കൊല്‍ക്കത്ത: ഇന്ത്യയും ഇംഗ്ലണ്ടും അഞ്ചു ടി20കളുടെ പരമ്പരയില്‍ അടുത്തയാഴ്ച മുഖാമുഖം വരുമ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ നോട്ടപ്പുള്ളികളാവുക രണ്ടു വിക്കറ്റ് കീപ്പര്‍മാരായിരിക്കും. ഒരാള്‍ ഇന്ത്യന്‍ ഓപ്പണറും മലയാളി താരവുമായ സഞ്ജു സാംസണ്‍ ആണെങ്കില്‍ മറ്റൊരാള്‍ ഇംഗ്ലീഷ് ഓപ്പണറായ ഫില്‍ സാട്ടുമാണ്. ക്രീസിലെത്തിയാല്‍ ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് രണ്ടു പേരും.
ഇംഗ്ലണ്ടിന്റെ സ്ഥിരം ഓപ്പണിങ് ബാറ്റര്‍ കൂടിയാണ് സാള്‍ട്ടെങ്കില്‍ അടുത്തിടെ മാത്രമാണ് സഞ്ജു ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ടത്. തുടര്‍ച്ചയായി മൂന്നാമത്തെ ടി20 പരമ്പരയിലാണ് അദ്ദേഹത്തിനു ഓപ്പണിങിലേക്കു നറുക്കു വീണത്. മുന്‍ പരമ്പരകളിലേതു പോലെ വീണ്ടും ഇതു നന്നായി മുതലാക്കാന്‍ തന്നെയായിരിക്കും സഞ്ജുവിന്റെ ശ്രമം.

സഞ്ജു vs സാള്‍ട്ട്
സഞ്ജു സാംസണിന്റെയും ഫില്‍ സാള്‍ട്ടിന്റെയുെ അന്താരാഷ്ട്ര ടി20 കരിയറെടുത്താല്‍ ഇതിനകം കളിച്ചിട്ടുള്ള മല്‍സരങ്ങളുടെ കാര്യത്തില്‍ ഇരുവരും കാര്യമായ അന്തരമില്ലെന്നു കാണാം. വെറും ഒരു ടി20യുടെ വ്യത്യാസം മാത്രമേ ഇവര്‍ക്കിടയിലുള്ളൂ. സാള്‍ട്ട് 38 ടി20കളും സഞ്ജു 37 ടി20കളുമാണ് കളിച്ചിട്ടുള്ളത്. മല്‍സരങ്ങളില്‍ കാര്യമായ അന്തരമില്ലെങ്കിലും ബാക്കിയെല്ലാത്തിലും സാള്‍ട്ട് ഒരുപടി മുന്നില്‍ തന്നെയാണ്.
37 ടി20കളില്‍ നിന്നും സഞ്ജുവിന്റെ സമ്പാദ്യം 810 റണ്‍സാണെങ്കില്‍ ഒരു മല്‍സരം കൂടുതല്‍ കളിച്ച സാള്‍ട്ട് 1106 റണ്‍സ് വാരിക്കൂട്ടിയിട്ടുണ്ട്. സെഞ്ച്വറികളുടെ എണ്ണത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ്. മൂന്നു വീതം സെഞ്ച്വറികളാണ് ഇരുവരുടെയും പേരിലുള്ളത്. എന്നാല്‍ ഫിഫ്റ്റികളില്‍ സാള്‍ട്ടാണ് മുന്നില്‍. അദ്ദേഹം നാലു ഫിഫ്റ്റികളടിച്ചപ്പോള്‍ ഇന്ത്യന്‍ താരത്തിന്റെ അക്കൗണ്ടില്‍ രണ്ടെണ്ണം മാത്രമേയുള്ളൂ.
