നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു യുവ മധ്യനിര ബാറ്റര്‍ സര്‍ഫറാസ് ഖാന് വിളിയെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടുമായി വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിലാണ് മുംബൈ ബാറ്റര്‍ക്കു ഇടം ലഭിച്ചിരിക്കുന്നത്. സര്‍ഫറാസിനെക്കൂടാതെ വാഷിങ്ടണ്‍ സുന്ദര്‍, മറ്റൊരു പുതുമുഖമായ സൗരഭ് കുമാര്‍ എന്നിവര്‍ക്കും രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പരിക്കു കാരണം കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ അടുത്ത ടെസ്റ്റില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്നാണ് പകരം മൂന്നു പേരെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹൈദരാബാദ് ടെസ്റ്റിലേറ്റ ഞെട്ടിക്കുന്ന പരാജയത്തിന്റെ ഷോക്കിലാണ് രോഹിത് ശര്‍മയും സംഘവും. ബാസ് ബോള്‍ ശൈലിയുടെ വക്താക്കളായ ഇംഗ്ലണ്ട് ഒരു ദിവസം ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ കഥ കഴിച്ചത്.

ആദ്യത്തെ രണ്ടു ദിനവും ഇന്ത്യ കളി നിയന്ത്രിച്ചപ്പോള്‍ അടുത്ത രണ്ടു ദിവസവും കളിയുടെ ചുക്കാന്‍ ഇംഗ്ലണ്ടിന്റെ പക്കലായിരുന്നു. 28 റണ്‍സിന്റെ ജയത്തോടെ അവര്‍ പരമ്പരയില്‍ 1-0നു മുന്നിലെത്തുകയും ചെയ്തു. ഇതോടെ വെള്ളിയാഴ്ച വിശാഖപട്ടണത്തു തുടങ്ങുന്ന അടുത്ത ടെസ്റ്റ് ഇന്ത്യക്കു നിര്‍ണായകമായിരിക്കുകയാണ്.
എന്തുവില കൊടുത്തും രോഹിത്തിനും സംഘത്തിനും ഈ ടെസ്റ്റില്‍ ജയിച്ചേ തീരൂ. ഇതിനായി ആദ്യ ടെസ്റ്റിലെ ടീമില്‍ ചില മാറ്റങ്ങള്‍ തീര്‍ച്ചയായും ഇന്ത്യ വരുത്തേണ്ടതുണ്ട്. രാഹുലും ജഡേജയും പുറത്തായതിനാല്‍ ഇവരുടെ പകരക്കാര്‍ പ്ലെയിങ് ഇലവനിലേക്കു വരും. രാഹുലിനു പകരം സര്‍ഫറാസിനു ഇന്ത്യ അടുത്ത ടെസ്റ്റില്‍ അരങ്ങേറാന്‍ അവസരം നല്‍കേണ്ടത് ആവശ്യമാണ്. ഇതിന്റ കാരണങ്ങളറിയാം.
സര്‍ഫറാസിനെക്കൂടാതെ രജത് പാട്ടിധര്‍, ധ്രുവ് ജുറേല്‍, സൗരഭ് എന്നിവരും ഇന്ത്യന്‍ ടീമിനൊപ്പം അരങ്ങേറ്റം കാത്തിരിക്കുകയാണ്. പക്ഷെ ഈ മൂന്നു പേരേക്കാള്‍ ആദ്യം ഇതിനു അര്‍ഹതയുള്ളത് സര്‍ഫറാസ് ആണെന്നതാണ് ആദ്യത്തെ കാരണം. 2019-20 സീസണ്‍ മുതല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വാതിലില്‍ മുട്ടുകയാണ് അദ്ദേഹം. പക്ഷെ ഓരോ തവണയും വ്യത്യസ്ത സെലക്ഷന്‍ കമ്മിറ്റികള്‍ സര്‍ഫറാസിനെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.
