Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 3 മാറ്റങ്ങള്‍ക്ക് ഇന്ത്യ, ഇവരെ പുറത്താക്കും-ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള സാധ്യതാ ടീം

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ പോവുകയാണ്. ആദ്യ രണ്ട് ടെസ്റ്റിലെ ടീമില്‍ നിന്ന് വലിയ മാറ്റങ്ങളോടെയാവും ഇന്ത്യ ശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിക്കുക. ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് രണ്ടാം മത്സരം പുരോഗമിക്കുമ്പോള്‍ സര്‍വാധിപത്യം നേടാനായിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യ വലിയ മാറ്റങ്ങള്‍ വരുന്ന മത്സരങ്ങള്‍ക്കുള്ള ടീമില്‍ വരുത്തിയേക്കും.

ഇന്ത്യ വരുത്താന്‍ സാധ്യതയുള്ള പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ മാറ്റം രജത് പാട്ടീധാറിനെ ഇന്ത്യ ഒഴിവാക്കിയേക്കും. വിരാട് കോലി തിരിച്ചെത്തുമ്പോള്‍ പകരക്കാരനായി ടീമിലെത്തിയ രജത്തിന്റെ ചീട്ടുകീറാനാണ് സാധ്യത. രണ്ടാം ടെസ്റ്റില്‍ പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ടെങ്കിലും കാര്യമായ പ്രകടനം നടത്താന്‍ രജത്തിന് സാധിച്ചില്ല. ക്യാച്ചവസരവും താരം പാഴാക്കിയിരുന്നു. രണ്ടാം ടെസ്റ്റ് കളിക്കാതിരുന്ന കെ എല്‍ രാഹുല്‍ മൂന്നാം ടെസ്റ്റിലൂടെ തിരിച്ചെത്തുമെന്നാണ് വിവരം.

രാഹുല്‍ മടങ്ങിയെത്തിയാല്‍ രജത്തിന് ടീമില്‍ തുടരുക പ്രയാസമാണ്. രാഹുലിന് കളിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടെങ്കില്‍ ബാക്കപ്പായി രജത് ടീമില്‍ തുടര്‍ന്നേക്കും. അതേ സമയം മോശം ഫോമിലാണെങ്കിലും ശ്രേയസ് അയ്യരെ ഇന്ത്യ പുറത്താക്കിയേക്കില്ല. ഇന്ത്യയില്‍ ഭേദപ്പെട്ട റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ശ്രേയസ് ടീമില്‍ തുടരാനാണ് സാധ്യത കൂടുതല്‍. മധ്യനിരയില്‍ പരിഗണിക്കാന്‍ സാധിക്കുന്ന മറ്റാരും ഇന്ത്യന്‍ ടീമിലില്ലെന്നതാണ് വസ്തുത.

മറ്റൊരു മാറ്റം ബൗളിങ് നിരയിലുണ്ടാവും. മുകേഷ് കുമാറിനെ ടീമില്‍ നിന്ന് തഴയാനാണ് സാധ്യത. രണ്ടാം ടെസ്റ്റ് കളിക്കാതിരുന്ന മുഹമ്മദ് സിറാജ് മൂന്നാം ടെസ്റ്റിലൂടെ തിരിച്ചെത്തും. ഇന്ത്യയിലെ ഫ്‌ളാറ്റ് ടേണിങ് പിച്ചില്‍ പേസര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനാവുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യ പേസ് നിരയില്‍ കൂടുതല്‍ താരങ്ങളെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല. സ്പിന്‍ നിരയില്‍ പരിക്കേറ്റ രവീന്ദ്ര ജഡേജ മടങ്ങിവരാന്‍ സാധ്യതയില്ല.

