പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര പുരോഗമിക്കവെ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. അഞ്ച് മത്സര പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് പരമ്പരയില്‍ മുന്നിലാണ്. നാലാം മത്സരം പൂനെയില്‍ നടക്കാനൊരുങ്ങവെ ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ വിശ്വാസം നഷ്ടമായിരിക്കുകയാണെന്ന് പറയാം. ഇന്ത്യയുടെ പല പ്രധാന താരങ്ങളും നിരാശപ്പെടുത്തുകയാണ്. ഇതില്‍ എടുത്തു പറയേണ്ടത് സഞ്ജു സാംസണിന്റെ പ്രകടനമാണ്.
ബംഗ്ലാദേശിനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും സെഞ്ച്വറികളോടെ കസറിയ സഞ്ജുവില്‍ വലിയ പ്രതീക്ഷയായിരുന്നു ടീമിനുണ്ടായിരുന്നത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ സഞ്ജുവിന്റെ കണക്കുകൂട്ടല്‍ പാളി. ജോഫ്രാ ആര്‍ച്ചറിനെതിരേ തുടര്‍ച്ചയായി സഞ്ജു പുറത്താവുകയാണ്. ഷോര്‍ട്ട് ബോള്‍ കെണിയിലാണ് സഞ്ജുവിന്റെ വിക്കറ്റ് നഷ്ടമാവുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ സഞ്ജു നടത്തിയ ശ്രമങ്ങളെല്ലാം പാളിയിരിക്കുകയാണ്.
ആര്‍ച്ചറുടെ അതിവേഗ പന്തുകളെ നേരിടാന്‍ പ്ലാസ്റ്റിക് പന്തിലടക്കം സഞ്ജു പരിശീലനം നടത്തിയെങ്കിലും ഇതൊന്നും മത്സരത്തില്‍ സഞ്ജുവിനെ സഹായിച്ചില്ല. നാലാം ടി20 പൂനെയില്‍ നടക്കാനിരിക്കെ സഞ്ജു ഇനി എന്ത് ചെയ്യുമെന്നതാണ് പ്രധാന ചോദ്യം.
സഞ്ജുവിന് മുകളില്‍ വലിയ സമ്മര്‍ദ്ദം
പ്ലാസ്റ്റിക് ബോളിലെ സഞ്ജു സാംസണിന്റെ പരിശീലനവും താരത്തിന് ഗുണം ചെയ്തില്ല. മൂന്നാം ടി20യിലും ആര്‍ച്ചറിന്റെ ഷോര്‍ട്ട് ബോള്‍ കെണിയില്‍ സഞ്ജു പുറത്താവുകയായിരുന്നു. ഇതോടെ വലിയ സമ്മര്‍ദ്ദത്തിലാവും സഞ്ജു നാലാം ടി20ക്ക് ഇറങ്ങുകയെന്നുറപ്പാണ്. സഞ്ജുവിനെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റാനുള്ള ആലോചനകളും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിവേഗ പേസില്‍ സഞ്ജു പതറുന്ന സാഹചര്യത്തില്‍ സഞ്ജുവിനെ നാലാം നമ്പറിലേക്ക് മാറ്റാണ് ഇന്ത്യയുടെ നീക്കം.

സഞ്ജു ഷോര്‍ട്ട് ബോളില്‍ പുള്‍ഷോട്ടാണ് നാലാം മത്സരത്തിന് മുമ്പായി പരിശീലനം നടത്തിയത്. തന്റെ ദൗര്‍ബല്യം തിരിച്ചറിഞ്ഞ് സഞ്ജു കഠിനമായിത്തന്നെ ഷോര്‍ട്ട് ബോളില്‍ പുള്‍ഷോട്ട് പരിശീലനം നടത്തുന്നുണ്ട്. സഞ്ജുവിന് വരുന്ന രണ്ട് മത്സരങ്ങളും വളരെ നിര്‍ണ്ണായകമാണ്. ഇതിലും നിരാശപ്പെടുത്തിയാല്‍ സഞ്ജുവിനെ ടീമില്‍ നിന്ന് തഴഞ്ഞാലും അത്ഭുതപ്പെടാനാവില്ല. ഗൗതം ഗംഭീറും സൂര്യകുമാര്‍ യാദവും സഞ്ജുവിന് പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍ മോശം ഫോമില്‍ തുടര്‍ന്നാല്‍ തഴയാന്‍ അവരും നിര്‍ബന്ധിതരാവും.
