദ്ര ജഡേജയുടെ ഒരു മോശം കോളായിരുന്നു കാരണം.

രണ്ടാമിന്നിങ്‌സിലാവട്ടെ സര്‍ഫറാസ് 72 ബോളില്‍ ആറു ഫോറും മൂന്നു സിക്‌സറുമടക്കം പുറത്താവാതെ 68 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തിരുന്നു. അരങ്ങേറ്റ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയ ഇന്ത്യയുടെ നാലാമത്തെ താരമായും സര്‍ഫറാസ് മാറിയിരുന്നു. ദില്‍വാര്‍ ഹുസൈന്‍, സുനില്‍ ഗവാസ്‌കര്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് നേരത്തേ ഈ അപൂര്‍വ്വ നേട്ടം കുറിച്ചിട്ടുള്ള മറ്റു ഇന്ത്യക്കാര്‍.
ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കു വേണ്ടി കഴിഞ്ഞ മൂന്ന്-നാല് വര്‍ഷങ്ങളായി റണ്‍സ് വാരിക്കൂട്ടിയ സര്‍ഫറാസ് നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇംഗ്ലണ്ടുമായുള്ള പരമ്പരയിലൂടെ ആദ്യമായി ദേശീയ ടീമിലേക്കു വിളിക്കപ്പെട്ടത്.
ഇന്ത്യന്‍ പിച്ചുകളില്‍ സ്‌കോര്‍ ചെയ്യുക സര്‍ഫറാസ് ഖാനെ സംബന്ധിച്ച് അത്ര വലിയ പ്രശ്‌നമാവില്ലെന്നും പക്ഷെ വിദേശത്തെ പിച്ചുകളില്‍ റണ്‍സെടുക്കുകയെന്നതായിരിക്കും പ്രധാന വെല്ലുവിളിയെന്നുമാണ് ഗാംഗുലിയുടെ വിലയിരുത്തല്‍. മിഡ്‌ഡേ ഔട്ട്‌ലെറ്റിനോടു സംസാരിക്കവെയായിരുന്നു ദാദ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സര്‍ഫറാസിനെ മാത്രമല്ല കഴിഞ്ഞ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ അപരാജിത ഡബിള്‍ സെഞ്ച്വറി കുറിച്ച യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെയും ഗാംഗുലി പ്രശംസിച്ചു.
യശസ്വി ജയ്‌സ്വാള്‍ മികച്ചൊരു താരം മാത്രമല്ല ഗെയിമിന്റെ എല്ലാ ഫോര്‍മാറ്റുകളിലും കളിക്കാന്‍ ശേഷിയുള്ളയാൾ കൂടിയാണ്. സര്‍ഫറാസ് ഖാന്‍ നന്നായി തന്നെ തുടങ്ങിയിരിക്കുകയാണ്. അവനു ഇനി വിദേശ രാജ്യങ്ങളിലും റണ്‍സ് നേടേണ്ടതുണ്ട്. ഇതാണ് സര്‍ഫറാസിന്റെ പ്രധാന വെല്ലുവിളി.

വളര്‍ന്നുവരുന്ന ക്രിക്കറ്റര്‍മാര്‍ക്കു നല്ലൊരു ഉദാഹരണം കൂടിയാണ് സര്‍ഫറാസ്. സ്ഥിരതയോടെ ആഭ്യന്തര ക്രിക്കറ്റില്‍ സ്‌കോര്‍ ചെയ്തു കൊണ്ടിരുന്നാല്‍ അവര്‍ക്കു ദേശീയ ടീമിലും ഒരു ദിവസം ഉറപ്പായും അവസരം ലഭിക്കുമെന്നു സര്‍ഫറാസ് കാണിച്ചു തന്നിരിക്കുകയാണെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
രാജ്‌കോട്ട് ടെസ്റ്റില്‍ 26 കാരനായ സര്‍ഫറാസ് അഞ്ചാം നമ്പറിലായിരുന്നു ബാറ്റ് ചെയ്യേണ്ടിയിരുന്നത്. പക്ഷെ ഒന്നാമിന്നിങ്‌സില്‍ ടീം മൂന്നു വിക്കറ്റിനു 33 റണ്‍സിലേക്കു വീണതോടെ പരിചയസമ്പന്നനായ രവീന്ദ്ര ജഡേജയെ ഇന്ത്യ അഞ്ചാമനായി പ്രൊമോട്ട് ചെയ്യുകയായിരുന്നു. രോഹിത്തിനൊപ്പം ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി ജഡ്ഡു ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നതോടെ തുടര്‍ന്നെത്തിയ സര്‍ഫറാസിനു സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാന്‍ സാധിക്കുകയും ചെയ്തു.
93 സ്‌ട്രൈക്ക് റേറ്റിലാണ് കന്നി ഇന്നിങ്‌സില്‍ താരം റണ്‍സ് വാരിക്കൂട്ടിയത്. റണ്ണൗട്ടായിരുന്നില്ലെങ്കില്‍ ഒരു പക്ഷെ സെഞ്ച്വറി പോലും സര്‍ഫറാസ് നേടുമായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ജയ്‌സ്വാളിനോടൊപ്പം 72 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ താരത്തിനായിരുന്നു. ഇന്ത്യയുടെ ലീഡ് 550 കടത്തിയതും ഈ ജോടിയായിരുന്നു.