രാജ്‌കോട്ട്: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറാനുള്ള ഊഴമെത്തിയപ്പോള്‍ ഇടിത്തീയായി മാറിയിരിക്കുകയാണ് യുവ താരം സര്‍ഫറാസ് ഖാന്‍. കന്നി മല്‍സരത്തിലെ ആദ്യത്തെ ഇന്നിങ്‌സില്‍ തന്നെ ഇംഗ്ലണ്ട് ബൗളര്‍മാരെ പഞ്ഞിക്കിട്ട് സര്‍ഫറാസ് ഫിഫ്റ്റിയോടെ മിന്നിക്കുകയും ചെയ്തു. ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആറാം നമ്പറിലാണ് സര്‍ഫറാസിനെ ഇന്ത്യ ക്രീസിലേക്കയച്ചത്.
പക്ഷെ എല്ലാവരുടെയും പ്രതീക്ഷകള്‍ക്കപ്പുറത്തെ പ്രകടനവുമായി സര്‍ഫറാസ് ഹീറോയായി മാറുകയായിരുന്നു. ടി20 ശൈലിയില്‍ ഇംഗ്ലണ്ടിന്റെ പേസ്- സ്പിന്‍ ആക്രമണത്തെ തല്ലിച്ചതച്ച താരം അതിവേഗ ഫിഫ്റ്റിയും കുറിച്ചു. വെറും 48 ബോളുകള്‍ മാത്രമേ ഫിഫ്റ്റിയിലെത്താന്‍ സര്‍ഫറാസിനു വേണ്ടിവന്നുള്ളൂ. ഏഴു ഫോറും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്.

ക്രീസിലെത്തി വെറും 45 മിനിറ്റ് കൊണ്ടാണ് ഗാലറിയിരുന്ന പിതാവിനെയും ഭാര്യയെയും സാക്ഷിയാക്കി താരം ഫിഫ്റ്റി തികച്ചത്. 104.2 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം റണ്‍സ് വാരിക്കൂട്ടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം ഇന്ത്യന്‍ ഡ്രസിങ് റൂമിലുള്ളവര്‍ എഴുന്നേറ്റ് നിന്നു കൈയടിച്ചാണ് സര്‍ഫറാസിനെ അഭിനന്ദിച്ചത്.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പേരിലുള്ള വമ്പന്‍ റെക്കോര്‍ഡിനൊപ്പവും ഈ ഇന്നിങ്‌സോടെ സര്‍ഫറാസ് എത്തിയിരിക്കുകയാണ്. അരങ്ങേറ്റ ടെസ്റ്റില്‍ ഏറ്റവും വേഗയതയേറിയ ഫിഫ്റ്റിയെന്ന ഇന്ത്യന്‍ റെക്കോര്‍ഡ് നേരത്തേ ഹാര്‍ദിക്കിനു അവകാശപ്പെട്ടതായിരുന്നു. ഈ മല്‍സരത്തില്‍ സര്‍ഫറാസും ഈ റെക്കോര്‍ഡില്‍ പങ്കാളിയായിരിക്കുകയാണ്.
പക്ഷെ സര്‍ഫറാസിനു ഈ തീപ്പൊരി ഇന്നിങ്‌സ് സെഞ്ച്വറിയാക്കി മാറ്റാനുള്ള ഭാഗ്യമുണ്ടായില്ല. തീര്‍ത്തും നിര്‍ഭാഗ്യകരമായ രീതിയില്‍ വ്യക്തിഗത സ്‌കോര്‍ 62ല്‍ നില്‍ക്കവെ താരം പുറത്താവുകയായിരുന്നു. 66 ബോളുകള്‍ നേരിട്ട സര്‍ഫറാസിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
82ാം ഓവറിലായിരുന്നു കളിയുടെ ഗതിക്ക് വിപരീതമായുള്ള താരത്തിന്റെ അപ്രതീക്ഷിത പുറത്താവല്‍. സര്‍ഫറാസിന്റെ ഈ പുറത്താവലിന് യഥാര്‍ഥ കാരണം ബാറ്റിങ് പങ്കാളിയായ രവീന്ദ്ര ജഡേജയായിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സനെറിഞ്ഞ ഓവറിലെ അഞ്ചാമത്തെ ബോള്‍ നേരിട്ടത് ജഡ്ഡുവാണ്. അപ്പോള്‍ അദ്ദേഹം 99 റണ്‍സെടുത്തിരുന്നു.