സഞ്ജുവിന് പിഴക്കുന്നത് എവിടെ?
സഞ്ജു സാംസണിന് പിഴക്കുന്നത് ഷോട്ട് തിരഞ്ഞെടുപ്പിലാണെന്നാണ് പ്രമുഖരടക്കം അഭിപ്രായപ്പെടുന്നത്. സഞ്ജു സാംസണ്‍ ക്രീസിനെ നന്നായി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ബംഗ്ലാദേശിനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ഈ തന്ത്രം ഫലം കണ്ടിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ സഞ്ജുവിന്റെ ഈ ശ്രമം പാളി. അതിന് കാരണം ഇംഗ്ലണ്ട് താരങ്ങളുടെ അതിവേഗ പേസാണ്. ജോഫ്രാ ആര്‍ച്ചറും മാര്‍ക്ക് വുഡും 145ന് മുകളില്‍ വേഗത്തിലാണ് പന്തെറിയുന്നത്.
ഷോര്‍ട്ട് ബോളുകളില്‍ സഞ്ജു ബാക് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിക്കുമ്പോള്‍ കൃത്യമായ ടൈമിങ് ലഭിക്കുന്നില്ല. അങ്ങനെ വരുമ്പോള്‍ ക്യാച്ചൗട്ടായി പുറത്താവുന്നു. സഞ്ജു ആര്‍ച്ചറെ നേരിടുമ്പോള്‍ കൂടുതലും ക്രീസില്‍ നിന്ന് കളിക്കുന്നതാണ് നല്ലത്. സഞ്ജു പുള്‍ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ കട്ട് ഷോട്ടുകള്‍ക്ക് ശ്രമിക്കണമെന്നാണ് കെവിന്‍ പീറ്റേഴ്‌സണടക്കം ഉപദേശിക്കുന്നത്. നിലവിലെ സഞ്ജുവിന്റെ ഷോട്ട് തിരഞ്ഞെടുപ്പില്‍ പോരായ്മയുണ്ടെന്ന് നിസംശയം പറയാം.
സഞ്ജുവിനെ മാത്രം വേട്ടയാടരുത്
ഇന്ത്യയുടെ ബാറ്റിങ് നിരയിലെ മോശം പ്രകടനത്തിന്റെ പേരില്‍ സഞ്ജു സാംസണിനെ മാത്രം വേട്ടയാടരുതെന്ന് പറയാം. സഞ്ജുവിനെക്കാള്‍ നിരാശപ്പെടുത്തുന്നത് നായകന്‍ സൂര്യകുമാര്‍ യാദവാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിക്കുന്ന സൂര്യക്ക് വലിയ സ്‌കോര്‍ നേടാനാവുന്നില്ല. അഭിഷേക് ശര്‍മ ഒരു ഫിഫ്റ്റി നേടിയെങ്കിലും കഴിഞ്ഞ രണ്ട് മത്സരത്തിലും ഫ്‌ളോപ്പാണ്. മധ്യനിരയിലെ താരങ്ങളും ലോക തോല്‍വികളാണ്. അതുകൊണ്ടുതന്നെ സഞ്ജുവിനെ മാത്രം ഒതുക്കാന്‍ ശ്രമിച്ചാല്‍ അത് അനീതിയാവും. എന്തായാലും അടുത്ത രണ്ട് മത്സരത്തില്‍ കൂടി സഞ്ജുവിനെ ഗംഭീര്‍ പിന്തുണക്കുമെന്ന കാര്യം ഉറപ്പാണ്.