For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സഞ്ജു ഫ്‌ളോപ്പെന്ന് പറയാന്‍ വരട്ടെ!! കുറിച്ചത് 3 റെക്കോര്‍ഡ്, രോഹിത്തടക്കം വീണു

ഇംഗ്ലണ്ടുമായുളള അഞ്ചു ടി20കളുടെ പരമ്പരയില്‍ ബാറ്റിങില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും മലയാളി വിക്കറ്റ് കീപ്പറും ഓപ്പണറുമായ സഞ്ജു സാംസണ്‍ പൂര്‍ണമായും ഫ്‌ളോപ്പായിരുന്നുവെന്നു ഉറപ്പിക്കാന്‍ വരട്ടെ. ഒരു ഫിഫ്റ്റി പോലും പരമ്പരയില്‍ കുറിക്കാനായില്ലെങ്കിലും മൂന്നു വമ്പന്‍ റെക്കോര്‍ഡുകള്‍ കുറിച്ചാണ് അദ്ദേഹം ഈ പരമ്പര അവസാനിപ്പിച്ചിരിക്കുന്നത്.

അഞ്ചു മല്‍സരങ്ങളില്‍ നിന്നും 10.20 ശരാശരിയില്‍ 51 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. അദ്ദേഹം രണ്ടക്കം കടന്നതാവട്ടെ വെറും രണ്ടു ഇന്നിങ്‌സുകളില്‍ മാത്രം. ആദ്യ കളിയില്‍ നേടിയ 26 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ബാറ്റിങില്‍ ഇത്രയും നിരാശാജനകമായ പ്രകടനം നടത്തിയിട്ടും സഞ്ജു കുറിച്ചിട്ടുള്ള മൂന്നു റെക്കോര്‍ഡുകള്‍ ഏതൊക്കെയെന്നു നോക്കാം.

SANJU SAMSON

രോഹിത്തിനെ പിന്തള്ളി

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയുടെ ഒരു വമ്പന്‍ റെക്കോര്‍ഡ് ആദ്യ ടി20യില്‍ തന്നെ പഴങ്കഥയാക്കാന്‍ സഞ്ജു സാംസിനായിരുന്നു. ടി20യില്‍ ഇന്ത്യക്കായി രണ്ടാം ഓവറില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരമെന്ന റെക്കോര്‍ഡായിരുന്നു ഇത്. നേരത്തേ രോഹിത്തും മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും ചേര്‍ന്ന് ഈ റെക്കോഡ് പങ്കിടുകയായിരുന്നു.

16 റണ്‍സ് വീതം നേടിയാണ് ഇരുവരും ഈ റെക്കോര്‍ഡ് പങ്കുവച്ചത്. 2018ല്‍ ബംഗ്ലാദേശിനെതിരേയായിരുന്നു രണ്ടാം ഓവറില്‍ ഹിറ്റ്മാന്‍ 16 റണ്‍സടിച്ചതെങ്കില്‍ 2019ല്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു ധവാന്റെ നേട്ടം.

ഒരിക്കലും തകര്‍ക്കപ്പെടില്ലെന്നു കരുതപ്പെട്ട ഈ റെക്കോര്‍ഡാണ് കൊല്‍ക്കത്തയിലെ ആദ്യ കളിയില്‍ തന്നെ സഞ്ജു തകര്‍ത്തെറിഞ്ഞത്. രണ്ടാം ഓവറില്‍ അദ്ദേഹം വാരിക്കൂട്ടിയത് 22 റണ്‍സായിരുന്നു. പേസര്‍ ഗസ് അറ്റ്കിന്‍സണാണ് സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്.

രണ്ടാം ഓവറിലെ ആദ്യത്തെ രണ്ടു ബോളിലും ഫോറടിച്ചാണ് അദ്ദേഹം തുടങ്ങിയത്. മൂന്നാമത്തെ ബോളില്‍ റണ്ണില്ലെങ്കിലും നാലാമത്തെ ബോളില്‍ സഞ്ജു സിക്‌സര്‍ പറത്തി. ശേഷിച്ച രണ്ടു ബോളിലും അദ്ദേഹം ബൗണ്ടറി പായിക്കുകയും ചെയ്തിരുന്നു. ഇതാണ് റെക്കോര്‍ഡിടാന്‍ സഞ്ജുവിനെ സഹായിച്ചത്.

ഇരട്ട റെക്കോര്‍ഡ്

മുംബൈയിലെ വാംഖഡെയില്‍ ഇന്ത്യ 150 റണ്‍സിന്റെ കൂറ്റന്‍ വിജയമാഘോഷിച്ച അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ ഇരട്ട റെക്കോര്‍ഡിനും സഞ്ജു സാംസണ്‍ അവകാശിയായി. ആദ്യ ടി20യിലേതു പോലെ ഈ മല്‍സരത്തിലും സ്‌ഫോടനാത്മക തുടക്കത്തിനു ശേഷമാണ് അദ്ദേഹം വിക്കറ്റ് കൈവിട്ടത്. ഏഴു ബോളില്‍ രണ്ടു സിക്‌സറും ഒരു ഫോറുമടക്കം 16 റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്.

ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ സിക്‌സര്‍ പായിച്ചാണ് അദ്ദേഹം അക്കൗണ്ട് തുറന്നത്. ഇതോടെ ടി20യില്‍ ആദ്യ ബോളില്‍ സിക്‌സറടിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന അപൂവ്വ റെക്കോര്‍ഡും മലയാളി താരത്തെ തേടിയെത്തി.

SANJU SAMSON

മുന്‍ നായകന്‍ രോഹിത് ശര്‍മ, യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്കു മാത്രമേ നേരത്തേ ഇതിനു കഴിഞ്ഞിരുന്നുള്ളൂ. 2021ല്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു സിക്‌സറുമായി രോഹിത് അക്കൗണ്ട് തുറന്നത്. കഴിഞ്ഞ വര്‍ഷം സിംബാബ്വെയുമായുള്ള കളിയില്‍ ജയ്‌സ്വാള്‍ ഈ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. ഇപ്പോള്‍ സഞ്ജുവും എലൈറ്റ് ക്ലബ്ബില്‍ അംഗമായിരിക്കുകയാണ്.

ഇതേ കളിയില്‍ മറ്റൊരു റെക്കോര്‍ഡിനൊപ്പവും അദ്ദേഹത്തിനു എത്താന്‍ സാധിച്ചു. ആര്‍ച്ചറെറിഞ്ഞ ആദ്യ ഓവറില്‍ രണ്ടു സിക്‌സറും ഒരു ഫോറുമടക്കം 16 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ടി20യില്‍ ആദ്യ ഓവറില്‍ കൂടുതല്‍ റണ്ണെടുത്ത മൂന്നാമത്തെ ഇന്ത്യന്‍ താരമായും അദ്ദേഹം മാറി.

നേരത്തേ ശ്രീലങ്ക്‌ക്കെതിരേ 2023ല്‍ ഇഷാന്‍ കിഷനും ആദ്യ ഓവറില്‍ 16 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. ഈ ലിസ്റ്റില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗ് (18 റണ്‍സ്), രോഹിത് (17) എന്നിവരാണ്.

Story first published: Monday, February 3, 2025, 11:29 [IST]
Other articles published on Feb 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+