Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇംഗ്ലണ്ടിനെ തകര്‍ത്തു, പക്ഷെ സന്തോഷിക്കാന്‍ വരട്ടെ!! ഈ 3 കാര്യങ്ങള്‍ തലവേദന

ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പര ആധികാരികമായി തന്നെ സ്വന്തമാക്കി ഈ ഫോര്‍മാറ്റില്‍ തങ്ങളുടെ ആധിപത്യം ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് ടീം ഇന്ത്യ. അഞ്ചു മല്‍സരങ്ങളുടെ പരമ്പര 4-1നാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. മൂന്നാമങ്കം ഇംഗ്ലണ്ട് നേടിയതൊഴിച്ചാല്‍ ബാക്കിയുള്ള മല്‍സരങ്ങളിലെല്ലാം സൂര്യകുമാര്‍ യാദവും സംഘവും ഇംഗ്ലണ്ടിനെ തീര്‍ക്കുകയായിരുന്നു.

അഭിഷേക് ശര്‍മയുടെയും വരുണ്‍ ചക്രവര്‍ത്തിയുടെയും മിന്നുന്ന ഫോമുള്‍പ്പെടെ ഈ പരമ്പരയില്‍ പല പോസിറ്റീവുകളും ഇന്ത്യന്‍ ടീമിനുണ്ട്. എന്നാല്‍ അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ചില ആശങ്കകളും ഇന്ത്യക്കുണ്ടെന്നതാണ് യാഥാര്‍ഥ്യം. ടി20 പരമ്പരയ്ക്കു ശേഷം ഇന്ത്യയെ വലയ്ക്കുന്ന മൂന്നു പ്രധാനപ്പെട്ട ആശങ്കകള്‍ എന്തൊക്കെയെന്നു നോക്കാം.

SANJU SAMSON

സഞ്ജുവിന്റെ പുതിയ വീക്ക്‌നെസ്

ഇംഗ്ലണ്ടുമായുള്ള ഈ പരമ്പരയ്ക്കു മുമ്പ് വരെ ടി20യില്‍ ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനവും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റോളുമെല്ലാം ഏറെക്കുറെ ഉറപ്പിച്ച താരമായിരുന്നു സഞ്ജു സാംസണ്‍. എന്നാല്‍ ടി20 പരമ്പര കഴിഞ്ഞതോടെ ചിത്രം മാറിയിരിക്കുകയാണ്. സഞ്ജുവിനു പകരം മറ്റൊരു ഓപ്പണറായ അഭിഷേക് ശര്‍മയാണ് ടീമിലെ സ്ഥാനം ഭദ്രമാക്കിയത്.

സഞ്ജുവിന്റെ പുതിയൊരു വീക്ക്‌നെസും ഈ പരമ്പരയിലൂടെ തുറന്നു കാണിക്കപ്പെട്ടു. ശരീരം ലക്ഷ്യമിട്ടുള്ള വേഗമേറിയ ഷോര്‍ട്ട് ബോളുകള്‍ കളിക്കാന്‍ തനിക്കറിയില്ലെന്നാണ് അദ്ദേഹം കാണിച്ചു തന്നിരിക്കുന്നത്. അഞ്ചു മല്‍സരങ്ങളിലും ഇതേ ബോളില്‍ പുള്‍ ഷോട്ടിനു ശ്രമിച്ച് താരം വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു.

ഇതോടെ ടി20യില്‍ മറ്റൊരു സ്ഥിരം വിക്കറ്റ് കീപ്പറെ ഇനി തിരയേണ്ടി വരുമോെയന്നാണ് കോച്ച് ഗൗതം ഗംഭീര്‍ ആലോചിക്കുന്നത്. നേരത്തേ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായിരുന്ന റിഷഭ് പന്തിനെ ഒഴിവാക്കിയാണ് തനിക്കു പ്രിയപ്പെട്ട സഞ്ജുവിനെ ഗംഭീര്‍ ടി20 ടീമിലേക്കു കൊണ്ടുവന്ന് തുടരെ അവസരങ്ങളും നല്‍കിക്കൊണ്ടിരുന്നത്.

പക്ഷെ കരുത്തരായ ഇംഗ്ലണ്ടിനെതിരേ കോച്ച് തന്നിലര്‍പ്പിച്ച വിശ്വാസം കാക്കാന്‍ അദ്ദേഹത്തിനായില്ല. ഇനി വരാനിരിക്കുന്ന പരമ്പരകളിലും സഞ്ജുവിന്റെ ഈ ദൗര്‍ബല്യം മുതലാക്കാന്‍ മറ്റു ടീമുകളും ശ്രമിക്കുമെന്നുറപ്പാണ്. അതിനാല്‍ ഇതു മറികടക്കാന്‍ പുതിയൊരു ഗെയിം പ്ലാന്‍ അദ്ദേഹം തയ്യാറാക്കിയേ തീരൂ.

