കൊല്‍ക്കത്ത: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടി20 പോരാട്ടം അടുത്തയാഴ്ച കൊല്‍ക്കത്തിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കെ മിന്നിക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് മലയാളി താരം സഞ്ജു സാംസണ്‍. ബുധനാഴ്ച രാത്രിയാണ് ആദ്യ ടി20 പോരാട്ടം നടക്കാനിരിക്കുന്നത്. ഈ മല്‍സരത്തില്‍ ഇന്ത്യയുടെ ഓപ്പണറും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും സഞ്ജുവായിരിക്കുമെന്നു ഉറപ്പായിക്കഴിഞ്ഞു. അഭിഷേക് ശര്‍മയ്‌ക്കൊപ്പമാണ് അദ്ദേഹം ഓപ്പണിങില്‍ എത്തുക.
സഞ്ജുവിന്റെ നല്ല കാലം തീരും? ഇഷാന്റെ ഗതിയാവും!! വരാനിരിക്കുന്നത് ഈ തിരിച്ചടികള്‍
അവസാനമായി കളിച്ച രണ്ടു ടി20 പരമ്പരകളിലും ഓപ്പണറായി കസറിയ സഞ്ജു ഇനി ഇംഗ്ലണ്ടിനെതിരേയും ഇതാവര്‍ത്തിക്കാന്‍ സജ്ജനായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി കഠിനമായി പരിശീലനത്തിലാണ് അദ്ദേഹം. ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സിന്റെ ഗ്രൗണ്ടില്‍ സഞ്ജുവിന്റെ ഒരു തീപ്പൊരി സിക്സറിന്റെ വീഡിയോ ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്.

ഇടിവെട്ട് ഷോട്ട്
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി സഞ്ജു സാംസണ്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജസ്ഥാന്‍ റോയല്‍സിന്റെ അക്കാദമിയിലുണ്ട്. ടീമിന്റെ മുഖ്യ കോച്ച് കൂടിയായ ഇന്ത്യയുടെ മുന്‍ ഇതിഹാസ ബാറ്റര്‍ രാഹുല്‍ ദ്രാവിഡിന്റെ മേല്‍നോട്ടത്തിലാണ് അദ്ദേഹത്തിന്റെ ബാറ്റിങ് പരിശീലനം.
ഇതാദ്യമായിട്ടല്ല റോയല്‍സ് അക്കാദമിയില്‍ ദ്രാവിഡിനു കീഴില്‍ സഞ്ജു പരിശീലിക്കുന്നത്. നേരത്തേ ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പരയ്ക്കു മുമ്പും അദ്ദേഹം ഇവിടെയത്തി പരിശീലിച്ചിരുന്നു.
എച്ച്പിസിയിലെ റോയല്‍സ് ക്യാംപില്‍ നിന്നുള്ള സഞ്ജുവിന്റെ ഒരു ബാറ്റിങ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഫാസ്റ്റ് ബൗളര്‍ക്കെതിരേ അപാരമായ ടൈമിങിലൂടെ അദ്ദേഹം ബോള്‍ സിക്‌സറിലേക്കു പായിക്കുന്നത് ഈ വീഡിയോയില്‍ കാണാം.
റോയല്‍സ് ക്യാംപിലെ നെറ്റ്‌സില്‍ സഞ്ജുവിന്റെ സിക്‌സര്‍, വീഡിയോ കാണാം
ക്യാംപിലെ ഫാസ്റ്റ് ബൗളര്‍ക്കെതിരേയായിരുന്നു ഇത്. അരക്കെട്ടിനേക്കാള്‍ മുകളില്‍ വന്ന ഒരു ബോളായിരുന്നു ബൗളര്‍ പരീക്ഷിച്ചത്. പക്ഷെ സഞ്ജു നിന്നയിടത്തു നിന്നും ഇതിനെ സിക്‌സറിലേക്കു പറത്തുകയായിരുന്നു. അപാരമായ ഫോമിലാണ് അദ്ദേഹം ഇപ്പോഴുള്ളതെന്നു വ്യക്തമാവാന്‍ ഈ ഷോട്ട് കണ്ടാല്‍ മാത്രം മതി. ഇംഗ്ലണ്ടിനെതിരേ വലിയൊരു റണ്‍വേട്ടയ്ക്കു താന്‍ തയ്യാറായിക്കഴിഞ്ഞെന്നുള്ള മുന്നറിയിപ്പ് കൂടിയാണ് സഞ്ജു ഇതിലൂടെ നല്‍കുന്നത്.
മാരക ഫോമില്‍
കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് സഞ്ജു സാംസണ്‍ ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. ഗൗതം ഗംഭീര്‍ മുഖ്യ കോച്ചും സൂര്യകുമാര്‍ യാദവ് സ്ഥിരം ടി20 ക്യാപ്റ്റനുമായതിനു ശേഷം വലിയ പിന്തുണയാണ് അദ്ദേഹത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. സഞ്ജുവിന്റെ കഴിവില്‍ പൂര്‍ണ വിശ്വാസമുള്ളവരാണ് രണ്ടു പേരും. അതുകൊണ്ടു തന്നെ എന്തു സംഭവിച്ചാലും തങ്ങളുടെ പിന്തുണ ഉറപ്പായുമുണ്ടാവുമെന്നു ഗംഭീറും സൂര്യയെ അദ്ദേഹത്തെ അറിയിച്ചു കഴിഞ്ഞു.

മാത്രമല്ല ടി20 ടീമിലെ റോളിനെക്കുറിച്ചും ഇവര്‍ സഞ്ജുവിനു കൃത്യമായ ധാരണയും നല്‍കിയിട്ടുണ്ട്. ഇതു മലയാളി താരത്തിനു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയും ചെയ്തു. മുന്‍ കോച്ചുമാര്‍ക്കു കീഴില്‍ കൃത്യമായൊരു ബാറ്റിങ് പൊസിഷന്‍ സഞ്ജുവിനു ഇല്ലായിരുന്നു. ഇതു കാരണം അദ്ദേഹത്തിനു വേണ്ട രീതിയില്‍ തയ്യാറെടുപ്പ് നടത്താനും കഴിഞ്ഞില്ല. പക്ഷെ ഓപ്പണറായി തന്നെ കളിപ്പിക്കുമെന്നു പുതിയ ടീം മാനേജ്‌മെന്റ് അറിയിച്ചതോടെ സഞ്ജുവിനു കാര്യങ്ങള്‍ എളുപ്പമായി മാറി.
തുടര്‍ച്ചയായി മൂന്നാമത്തെ ടി20 പരമ്പരയിലാണ് അദ്ദേഹം ഓപ്പണിങില്‍ ഇറങ്ങുന്നത്. ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവരുമായുള്ള അവസാനത്തെ രണ്ടു ടി20 പരമ്പരകളിലും അദ്ദേഹത്തിനു ഇതേ റോള്‍ തന്നെയായിരുന്നു. ഓപ്പണിങ് റോളില്‍ താരം മിന്നിക്കുകയും ചെയ്തു. ബംഗ്ലാദശുമായുള്ള പരമ്പരയില്‍ കന്നി ടി20 സെഞ്ച്വറി കുറിച്ച സഞ്ജു പിന്നീട് സൗത്താഫ്രിക്കയുമായുള്ള നാലു മല്‍സരങ്ങളുടെ പരമ്പരയില്‍ രണ്ടു സെഞ്ച്വറികള്‍ കൂടി കണ്ടെത്തുകയും ചെയ്തു.