മുംബൈ: 2025ലെ ഇന്ത്യയുടെ ആദ്യ പരമ്പര ഇംഗ്ലണ്ടിനെതിരേ നടക്കാന്‍ പോവുകയാണ്. ഇന്ത്യയുടെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ അഞ്ച് ടി20യും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. കഴിഞ്ഞ വര്‍ഷം ടി20യില്‍ ഇന്ത്യ ശ്രദ്ധേയ പ്രകടനമാണ് നടത്തിയത്. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ഇന്ത്യയുടെ ടി20 ടീമിന്റെ പ്രകടന നിലവാരം മുകളിലേക്ക് പോയിട്ടുണ്ട്. ഇതേ മികവ് ഇംഗ്ലണ്ടിനെതിരേയും കാട്ടി പുതു വര്‍ഷത്തിലെ ആദ്യത്തെ പരമ്പര അലമാരയിലെത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഇംഗ്ലണ്ട് നിസാരക്കാരായ നിരയില്ല. ഐപിഎല്ലിലൂടെ ഇന്ത്യന്‍ പിച്ചുകളെക്കുറിച്ച് നന്നായി അറിയാവുന്ന താരങ്ങളാണ് ഇംഗ്ലണ്ട് താരങ്ങള്‍. അതുകൊണ്ടുതന്നെ ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്. ഇംഗ്ലണ്ടിനെതിരായ പരമ്പര നേടാന്‍ ഇന്ത്യ ടീമെന്ന നിലയില്‍ നിലവാരത്തിനൊത്ത് ഉയരേണ്ടത് അത്യാവശ്യമാണ്. ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ മാച്ച് വിന്നര്‍മാരായി മാറാന്‍ സാധ്യതയുള്ളവരും പരമ്പരയിലെ താരമായി മാറാന്‍ കെല്‍പ്പുള്ളവരുമായ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
സഞ്ജു സാംസണ്‍
കഴിഞ്ഞ വര്‍ഷത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ മാച്ച് വിന്നറായി മാറാന്‍ സഞ്ജുവിന് സാധിച്ചേക്കും. ഇതുവരെ പരമ്പരയിലെ താരമാകാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരേ സഞ്ജുവിന് ഈ നേട്ടത്തിലേക്കെത്താന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായി മൂന്ന് സെഞ്ച്വറികളാണ് സഞ്ജു അടിച്ചെടുത്തത്.
ഓപ്പണര്‍ റോളിലേക്കെത്തിയതോടെ മിന്നിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. നിലവില്‍ വിശ്രമത്തിലുള്ള സഞ്ജു സാംസണ്‍ ഇംഗ്ലണ്ടിനെതിരേയും ഓപ്പണര്‍ റോളിലാവും ഇന്ത്യക്കായി കളിക്കുക. മിന്നും പ്രകടനത്തോടെ ഇന്ത്യയുടെ ഹീറോയായി മാറാന്‍ സഞ്ജു സാംസണിന് സാധിക്കുമോയെന്നത് കണ്ടറിയാം. എന്നാല്‍ കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവിന് മികവിനൊത്ത പ്രകടനം നടത്താനായിരുന്നില്ല.
തിലക് വര്‍മ
ഇടം കൈയന്‍ ബാറ്റ്‌സ്മാനായ തിലക് വര്‍മ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികളാണ് നേടിയത്. ഈ മികവില്‍ ഇന്ത്യ ഇപ്പോഴും പ്രതീക്ഷവെക്കുന്നു. ഇംഗ്ലണ്ട് പരമ്പരയിലും തിലക് വര്‍മ ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. മൂന്നാം നമ്പറില്‍ നിന്ന് സൂര്യകുമാര്‍ യാദവ് പിന്നോട്ടിറങ്ങി തിലക് വര്‍മക്ക് അവസരം നല്‍കിയപ്പോഴാണ് താരത്തിന്റെ മിന്നും പ്രകടനം കാണാനായത്. ഇത്തവണയും മൂന്നാം നമ്പറില്‍ തിലകിന് അവസരം ലഭിച്ചേക്കും.

ഫോമിലേക്കെത്തിയാല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന തിലക് വര്‍മ ക്ലാസിക് ശൈലിയുള്ള താരമാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് മുതല്‍ക്കൂട്ടായി മാറാന്‍ തിലക് വര്‍മക്ക് സാധിക്കും. ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ ഇന്ത്യയുടെ ഹീറോയായി മാറാന്‍ തിലകിന് സാധിച്ചേക്കും.
സൂര്യകുമാര്‍ യാദവ്
ഇന്ത്യന്‍ നായകനായ സൂര്യകുമാര്‍ യാദവിനെ സംബന്ധിച്ച് ഇംഗ്ലണ്ട് ടി20 പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. സമീപകാലത്തെ സൂര്യകുമാറിന്റെ പ്രകടനങ്ങള്‍ മോശമാണ്. ആഭ്യന്തര ക്രിക്കറ്റിലും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സൂര്യകുമാര്‍ യാദവിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ട് പരമ്പരയിലൂടെ കരുത്ത് തെളിയിച്ച് സൂര്യക്ക് തിരിച്ചെത്തേണ്ടതായുണ്ട്. ഫോമിലേക്കെത്തിയാല്‍ തുടര്‍ച്ചയായി വലിയ സ്‌കോര്‍ നേടാന്‍ സൂര്യകുമാര്‍ യാദവിന് സാധിക്കും.
അര്‍ഷ്ദീപ് സിങ്
ഇന്ത്യയുടെ ബൗളിങ് നിരയിലെ വലിയ പ്രതീക്ഷയാണ് അര്‍ഷ്ദീപ് സിങ്. ഇടം കൈയന്‍ പേസര്‍ ടി20യില്‍ സ്ഥിരതയോടെ വിക്കറ്റ് നേടുന്നവന്മാരിലൊരാളാണ്. ജസ്പ്രീത് ബുംറ പരമ്പരക്കുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ അര്‍ഷ്ദീപ് സിങ്ങിന്റെ ബൗളിങ്ങിലാവും പ്രധാനമായും പ്രതീക്ഷവെക്കുന്നത്. മിന്നും പ്രകടനത്തോടെ ഇന്ത്യയുടെ മാച്ച് വിന്നറാവാന്‍ അര്‍ഷ്ദീപ് സിങ്ങിന് സാധിച്ചേക്കും. പരമ്പരയിലെ താരമാകാനും അര്‍ഷ്ദീപിന് മികവുണ്ട്.