രാജ്‌കോട്ട്: ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലെ ആദ്യത്തെ രണ്ടു കളിയിലും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാതെ പോയ ഇന്ത്യന്‍ ഓപ്പണറും മലയാളി താരവുമായ സഞ്ജു സാംസണ്‍ മൂന്നാമങ്കത്തില്‍ കിടിലന്‍ തിരിച്ചുവരവ് സ്വപ്‌നം കാണുകയാണ്. അതോടൊപ്പം ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ വലിയൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കുകയെന്ന ലക്ഷ്യം കൂടി അദ്ദേഹത്തിനുണ്ട്.
സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയിലെ അവസാന മല്‍സരത്തിലെ കിടിലന്‍ സെഞ്ച്വറിക്കു ശേഷം ഇംഗ്ലണ്ടിനെതിരേ ഇറങ്ങിയ സഞ്ജുവിനു ഈ പ്രകടനം ആദ്യ രണ്ടു കളിയിലും ആവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.
26, 5 എന്നിങ്ങനെ സ്‌കോറുകള്‍ക്കാണ് കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും അദ്ദേഹം പുറത്തായത്. രണ്ടു തവണയും സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ മലയാളി താരത്തെ മടക്കുകയും ചെയ്തു. എന്നാല്‍ നാളെ (ചൊവ്വ) രാജ്‌കോട്ടില്‍ നടക്കാനിരിക്കുന്ന മൂന്നാം ടി20യില്‍ ശക്തമായ തിരിച്ചുവരവാണ് സഞ്ജു ലക്ഷ്യമിടുന്നത്.

ഗംഭീറിന്റെ റെക്കോര്‍ഡ്
അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള താരങ്ങളുടെ ലിസ്റ്റില്‍ ഗൗതം ഗംഭീറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ തയ്യാറെടുക്കുകയാണ് സഞ്ജു സാംസണ്‍. ഈ ഫോര്‍മാറ്റില്‍ 37 മല്‍സരങ്ങളിലായി 36 ഇന്നിങ്‌സുകളിലാണ് ഗംഭീര്‍ ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 27.41 ശരാശരിയില്‍ 932 റണ്‍സ് നേടുകയും ചെയ്തു. ഏഴു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 75 റണ്‍സുമാണ്.
റണ്‍വേട്ടയില്‍ ഗംഭീറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ സഞ്ജുവിനു ഇനി വേണ്ടത് 92 റണ്‍സാണ്. 39 ടി20കളിലെ 35 ഇന്നിങ്‌സുകളിലായി 841 റണ്‍സാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. 27.12 ശരാശരിയിലാണ് സഞ്ജു ഇത്രയും റണ്ണെടുത്തത്. മൂന്നു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.
അവസാനമായി കളിച്ച രണ്ടു പരമ്പരകളിലാണ് മൂന്നു സെഞ്ച്വറികള്‍ സഞ്ജു വാരിക്കൂട്ടിയത്. ബംഗ്ലാദേശിനെതിരേ കന്നി സെഞ്ച്വറി കണ്ടെത്തിയ അദ്ദേഹം സൗത്താഫ്രിക്കയുമായുള്ള അടുത്ത പരമ്പരയിലെ നാലു ടി20കളില്‍ രണ്ടിലും സെഞ്ച്വറിയോടെ മിന്നിക്കുകയും ചെയ്തു. അഞ്ചു ടി20കള്‍ക്കിടെയായിരുന്നു സഞ്ജുവിന്റെ മൂന്നു സെഞ്ച്വറികള്‍.
ടീമിന് അകത്തും പുറത്തും
2015ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയെങ്കിലും വര്‍ഷങ്ങളോളം ഇന്ത്യന്‍ ടീമിനും അകത്തും പുറത്തുമായി തുടരേണ്ടി വന്ന നിര്‍ഭാഗ്യവാനായ താരമാണ് സഞ്ജു സാംസണ്‍. അരങ്ങേറ്റത്തിനു ശേഷം നാലു വര്‍ഷത്തോളം അദ്ദേഹത്തെ ടീമില്‍ കാണാനായില്ല. 2019ലാണ് സഞ്ജു വീണ്ടും ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടത്. പക്ഷെ വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ ക്യാപ്റ്റന്‍മാര്‍ അദ്ദേഹത്തിനു തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല.

ഒന്നോ, രണ്ടോ കളിക്കു ശേഷം സഞ്ജു ടീമിനു പുറത്താവുന്നത് തുടര്‍ന്നു കൊണ്ടിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ സംഘത്തില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നെങ്കിലും ഒരു മല്‍സരത്തില്‍ പോലും കളിപ്പിച്ചില്ല. ഒടുവില്‍ ഗൗതം ഗംഭീര്‍ സ്ഥിരം കോച്ചും സൂര്യകുമാര്‍ യാദവ് ടി20യിലെ സ്ഥിരം ക്യാപ്റ്റനാവുകയും ചെയ്ത ശേഷമാണ് അദ്ദേഹത്തിന്റെ സമയം തെളിഞ്ഞത്.
അതിനു ശേഷം ഇന്ത്യയുടെ ഭൂരിഭാഗം ടി20കളിലും സഞ്ജു കളിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ അവസാനത്തെ രണ്ടു പരമ്പരകളില്‍ തുടര്‍ച്ചയായി ഏഴു ടി20കളിലാണ് അദ്ദേഹം ഓപ്പണറും വിക്കറ്റ് കീപ്പറുമായി കളിച്ചത്. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ചു മല്‍സരങ്ങളിലും സഞ്ജുവിനെ കളിപ്പിക്കുമെന്നും ഉറപ്പായിരിക്കുകയാണ്.