യുവതാരങ്ങളുടെ പ്രകടനം

അടുത്ത പത്തു വര്‍ഷത്തേക്കു ടി20യില്‍ ഇന്ത്യന്‍ ടീമിലെ നിര്‍ണായക താരങ്ങളായി മാറുമെന്നു വിലയിരുത്തപ്പെടുന്നവരാണ് ധ്രുവ് ജുറേല്‍, വാഷിങ്ടണ്‍ സുന്ദര്‍, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി തുടങ്ങിയവര്‍. പക്ഷെ ഇവര്‍ക്കു ആര്‍ക്കും തന്നെ ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നതാണ് ഇന്ത്യയുടെ രണ്ടാമത്തെ ആശങ്ക.

ജുറേലിനെ ഈ പരമ്പരയില്‍ അദ്ദേഹത്തിനു യോജിക്കാത്ത പൊസിഷനിലാണ് ഇന്ത്യ പരീക്ഷിച്ചത്. മൂന്നാം ടി20യില്‍ എട്ടാം നമ്പറിലായിരുന്നു താരത്തെ ഇറക്കിയത്. ഇതിനു ശേഷം ടീമില്‍ നിന്നൊഴിവാക്കുകയും ചെയ്തു. വാഷിഷ്ടണാവട്ടെ ബാറ്റിങിലും ബൗളിങിലും ടീമില്‍ ഒട്ടും യോജിക്കാത്തതു പോലെയാണ് കാണപ്പെട്ടത്. ഒടുവില്‍ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടു.

എന്നാല്‍ റിങ്കുവിന്റെയും നിതീഷിന്റെയും കാര്യമെടുത്താല്‍ രണ്ടു പേര്‍ക്കും പരിക്കേറ്റിരുന്നതായി കാണാം. നാലാം ടി20യില്‍ റിങ്കു ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും മറ്റു രണ്ടു ടി20കളില്‍ ബാറ്റിങില്‍ കാര്യമായൊന്നും ചെയ്യാനുമായില്ല. ആദ്യ കളിക്കിടെ പരിക്കേറ്റ നിതീഷിനു ശേഷിച്ച നാലു മല്‍സരങ്ങളില്‍ നിന്നും പിന്‍മാറേണ്ടിയും വരികയായിരുന്നു.

SURYAKUMAR YADAV

സൂര്യക്കു എന്തുപറ്റി?

നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങില്‍ വീണ്ടും നനഞ്ഞ പടക്കമായി മാറിയതാണ് ഇന്ത്യന്‍ ടീമിന്റെ മൂന്നാമത്തെ പ്രശ്‌നം. സൗത്താഫ്രിക്കയുമായുള്ള തൊട്ടുമുമ്പത്തെ പരമ്പരയിലും അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. ഇംഗ്ലണ്ടിനെതിരേ സൂര്യയുടെ ശക്തമായൊരു തിരിച്ചുവരവ് ഉണ്ടാവുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല.

ബാറ്റിങിനു വളരെ അനുകൂല്യമായ സാഹചര്യം ആയിരുന്നിട്ടും അതു മുതലാക്കാന്‍ സൂര്യക്കു സാധിക്കാതെ പോവുകയായിരുന്നു. അഞ്ചു കളിയില്‍ രണ്ടെണ്ണത്തില്‍ ഡെക്കായ സ്‌കൈയുടെ ഉയര്‍ന്ന സ്‌കോര്‍ വെറും 14 റണ്‍സുമാണ്. സഞ്ജു സാംസണിനെപ്പോലെ അദ്ദേഹം ഏറെക്കുറെ ഒരേ രീതിയിലാണ് ഈ പരമ്പരയിലുടനീളം പുറത്താവുകയും ചെയ്തിട്ടുള്ളത്.

ലെഗ്‌സൈഡിലേക്കു ഫ്‌ളിക്ക് ഷോട്ട് കളിക്കാനുള്ള ശ്രമം തുടരെ പരാജയപ്പെടുകയും നേരെ മുകളിലേക്കുയര്‍ന്ന ബോള്‍ വിക്കറ്റ് കീപ്പര്‍ അനായാസം പിടികൂടുകയുമായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ സൂര്യ മിന്നിക്കുകയാണെങ്കിലും ബാറ്റിങില്‍ ഫോം വീണ്ടെടുക്കേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കില്‍ അധികം വൈകാതെ ക്യാപ്റ്റന്‍സി മാത്രമല്ല ടീമിലെ സ്ഥാനവും അദ്ദേഹത്തിനു നഷ്ടമായേക്കും.

Story first published: Tuesday, February 4, 2025, 7:20 [IST]
Other articles published on Feb 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+