രാജ്‌കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുകയാണ്. മൂന്നാം മത്സരവും ജയിച്ച് പരമ്പര ഉറപ്പിക്കാനാവും ഇന്ത്യ ശ്രമിക്കുക. ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നര്‍മാര്‍ ഉണ്ടാവുന്നു എന്നത് ഇന്ത്യയെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ആദ്യ മത്സരത്തില്‍ അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ മാച്ച് വിന്നറായത്.
രണ്ടാം മത്സരത്തില്‍ തിലക് വര്‍മ ഇന്ത്യയുടെ ഹീറോയായി. മൂന്നാം മത്സരത്തില്‍ ആരാവുമെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യ ജയിക്കുമ്പോഴും ചില താരങ്ങളുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. അതില്‍ എടുത്തു പറയേണ്ടത് സഞ്ജു സാംസണിന്റെ പേരാണ്. മൂന്ന് സെഞ്ച്വറികളോടെ മിന്നിച്ച സഞ്ജുവിന് ഇംഗ്ലണ്ടിനെതിരേ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. മൂന്നാം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ആദ്യ രണ്ട് മത്സരത്തിലും സഞ്ജുവിനെ പുറത്താക്കിയത് ജോഫ്രാ ആര്‍ച്ചറാണ്. ഷോട്ട് ബോളില്‍ വലിയ ഷോട്ടിന് ശ്രമിച്ച സഞ്ജു വിക്കറ്റ് തുലക്കുകയായിരുന്നു. രാജ്‌കോട്ടിലും ബൗണ്‍സ് പിച്ചാണെന്നാണ് റിപ്പോര്‍ട്ട്. ഇത് മുന്നില്‍ക്കണ്ട് സഞ്ജു നടത്തുന്ന പരിശീലന വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.
പുള്‍ഷോട്ട് കളിച്ച് കൂടുതല്‍ പരിശീലനം
ഇംഗ്ലണ്ട് പേസര്‍മാരുടെ ബൗണ്‍സ് നേരിടാന്‍ സഞ്ജു സാംസണ്‍ പുള്‍ഷോട്ടില്‍ കൂടുതല്‍ പരിശീലനം നടത്തിയിരിക്കുകയാണ്. പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിരീക്ഷണത്തിലാണ് സഞ്ജുവിന്റെ പരിശീലനം നടന്നത്. നെറ്റ്‌സില്‍ ഷോര്‍ട്ട് ബോളുകളെ നന്നായി നേരിടാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. മൂന്നാം ടി20യില്‍ സഞ്ജുവിന്റെ ശക്തമായ തിരിച്ചുവരവ് എല്ലാവരും പ്രതീക്ഷിക്കുന്നു. ജോഫ്രാ ആര്‍ച്ചറിന്റെ ബൗണ്‍സര്‍ വെല്ലുവിളി മറികടക്കാന്‍ പുള്‍ഷോട്ടിലൂടെ സഞ്ജുവിന് സാധിക്കുമെന്ന് തന്നെ കരുതാം.

സഞ്ജു ഫോമിലേക്കെത്തിയാല്‍ പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ അടിത്തറ ഒരുക്കാന്‍ ഇന്ത്യക്കാവും. ഫോമിലേക്കെത്തിയാല്‍ തുടര്‍ച്ചയായി വലിയ ഷോട്ടുകളോടെ മുന്നേറാന്‍ സഞ്ജുവിന് കഴിവുണ്ട്. അഭിഷേക് ശര്‍മ ആദ്യ മത്സരത്തില്‍ ഗംഭീര പ്രകടനം നടത്തിയവനാണ്. രണ്ടാം മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ശക്തമായ തിരിച്ചുവരാന്‍ അഭിഷേകിന് സാധിച്ചേക്കും. സഞ്ജു ഫോമിലേക്കുയര്‍ന്നാല്‍ അഭിഷേകിനും അത് വലിയ കരുത്തായി മാറുമെന്നുറപ്പാണ്.
ദക്ഷിണാഫ്രിക്കയിലേതുപോലെ തിരിച്ചുവരും
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയ ശേഷം പിന്നീട് രണ്ട് സെഞ്ച്വറികളോടെ കത്തിക്കയറുകയായിരുന്നു. ഇത്തരമൊരു തിരിച്ചുവരവ് ഇംഗ്ലണ്ടിനെതിരേയും നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സഞ്ജു ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ്. വിക്കറ്റ് നഷ്ടമാവുമോയെന്ന് പേടിക്കാതെ കടന്നാക്രമിക്കാനുള്ള ലൈസന്‍സ് ടീം മാനേജ്‌മെന്റ് സഞ്ജുവിന് നല്‍കിയിട്ടുണ്ട്. ഇതാണ് ഓപ്പണറെന്ന നിലയില്‍ മിന്നിക്കാന്‍ സഞ്ജുവിന് കരുത്താവുന്നത്.
ഇംഗ്ലണ്ടിനെതിരേ ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയെങ്കിലും രാജ്‌കോട്ടില്‍ അതിവേഗം റണ്‍സുയര്‍ത്തി സഞ്ജുവിന് മിന്നല്‍ പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പേസിനെ നന്നായി നേരിടാന്‍ കഴിവുള്ളവനാണ് സഞ്ജു. ഡെയ്ല്‍ സ്റ്റെയിനിനേയും ലസിത് മലിംഗയേയുമടക്കം പഞ്ഞിക്കിട്ടിട്ടുള്ള സഞ്ജുവിന് ഇംഗ്ലണ്ട് പേസര്‍മാര്‍ ഭീഷണിയാണെന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ സഞ്ജു ശക്തമായി തിരിച്ചെത്തുമെന്ന് കരുതാം.
ഇന്ത്യക്ക് പരമ്പര ഉറപ്പിക്കണം
ഇന്ത്യക്ക് പരമ്പര ഉറപ്പിക്കാന്‍ മൂന്നാം മത്സരം വിജയിക്കേണ്ടതായുണ്ട്. ഇന്ത്യയുടെ പ്ലേയിങ് 11 ചില മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഹമ്മദ് ഷമി ആദ്യ രണ്ട് മത്സരങ്ങളും കളിച്ചിട്ടില്ല. മൂന്നാം മത്സരത്തില്‍ ഷമി കളിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യ ഒറ്റയാള്‍ പ്രകടനങ്ങളിലൂടെ ജയിക്കുന്നുണ്ടെങ്കിലും ടീമെന്ന നിലയില്‍ ബാറ്റിങ് നിര കൂടുതല്‍ ഉണരേണ്ടതായുണ്ട്. നായകന്‍ സൂര്യകുമാര്‍ യാദവടക്കം ഫോം കണ്ടത്തേണ്ടതായുണ്ട്.