രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടി20 പരമ്പര പുരോഗമിക്കുമ്പോള്‍ ഏറ്റവും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കുന്നത് സഞ്ജു സാംസണാണ്. ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ജയം ഇംഗ്ലണ്ട് നേടി. ഇതോടെ ഇനിയുള്ള രണ്ട് മത്സരവും ആവേശകരമായിരിക്കുകയാണ്. ഇന്ത്യയുടെ ബാറ്റിങ് നിരക്ക് പ്രതീക്ഷിച്ച നിലവാരം കാട്ടാനാവുന്നില്ലെന്നതാണ് വസ്തുത. ഇത് ഇന്ത്യയെ പിന്നോട്ടടിക്കുകയാണ്.
സഞ്ജു സാംസണ്‍ ഓപ്പണറെന്ന നിലയില്‍ ദുരന്തമാകുന്നു. ആദ്യത്തെ മൂന്ന് മത്സരത്തിലും ജോഫ്രാ ആര്‍ച്ചറാണ് സഞ്ജു സാംസണെ പുറത്താക്കിയത്. സഞ്ജുവിന്റെ മോശം ടീം മാനേജ്‌മെന്റിനും വലിയ സമ്മര്‍ദ്ദം നല്‍കുന്നുണ്ട്. സഞ്ജുവിനെ വളരെയധികം പിന്തുണക്കുന്ന പരിശീലകന്‍ ഗൗതം ഗംഭീറിനടക്കം ഇപ്പോള്‍ അതൃപ്തിയുണ്ട്. നാലാം ടി20യില്‍ സഞ്ജു സാംസണെ ഇന്ത്യ പ്ലേയിങ് 11 നിന്ന് പുറത്താക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
26, 5, 3 എന്നിങ്ങനെയാണ് സഞ്ജുവിന്റെ ആദ്യ മൂന്ന് മത്സരത്തിലെ സ്‌കോറുകള്‍. സഞ്ജു നിരാശപ്പെടുത്തുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ പകരം അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണിങ്ങിലേക്കെത്താന്‍ സാധ്യതയുള്ള ആരൊക്കെയാണെന്ന് നോക്കാം.
തിലക് വര്‍മ
ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് തിലക് വര്‍മ. ഇടം കൈയന്‍ താരം മൂന്നാം നമ്പറില്‍ കളിച്ചപ്പോഴെല്ലാം ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് നടത്തിയത്. അവസാനമായി മൂന്നാം നമ്പറില്‍ കളിച്ച മൂന്ന് മത്സരത്തില്‍ രണ്ട് സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും നേടാന്‍ തിലക് വര്‍മക്ക് സാധിച്ചിരുന്നു. എന്നാല്‍ നാലാം നമ്പറിലേക്കിറങ്ങുമ്പോള്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ തിലക് വര്‍മക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ തിലകിന് ടോപ് ഓഡറില്‍ അവസരം നല്‍കേണ്ടതായുണ്ട്.

സഞ്ജു നിരാശപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇന്ത്യ തിലക് വര്‍മക്ക് ഓപ്പണിങ്ങില്‍ അവസരം നല്‍കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇടം കൈയന്‍ താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ളവനും വലിയ ഇന്നിങ്‌സ് കളിക്കാന്‍ കെല്‍പ്പുള്ളവനുമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ തിലക് വര്‍മയെ ഓപ്പണിങ്ങില്‍ പരീക്ഷിച്ചേക്കും. സഞ്ജു സാംസണ്‍ ഷോര്‍ട്ട് ബോളുകള്‍ക്ക് മുന്നില്‍ പതറുന്ന സാഹചര്യത്തില്‍ ഇത്തരമൊരു മാറ്റം വരുത്തുന്നതാണ് ഇന്ത്യക്ക് നല്ലത്.
സൂര്യകുമാര്‍ യാദവ്
ഇന്ത്യയുടെ നായകനായ സൂര്യകുമാര്‍ യാദവ് മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നത്. ബാറ്റിങ് ഓഡറില്‍ നിരന്തരം മാറ്റം വരുത്തിയിട്ടും സൂര്യക്ക് തിളങ്ങാനാവുന്നില്ല. നാലാം നമ്പറിലും മൂന്നാം നമ്പറിലുമായാണ് സൂര്യ കളിക്കുന്നത്. ഇന്ത്യയുടെ വിശ്വസ്തനായ ടി20 ബാറ്റ്‌സ്മാന്റെ സമീപകാല ബാറ്റിങ് പ്രകടനങ്ങള്‍ ദുരന്തമാണ്. നായകനായി തിളങ്ങുമ്പോള്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ നിരാശപ്പെടുത്തുന്നു. ഇന്ത്യ സൂര്യകുമാര്‍ യാദവിനെ ഓപ്പണര്‍ റോളിലേക്ക് പരിഗണിച്ചാലും തെറ്റ് പറയാനാവില്ല.
നേരത്തെ ഓപ്പണറായി കളിച്ച് അനുഭവസമ്പത്തുള്ള താരമാണ് സൂര്യ. പവര്‍പ്ലേയില്‍ ബാറ്റ് ചെയ്യുമ്പോള്‍ തന്റെ സിഗ്നേച്ചര്‍ ഷോട്ടിലൂടെയടക്കം റണ്‍സുയര്‍ത്താന്‍ സൂര്യക്ക് അല്‍പ്പം കൂടി എളുപ്പത്തില്‍ സാധിക്കും. ഈ സാഹചര്യത്തില്‍ ഇന്ത്യ സൂര്യകുമാര്‍ യാദവിനെ ഓപ്പണിങ്ങിലേക്കെത്തിക്കാനുള്ള സാധ്യതയുമുണ്ട്. സൂര്യകുമാറിനും ഇൗ മാറ്റം ഗുണം ചെയ്‌തേക്കും. ഇതേ മോശം ഫോം തുടര്‍ന്നാല്‍ നായകസ്ഥാനത്ത് നിന്നടക്കം സൂര്യക്ക് വഴിമാറേണ്ടതായി വരും.
ദ്രുവ് ജുറേല്‍
ഇന്ത്യക്ക് പരീക്ഷിക്കാവുന്ന മറ്റൊരു താരം ദ്രുവ് ജുറേലാണ്. ഇന്ത്യ ബാക്കപ്പ് വിക്കറ്റ് കീപ്പറായി പരിഗണിക്കുന്ന താരത്തെ അവസാന രണ്ട് മത്സരവും കളിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച പ്രകടനം നടത്താനായിട്ടില്ല. മൂന്നാം ടി20യില്‍ ജുറേലിനെ ഇന്ത്യ എട്ടാം നമ്പറിലാണ് കളിപ്പിച്ചത്. എന്നാല്‍ ജുറേലിനെ ബാറ്റിങ് ഓഡറില്‍ പിന്നോട്ടിറക്കുന്നതില്‍ വിമര്‍ശനം ശക്തമാണ്. ഈ സാഹചര്യത്തില്‍ ദ്രുവ് ജുറേലിനെ ഇന്ത്യ സര്‍പ്രൈസായി ഓപ്പണിങ്ങിലേക്ക് കൊണ്ടുവന്നാലും തെറ്റ് പറയാനാവില്ല. ഇന്ത്യയുടെ ടോപ് ഓഡറില്‍ അവസരം അര്‍ഹിക്കുന്ന താരമാണ് ജുറേല്‍.