ഷോട്ട് കളിച്ച ശേഷം ആദ്യം സിംഗിളിനു ജഡേജ യെസ് പറഞ്ഞതോടെ സര്‍ഫറാസും പ്രതികരിച്ചു. പക്ഷെ അല്‍പ്പം മുന്നോട്ടുവന്ന ശേഷം ജഡ്ഡു പിന്‍മാറുകയായിരുന്നു. ഇതു കണ്ട് ഞെട്ടിയ സര്‍ഫറാസ് തിരിഞ്ഞ് തന്റെ എന്‍ഡിലേക്കു ഓടാന്‍ ശ്രമിക്കുമ്പോഴേക്കും മാര്‍ക്ക് വുഡിന്റെ നേരിട്ടുള്ള ത്രോ സ്റ്റംപുകളില്‍ പതിച്ചിരുന്നു. ജഡേജയുടെ മുഖത്തേക്കു നിരാശയോടെ നോക്കി സര്‍ഫറാസിനു ക്രീസ് വിടേണ്ടി വരികയും ചെയ്യുകയായിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ടീമിന്റെ റണ്‍മെഷീനാണ് സര്‍ഫറാസ്. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ കഴിഞ്ഞ മൂന്ന്-നാലു വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ വാതിലില്‍ മുട്ടുകയാണ് താരം. പക്ഷെ സര്‍ഫറാസ് നിരന്തരം അവഗണിക്കപ്പെടുകയായിരുന്നു. ഒടുവില്‍ ഇംഗ്ലണ്ടുമായുള്ള ഈ പരമ്പരയില്‍ താരത്തിന്റെ സമയവും തെളിഞ്ഞു.
കഴിഞ്ഞ ടെസ്റ്റില്‍ അവസരം കിട്ടിയില്ലെങ്കിലും മൂന്നാം ടെസ്റ്റില്‍ ശ്രേയസ് അയ്യര്‍ക്കു പകരം സര്‍ഫറാസിനെ ഇന്ത്യ പരീക്ഷിക്കുകയായിരുന്നു. ഇത്രയും നാള്‍ തന്നെ അവഗണിച്ച ബിസിസിഐയ്ക്കും സെല്കര്‍മാര്‍ക്കും ബാറ്റ് കൊണ്ട് മറുപടി നല്‍കാന്‍ സര്‍ഫറാസിനു സാധിക്കുകയും ചെയ്തു.
അതേസമയം, ഇംഗ്ലണ്ടുമായുള്ള മൂന്നാം ടെസ്റ്റില്‍ ആദ്യദിനം അഞ്ചു വിക്കറ്റിനു 326 റണ്‍സെന്ന നിലയില്‍ അവസാനിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. സെഞ്ച്വറി തികച്ച രവീന്ദ്ര ജഡേജയ്‌ക്കൊപ്പം (110*) നൈച്ച് വാച്ച്മാനായി കുല്‍ദീപ് യാദവാണ് (1) ക്രീസിലുള്ളത്. ജഡ്ഡുവിനെക്കൂടാതെ നായകന്‍ രോഹിത് ശര്‍മയും (131) ഇന്ത്യക്കു വേണ്ടി സെഞ്ച്വറി കുറിച്ചിരുന്നു. യശസ്വി ജയ്‌സ്വാള്‍ (10), ശുഭ്മന്‍ ഗില്‍ (0), രജത് പാട്ടിധാര്‍ (5) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.