ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നത് യുവ താരം സര്‍ഫറാസ് ഖാനാണ്. ഇംഗ്ലണ്ടിനെതിരേ രാജ്‌കോട്ടില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെ അരങ്ങേറിയ ഈ 26കാരന് തന്റെ പ്രതിഭ തെളിയിക്കാന്‍ ഒരൊറ്റ ഇന്നിങ്‌സ് മാത്രമേ വേണ്ടിവന്നുള്ളൂ. തുടക്കക്കാരന്റെ യാതൊരു പരിഭ്രമമോ, ടെന്‍ഷനോയില്ലാതെ ഇംഗ്ലീഷ് ബൗളിങിനു മേല്‍ സര്‍ഫറാസ് കത്തിക്കയറുകയായിരുന്നു. വെറും 48 ബോളില്‍ താരം അരങ്ങേറ്റത്തില്‍ തന്നെ ഫിഫ്റ്റിയടിച്ചവരുടെ എലൈറ്റ് ക്ലബ്ബില്‍ ഇടംപിടിക്കുകയും ചെയ്തു.
തുടര്‍ന്നും ആത്മവിശ്വാസത്തോടെ തന്നെ കളിച്ച സര്‍ഫറാസ് വ്യക്തിഗത സ്‌കോര്‍ 62ല്‍ നില്‍ക്കെ റണ്ണൗട്ടാവുകയുമായിരുന്നു. വെറും 66 ബോളില്‍ നിന്നും ഒമ്പതു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. ആഭ്യന്തര ക്രിക്കറ്റില്‍ എന്തുകൊണ്ടാണ് ഇത്രയുമധികം റണ്‍സ് താന്‍ വാരിക്കൂട്ടിയതെന്നു സര്‍ഫറാസ് ഈ പ്രകടനത്തിലൂടെ കാണിച്ചു തരികയും ചെയ്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റണ്‍മെഷീന്‍ തന്നെയാണ് ഈ താരം. സര്‍ഫറാസിനെക്കുറിച്ച് അടുത്തറിയാം.

1997 ഒക്ടോബര്‍ 27നു മുംബൈയിലാണ് നൗഷാദ് ഖാന്‍- തബസും ഖാന്‍ എന്നിവരുടെ മകനായി സര്‍ഫറാസ് ജനിച്ചത്. പാണ്ടയെന്നു വിളിപ്പേരുള്ള താരത്തിന്റെ ഉയരം അഞ്ചടി അഞ്ചിഞ്ചാണ് (165 cm). 97 എന്ന ജഴ്‌സി നമ്പറാണ് സര്‍ഫറാസ് തിരഞ്ഞെടുത്തിരിക്കുന്നത്. അതിനൊരു കാരണം കൂടിയുണ്ട്. ഹിന്ദിയില്‍ നൗ, സാത്ത് എന്നിങ്ങനെയാണ് ഈ നമ്പറുകള്‍ വായിക്കുക. പിതാവിന്റെ പേരായ നൗഷാദുമായി ഇതു സാമ്യം പുലര്‍ത്തുകയും ചെയ്യുന്നതിനാലാണ് സര്‍ഫറാസ് ഈ നമ്പര്‍ തിരഞ്ഞെടുത്തത്.
ജമ്മു കാശ്മീരില്‍ നിന്നുള്ള റൊമാന സഹൂറിനെയാണ് സര്‍ഫറാസ് വിവാഹം കഴിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരുന്നു റൊമാനയെ താരം മിന്നുചാര്‍ത്തിയത്. ക്രിക്കറ്ററായ മുഷീര്‍ ഖാനാണ് സര്‍ഫറാസിന്റെ സഹോദരന്‍. അടുത്തിടെ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ റണ്ണറപ്പായ ടീമിന്റെ ഭാഗമായിരുന്നു താരം. രണ്ടു സെഞ്ച്വറിയടക്കം നേടിയ മുഷീര്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.
ചില വമ്പന്‍ റെക്കോര്‍ഡുകള്‍ക്കു അവകാശി കൂടിയാണ് സര്‍ഫറാസ്. ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള റെക്കോര്‍ഡ് തകര്‍ത്തിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. മുംബൈയിലെ ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റായ ഹാരിസ് ഷീല്‍ഡില്‍ 439 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ നേടിയാണ് 12ാം വയസ്സില്‍ സര്‍ഫറാസ് ചരിത്രം കുറിച്ചത്. നേരത്തേ സച്ചിന്റെ പേരിലായിരുന്ന റെക്കോര്‍ഡ് ഇതോടെ പങ്കഥയാവുകയുമായിരുന്നു.
ഐപിഎല്ലില്‍ കളിച്ചിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും സര്‍ഫറാസിനു സ്വന്തമാണ്. 17ാം വയസ്സിലാണ് താരം ഐപിഎല്ലില്‍ അരങ്ങേറിയത്. കൂടാതെ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയിട്ടുള്ള താരമെന്ന റെക്കോര്‍ഡും സര്‍ഫറാസിനാണ്. ഏഴു ഫിഫ്റ്റികളാണ് ടൂര്‍ണമെന്റില്‍ താരം കുറിച്ചത്.

സര്‍ഫറാസ് ഖാന്റെ ഫേവറിറ്റുകളിലേക്കു വന്നാല്‍ അദ്ദേഹത്തിനു ഏറ്റവും പ്രിയപ്പെട്ട ഷോട്ട് സ്‌ട്രെയ്റ്റ് ഡ്രൈവാണ്. ഫേവറിറ്റ് ബാറ്റര്‍മാരെയെടുത്താല്‍ അതില്‍ അഞ്ചു പേരുണ്ടെന്നു കാണാം. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ബാറ്റര്‍ എബി ഡിവില്ലിയേഴ്‌സ്, വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ മുന്‍ സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍ എന്നിവരാണിത്.
ബൗളര്‍മാരില്‍ സര്‍ഫറാസിന്റെ ഫേവറിറ്റ് ഓസ്‌ട്രേലിയുടെ ഇടംകൈയന്‍ സൂപ്പര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണ്. പ്രിയപ്പെട്ട ഭക്ഷണത്തിലേക്കു വന്നാല്‍ മാങ്ങയാണ് സര്‍ഫറാസിന്റെ ഫേവറിറ്റ്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം അല്‍പ്പം വൈകിപ്പോയെങ്കിലും സര്‍ഫറാസ് വരുമാനത്തിന്റെ കാര്യത്തില്‍ അത്ര മോശക്കാരനല്ല. പ്രതിവര്‍ഷം ഒരു കോടി മുതല്‍ രണ്ടു കോടി രൂപ വരെയാണ് താരത്തിന്റെ സമ്പാദ്യം. രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി കളിച്ചാല്‍ ഒരു ദിവസം താരത്തിനു പ്രതിഫലമായി ലഭിക്കുന്നത് 40,000 രൂപയാണ്.
വിജയ് ഹസാരെ ട്രോഫിയിലാവട്ടെ ഒരു ദിവസത്തെ പ്രതിഫലം 25,000 രൂപയുമാണ്. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒരു മല്‍സരം കളിച്ചാല്‍ സര്‍ഫറാസിനു ലഭിക്കുന്നത് 17,500 രൂപയാണ്. ഐപിഎല്ലില്‍ നിലവില്‍ ഒരു ടീമിന്റെയും ഭാഗമല്ല അദ്ദേഹം. ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും ഒഴിവാക്കപ്പെട്ട സര്‍ഫറാസിനെ കഴിഞ്ഞ ലേലത്തില്‍ ഒരു ടീമും വാങ്ങാന്‍ തയ്യാറായിരുന്നില്ല.