Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: പരിക്ക് വിടാതെ രാഹുല്‍, 3ാം ടെസ്റ്റില്‍ 4 മാറ്റങ്ങള്‍ക്ക് ഇന്ത്യ- 2 പേര്‍ക്ക് അരങ്ങേറ്റം

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് 15ന് ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് നിരാശ നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കെ എല്‍ രാഹുല്‍ മൂന്നാം ടെസ്റ്റ് കളിക്കുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നതെങ്കിലും പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താത്ത രാഹുലിന് കൂടുതല്‍ വിശ്രമം വേണമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ മൂന്നാം മത്സരത്തിലും രാഹുല്‍ കളിക്കില്ലെന്നുറപ്പായിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന റിപ്പോര്‍ട്ടാണിത്.

വിരാട് കോലിയുടെ അഭാവത്തില്‍ രാഹുലിന്റെ തിരിച്ചുവരവില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ചിരുന്നു. എന്നാല്‍ രാഹുല്‍ കളിക്കില്ലെന്ന്് ഉറപ്പായതോടെ നാല് മാറ്റങ്ങള്‍ക്ക് ഇന്ത്യ നിര്‍ബന്ധിതരായിരിക്കുകയാണ്. ശ്രേയസ് അയ്യരെ ഇന്ത്യ തഴയുകയും ചെയ്തതോടെ കൂടുതല്‍ യുവത്വം തുളുമ്പുന്ന ടീമായി ഇന്ത്യക്ക് മാറേണ്ടി വരും. മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പ്ലേയിങ് 11ല്‍ വരുത്താന്‍ സാധ്യതയുള്ള നാല് മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ ഇന്ത്യ ദേവ്ദത്ത് പടിക്കലിനെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുന്നുണ്ടെങ്കിലും ദേവ്ദത്തിന് അരങ്ങേറ്റം നടത്താന്‍ അവസരം ലഭിച്ചേക്കില്ല. നാലാം നമ്പറില്‍ രാഹുലിന് പകരം സര്‍ഫറാസ് ഖാനാവും പ്ലേയിങ് 11ലേക്കെത്തുക. വലം കൈയന്‍ സൂപ്പര്‍ താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരം രണ്ടാം ടെസ്റ്റില്‍ ഫീല്‍ഡ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.

ഇന്ത്യക്കായി കളിക്കാന്‍ ഏറെ നാളായി കാത്തിരിക്കുന്ന സര്‍ഫറാസിന് ഇത്തവണ അവസരം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ശ്രേയസ് അയ്യരുടെ അഭാവത്തില്‍ രജത് പാട്ടീധാര്‍ പ്ലേയിങ് 11ല്‍ തുടരും. രണ്ടാം ടെസ്റ്റില്‍ താരം കളിച്ചെങ്കിലും ബാറ്റുകൊണ്ട് കാര്യമായ പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല. അതുകൊണ്ടുതന്നെ മൂന്നാം ടെസ്റ്റ് അദ്ദേഹത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. രജത്തിന് തിളങ്ങാനാവുമോയെന്നത് കണ്ടറിയാം.

dhruv jurel

മോശം ഫോമിലായിരുന്ന വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത്തിനെ ഇന്ത്യ ടീമില്‍ നിലനിര്‍ത്തിയെങ്കിലും കളിപ്പിക്കില്ലെന്ന് ഉറപ്പാണ്. ദ്രുവ് ജുറേലിന് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കുമെന്നാണ് വിവരം. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന ജുറേല്‍ വിക്കറ്റിന് പിന്നില്‍ എത്രത്തോളം മികവ് കാട്ടുമെന്നതാണ് കണ്ടറിയേണ്ടത്. ആര്‍ അശ്വിന്റെയും രവീന്ദ്ര ജഡേജയുടേയും പന്തുകള്‍ കീപ്പ് ചെയ്യുക ജുറേലിനെ സംബന്ധിച്ച് വളരെ പ്രയാസമായിരിക്കും.

ഇന്ത്യ എ ടീമിനൊപ്പവും ആഭ്യന്തര ക്രിക്കറ്റിലും ബാറ്റുകൊണ്ട് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ ജുറേലിന് സാധിച്ചിരുന്നു. രവീന്ദ്ര ജഡേജ പ്ലേയിങ് 11ലേക്ക് തിരിച്ചെത്തുമ്പോള്‍ കുല്‍ദീപ് യാദവ് പുറത്തിരിക്കേണ്ടി വരും. രണ്ടാം ടെസ്റ്റില്‍ കുല്‍ദീപ് തിളങ്ങിയിരുന്നു. ഇന്ത്യയുടെ ബൗളിങ് നിരയില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ കഴിവുള്ള താരമാണ് കുല്‍ദീപ്. എന്നാല്‍ ബാറ്റിങ് കരുത്ത് വിലയിരുത്തുമ്പോള്‍ ഇന്ത്യ അക്ഷര്‍ പട്ടേലിന് തന്നെ മുന്‍തൂക്കം നല്‍കിയേക്കും. അതുകൊണ്ടുതന്നെ കുല്‍ദീപ് പുറത്തിരിക്കുമെന്നുറപ്പ്.

ഇന്ത്യ പേസ് നിരയിലും ഒരു മാറ്റം വരുത്തിയേക്കും. മുകേഷ് കുമാറിന് പകരം മുഹമ്മദ് സിറാജ് പ്ലേയിങ് 11ലേക്ക് തിരിച്ചെത്തിയേക്കും. രണ്ടാം ടെസ്റ്റില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് മുകേഷ് കുമാര്‍ കാഴ്ചവെച്ചത്. രണ്ടാം ടെസ്റ്റ് കളിക്കാതിരുന്ന മുഹമ്മദ് സിറാജ് തിരിച്ചെത്തുമ്പോള്‍ മുകേഷ് പുറത്തിരിക്കും. ജസ്പ്രീത് ബുംറ പേസ് നിരയില്‍ മികവ് കാട്ടുമ്പോള്‍ ഇന്ത്യയുടെ മറ്റൊരു പേസര്‍ക്കും കാര്യമായ മികവ് കാട്ടാനാവുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

നിലവില്‍ ഇരു ടീമും ഓരോ മത്സരങ്ങള്‍ ജയിച്ച് പരമ്പരയില്‍ തുല്യരായി നില്‍ക്കുകയാണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ഇരു ടീമിനും നിര്‍ണ്ണായകമാണ്. ആതിഥേയരെന്ന നിലയില്‍ പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്ക് പൊരുതേണ്ടതായുണ്ട്. നായകനെന്ന നിലയില്‍ രോഹിത്തിന് മുന്നിലുള്ളത് വലിയ വെല്ലുവിളിയാണെന്ന് പറയാം.

Story first published: Monday, February 12, 2024, 22:14 [IST]
Other articles published on Feb 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+