ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വമ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 133 റണ്‍സ് വിജയലക്ഷ്യം 43 പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തി ജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയുടെ സര്‍വാധിപത്യമാണ് കണ്ടത്. മത്സരത്തില്‍ സഞ്ജു സാംസണ്‍ ഗംഭീരമായി തുടങ്ങിയെങ്കിലും വലിയ സ്‌കോറിലേക്കുയരാന്‍ സാധിക്കാതെ പോയിരിക്കുകയാണ്.
ഒരോവറില്‍ 22 റണ്‍സടിക്കാന്‍ സഞ്ജുവിനായി. എന്നാല്‍ ആകെ 26 റണ്‍സാണ് സഞ്ജു മത്സരത്തില്‍ നേടിയത്. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് തഴയപ്പെട്ട സഞ്ജു കേരള ക്രിക്കറ്റ് അസോസിയേഷനുമായി കടുത്ത ഭിന്നതയിലുമാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിന്റെ ശക്തമായ പ്രകടനം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റുന്നതില്‍ സഞ്ജു പരാജയപ്പെട്ടു. രണ്ടാം ടി20യിലൂടെ സഞ്ജു ഗംഭീരമായ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്.
എന്നാല്‍ ചെന്നൈയിലെ ചെപ്പോക്കില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ സഞ്ജു സാംസണിന്റെ ഗംഭീര പ്രകടനം പ്രതീക്ഷിക്കാനാവില്ല. ഇതിന് ചില കാരണമുണ്ട്. അത് എന്താണെന്ന് പരിശോധിക്കാം.
സഞ്ജുവിന്റെ ചെന്നൈയിലെ റെക്കോഡ് മോശം
സഞ്ജു സാംസണിന്റെ ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലെ റെക്കോഡ് വളരെ മോശമാണെന്ന് തന്നെ പറയാം. സ്പിന്‍ സൗഹൃദ പിച്ചാണ് ചെപ്പോക്കിലേത്. സഞ്ജു സ്പിന്നിനെ നന്നായി കളിക്കുന്ന താരമാണെന്ന് പറയുമ്പോഴും വലിയൊരു പ്രകടനം ചെന്നൈയില്‍ നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ആകെ അഞ്ച് മത്സരങ്ങളാണ് സഞ്ജു ടി20യില്‍ ചെപ്പോക്കില്‍ കളിച്ചിട്ടുള്ളത്. നേടിയത് 59 റണ്‍സാണ്. 11.8 ആണ് ശരാശരി. സ്‌ട്രൈക്ക് റേറ്റ് 100 മാത്രമാണ്. 26 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

മൂന്ന് ഫോറും രണ്ട് സിക്‌സുമാണ് ആകെ പറത്തിയത്. സഞ്ജുവിന്റെ ഈ കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതല്ല. ഓപ്പണറായാണ് സഞ്ജു കളിക്കുന്നത്. പിച്ചില്‍ നല്ല സ്വിങ്ങും ന്യൂബോളില്‍ ലഭിക്കും. തുടക്കത്തിലേ സ്പിന്നര്‍മാരെ ഉപയോഗിച്ചാല്‍ സഞ്ജു പതറാനുള്ള സാധ്യത കൂടുതലാണ്. ശ്രീലങ്കയ്‌ക്കെതിരേ മഹേഷ് തീക്ഷണയെ ന്യൂബോളില്‍ ഉപയോഗിച്ചപ്പോള്‍ സഞ്ജു ക്ലീന്‍ബൗള്‍ഡായാണ് പുറത്തായത്. എന്തായാലും ചെന്നൈയില്‍ സഞ്ജുവില്‍ നിന്ന് അത്ഭുത പ്രകടനം പ്രതീക്ഷിക്കാനാവില്ല.
നല്ല പേസര്‍മാരോട് സഞ്ജു പതറുന്നു
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ സഞ്ജു സാംസണ്‍ സൂപ്പര്‍ പേസര്‍മാര്‍ക്ക് മുന്നില്‍ പതറിയിരുന്നു. ഗുസ് ആറ്റ്കിന്‍സന്റെ ഒരോവറില്‍ സഞ്ജു 22 റണ്‍സടിച്ചു. എന്നാല്‍ ജോഫ്രാ ആര്‍ച്ചറേയും മാര്‍ക്ക് വുഡിനേയും നേരിട്ട് വെറും നാല് റണ്‍സാണ് നേടിയത്. ഇവര്‍ക്കെതിരേ സഞ്ജുവിന് താളം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ചെപ്പോക്കിലേക്കെത്തുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമായി മാറാനാണ് സാധ്യത.
ചെപ്പോക്കില്‍ ആദ്യ ഓവറുകളില്‍ നല്ല സ്വിങ് ഉണ്ടാവും. മാര്‍ക്ക് വുഡും ആര്‍ച്ചറും നല്ല വേഗതയില്‍ മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിയുമ്പോള്‍ സഞ്ജുവിന് കാര്യങ്ങള്‍ പ്രയാസമാവും. ഇംഗ്ലണ്ടിന്റെ ശക്തമായ ബൗളിങ് നിര ന്യൂബോളില്‍ സഞ്ജുവിന് വെല്ലുവിളിയാണെന്ന് പറയാം. ഇതിനെ മറികടന്ന് വലിയ സ്‌കോറിലേക്കുയരാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇതിനുള്ള സാധ്യത കുറവാണെന്ന് തന്നെ പറയാം.
ഓപ്പണിങ് കൂട്ടുകെട്ട് നിര്‍ണ്ണായകം
ഇന്ത്യയുടെ മിന്നും പ്രകടനത്തിന് കരുത്തേകുന്നത് സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ടാണ്. രണ്ട് പേരും കടന്നാക്രമിച്ച് കളിക്കുന്ന താരങ്ങളാണ്. ഇരുവരും പവര്‍പ്ലേയില്‍ നല്‍കുന്ന മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കുന്നത്. രണ്ടാം ടി20യിലും ഇവരുടെ മികച്ച തുടക്കം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാവുമെന്നുറപ്പ്. ഓപ്പണിങ്ങില്‍ ഇന്ത്യക്ക് പിഴച്ചാല്‍ ടീമിന്റെ പ്രകടനത്തെയാകെ അത് ബാധിക്കാന്‍ സാധ്യതയുണ്ട്. സഞ്ജുവിന് വരുന്ന മത്സരങ്ങളില്‍ തിളങ്ങേണ്ടത് അഭിമാന പ്രശ്‌നമാണെന്ന് പറയാം.