സ്‌ട്രൈക്ക് റേറ്റെടുത്താല്‍ അവിടെയും സാള്‍ട്ടാണ് തലപ്പത്ത്. 165.32 സ്‌ട്രൈക്ക് റേറ്റിലാണ് ഇംഗ്ലണ്ടിനായി അദ്ദേഹം റണ്‍സ് വാരിക്കൂട്ടുന്നത്. സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ് 155.17ഉം ആണ്. ഇനി സിക്‌സറുകള്‍ നോക്കിയാലും സാള്‍ട്ടിനു താഴെയാണ് മലയാളി താരം. സാള്‍ട്ട് 58 സിക്‌സറുകള്‍ പറത്തിയപ്പോള്‍ സഞ്ജു നേടിയത് 46 എണ്ണവുമാണ്.

കേമന്‍ സാള്‍ട്ടോ?
ഈ കണക്കുകളുടെ അടിസ്ഥാത്തില്‍ മാത്രം സഞ്ജു സാംസണിനേക്കാള്‍ കേമനാണ് ഫില്‍ സാള്‍ട്ടെന്നു ഉറപ്പിക്കാന്‍ വരട്ടെ. കാരണം സഞ്ജു ഇന്ത്യക്കു വേണ്ടി ഓപ്പണറായി അധികം മല്‍സരങ്ങള്‍ കളിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി വന്നതിനു ശേഷമാണ് ഓപ്പണിങ് റോളില്‍ അദ്ദേഹത്തിനു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്. അതിനു മുമ്പുള്ള രാഹുല്‍ ദ്രാവിഡുള്‍പ്പെടെയുള്ള കോച്ചുമാര്‍ സഞ്ജുവിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കാനോ, ഓപ്പണറായി കളിപ്പിക്കാനോ വേണ്ടത്ര ധൈര്യം കാണിച്ചിരുന്നില്ല.
പലപ്പോഴും അഞ്ച്, ആറ് സ്ഥാനങ്ങളിലാണ് അദ്ദേഹം പരിക്ഷിക്കപ്പെട്ടത്, മാത്രമല്ല, വല്ലപ്പോഴെങ്കിലും മാത്രമേ അദ്ദേഹത്തെ കളിപ്പിക്കുകയും ചെയ്തിരുന്നുള്ളൂ. ടീമിലെ സ്ഥാനത്തെക്കുറിച്ച് ഉറപ്പും റോളിന്റെ കാര്യത്തില്‍ വ്യക്തതയും ഇല്ലാതിരുന്നതിനാല്‍ സഞ്ജു ഫ്‌ളോപ്പായി കൊണ്ടിരിക്കുകയും ചെയ്തു.
ഇപ്പോള്‍ ഓപ്പണിങ് റോളില്‍ തുടര്‍ച്ചയായി അവസരം കിട്ടിയതോടെയാണ് അദ്ദേഹം സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ടി20 കരിയറും മെച്ചപ്പെടുത്തിയത്. ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവരുമായുള്ള അവസാന രണ്ടു ടി20 പരമ്പരകളിലെ എല്ലാ മല്‍രങ്ങളിലും സഞ്ജുവാണ് ഓപ്പണ്‍ ചെയ്തത്. അവസാനം കളിച്ച അഞ്ചു ടി20കളില്‍ മൂന്നെണ്ണത്തിലും സെഞ്ച്വറി അടിച്ചെടുക്കുകയും ചെയ്തു. ഇതില്‍ രണ്ടെണ്ണം അടുത്തടുത്ത മല്‍സരങ്ങളിലുമായിരുന്നു.
അതേസമയം, സാള്‍ട്ടിലേക്കു വന്നാല്‍ അദ്ദേഹം ഇതിനകം 38 മല്‍സരങ്ങളില്‍ 30ലും ഓപ്പണറായാണ് കളിച്ചത്. അതുകൊണ്ടു തന്നെ പവര്‍പ്ലേയുടെ ആനുകൂല്യം മുതലെടുത്ത് ആഞ്ഞടിക്കാനും സ്‌കോര്‍ ബോര്‍ഡിന്റെ സമ്മര്‍ദ്ദമില്ലാതെ തുടക്കം മുതല്‍ ആഞ്ഞടിച്ച് അതിവേഗം റണ്‍സും സ്‌കോര്‍ ചെയ്യാനും സാധിക്കുകയും ചെയ്തു.