shreyas iyer

പരിക്കില്‍ തുടരുന്ന താരത്തിന് ശേഷിക്കുന്ന മത്സരങ്ങളും നഷ്ടമാകാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ കുല്‍ദീപ് യാദവ് പ്ലേയിങ് 11ല്‍ തുടര്‍ന്നേക്കും. ഇന്ത്യയെ പ്രയാസപ്പെടുത്തുന്നത് വിക്കറ്റ് കീപ്പറാണ്. കെ എസ് ഭരത്തിന് അവസരം മുതലാക്കാനാവുന്നില്ല. ബാറ്റുകൊണ്ട് ബൗളര്‍മാരുടെ നിലവാരം പോലും ഭരത് കാട്ടുന്നില്ല. വിക്കറ്റ് കീപ്പറെന്ന നിലയിലും നിരാശപ്പെടുത്തുന്നു. സ്പിന്നര്‍മാര്‍ക്കെതിരേ കീപ്പ് ചെയ്യുമ്പോള്‍ നിരവധി പിഴവുകളാണ് ഭരത് വരുത്തുന്നത്.

അതുകൊണ്ടുതന്നെ ഭരത്തിനെ ഇന്ത്യ ഒഴിവാക്കുമെന്നുറപ്പാണ്. ഭരത്തിനൊപ്പം ദ്രുവ് ജുറേല്‍ വിക്കറ്റ് കീപ്പറായുണ്ട്. എന്നാല്‍ പരിചയസമ്പത്ത് കുറവുള്ള താരമാണ് ജുറേല്‍. ഇതുവരെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്താന്‍ ജുറേലിന് സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇന്ത്യ മറ്റൊരു വിക്കറ്റ് കീപ്പറെ പരിഗണിക്കാനാണ് സാധ്യത. എന്നാല്‍ ഇന്ത്യ മുഖ്യ പരിഗണന നല്‍കിയിരുന്ന ഇഷാന്‍ കിഷന്‍ ഇപ്പോള്‍ ടീമിലില്ല. ടീം മാനേജ്‌മെന്റുമായുള്ള ഉടക്കിനെത്തുടര്‍ന്നാണ് താരം പുറത്തിരിക്കുന്നത്.

ഇഷാനെ ഇന്ത്യ തിരിച്ചുവിളിക്കാനും സാധ്യത കുറവാണ്. മറ്റൊരു സാധ്യത സഞ്ജു സാംസണിനാണ്. നിലവില്‍ കേരളത്തിനൊപ്പം രഞ്ജി ട്രോഫി കളിക്കുകയാണ് സഞ്ജു. അര്‍ധ സെഞ്ച്വറി പ്രകടനമടക്കം നടത്തി കൈയടി നേടാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. വിക്കറ്റിന് പിന്നിലെ സഞ്ജുവിന്റെ മികവില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് സഞ്ജുവെന്ന് പറയാനാവില്ല. സ്ഥിരത പ്രശ്‌നമായതുകൊണ്ട് സഞ്ജുവിനെ ഇന്ത്യ പരിഗണിച്ചേക്കില്ല.

എന്നാല്‍ ഭരത് മോശം പ്രകടനം തുടരുന്ന സാഹചര്യത്തില്‍ സഞ്ജുവിന് വിളിയെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇന്ത്യയെ സംബന്ധിച്ച് പരമ്പര സ്വന്തമാക്കേണ്ടത് നിര്‍ണ്ണായകമാണെന്ന് പറയാം. അതുകൊണ്ടും തന്നെ ടീം ശക്തിപ്പെടുത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ (c), യശ്വസി ജയ്‌സ്വാള്‍, വിരാട് കോലി, ശുബ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍ (പരിക്ക് ഭേദമായാല്‍), രജത് പാട്ടീധാര്‍, ശ്രേയസ് അയ്യര്‍, ദ്രുവ് ജുറേല്‍, സഞ്ജു സാംസണ്‍/കെ എസ് ഭരത്, രവീന്ദ്ര ജഡേജ (പരിക്ക് ഭേദമായാല്‍), ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്/മുകേഷ് കുമാര്‍

Story first published: Sunday, February 4, 2024, 17:08 [IST]
Other articles published on Feb 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+