നാലു വര്‍ഷങ്ങള്‍ക്കു ശേഷം സര്‍ഫറാസ് കാത്തിരുന്ന ആ അപൂര്‍വ്വ നിമിഷം എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ കുപ്പായത്തില്‍ നന്നായി പെര്‍ഫോം ചെയ്യാനുള്ള വലിയ ആര്‍ത്തി അദ്ദേഹത്തിനുണ്ടാവുമെന്നുറപ്പമാണ്. ഇത്രയും നാള്‍ തന്നെ അവഗണിച്ചത് ശരിയായില്ലെന്നു സെലക്ടര്‍മാര്‍ക്കു കാണിച്ചു കൊടുക്കാന്‍ സര്‍ഫറാസ് തീര്‍ച്ചയായും ആഗ്രഹിക്കും. വിരാട് കോലിയുടെ അഭാവത്തില്‍ അടുത്ത ടെസ്റ്റില്‍ നാലാം നമ്പറില്‍ താരത്തെ ഇന്ത്യക്കു ഇറക്കാവുന്നതാണ്.
അവസാനമായി കളിച്ച മല്‍സരത്തില്‍ വലിയൊരു ഇന്നിങ്‌സുമായി കസറിയതിന്റെ ആത്മവിശ്വാസത്തിലാണ് സര്‍ഫറാസിന്റെ വരവ് എന്നതാണ് അദ്ദേഹം അരങ്ങേറേണ്ടതിന്റെ രണ്ടാമത്തെ കാരണം. ദിവസങ്ങള്‍ക്കു മുമ്പ് ഇംഗ്ലണ്ട് ലയണ്‍സുമായുള്ള രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യന്‍ എ ടീമിന്റെ ഹീറോയായിരുന്നു അദ്ദേഹം. ഇന്ത്യ ഉജ്ജ്വല ജയം കൊയ്ത മല്‍സരത്തില്‍ സര്‍ഫറാസായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്.
നാലാം നമ്പറില്‍ ഇറങ്ങിയ താരം 160 ബോളില്‍ അടിച്ചെടുത്തത് 161 റണ്‍സായിരുന്നു. 18 ഫോറുകളും അഞ്ചു സിക്‌സറുകളുമടക്കമായിരുന്നു ഇത്. മാത്യു പോട്‌സ്, ബ്രൈഡന് കാഴ്‌സെ, ടോം ലോവ്‌സ്, കല്ലം പാര്‍ക്കിന്‍സണ്‍ എന്നിവരുള്‍പ്പെടുന്ന ബൗളിങ് നിരയ്‌ക്കെതിരേയായിരുന്നു സര്‍ഫറാസ് തകര്‍ത്തടിച്ചത്.

ഈ കളിയിലെ പ്രകടനം താരത്തന്റെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇംഗ്ലീഷ് ബൗളര്‍മാരെ അടുത്ത ടെസ്റ്റില്‍ സര്‍ഫറാസ് പഞ്ഞിക്കിടാനുള്ള സാധ്യതയും കൂടുതലാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ ദീര്‍ഘകാലത്തേക്കു ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറുന്ന താരമായി സര്‍ഫറാസിനെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നതാണ് മൂന്നാമത്തെ കാരണം. സീനിയര്‍ താരങ്ങളായ ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരെ ടെസ്റ്റില്‍ നിന്നുമൊഴിവാക്കിയ ശേഷം മധ്യനിരയില്‍ ഇന്ത്യ പല യുവതാരങ്ങളെയും പരീക്ഷിച്ചെങ്കിലും അവര്‍ക്കൊന്നും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ല.
ശ്രേയസ് അയ്യര്‍ തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയെങ്കിലും ഇപ്പോള്‍ സ്ഥിരതയില്ലാത്ത പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. യുവതാരം ശുഭ്മന്‍ ഗില്ലും ടെസ്റ്റ് ഫോര്‍മാറ്റില്‍ തികഞ്ഞ പരാജയമാണ്. വൈകാതെ തന്നെ രണ്ടു പേരെയും ടെസ്റ്റ് ടീമില്‍ നിനന്നും ഇന്ത്യ ഒഴിവാക്കാന്‍ സാധ്യതയും കൂടുതലാണ്.
അതുകൊണ്ടു തന്നെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായി സര്‍ഫറാസിനെ ഇന്ത്യക്കു വളര്‍ത്തിയെടുക്കാന്‍ സാധിക്കും. ആഭ്യന്തര ക്രിക്കറ്റില്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതു ഇന്ത്യന്‍ കുപ്പായത്തിലും ആവര്‍ത്തിക്കാന്‍ സര്‍ഫറാസിനു കഴിഞ്ഞേക്കും.