പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. ആദ്യത്തെ രണ്ട് മത്സരത്തിലും ഇന്ത്യ വിജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ച് തിരിച്ചുവരവ് നടത്തി. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ഇന്ത്യ, ഇംഗ്ലണ്ട് എന്നിവരില്‍ ആരാവും പരമ്പര നേടുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യ തട്ടകത്തില്‍ മുന്നിട്ട് നില്‍ക്കുമ്പോഴും ബാറ്റിങ് നിരയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. പ്രധാന താരങ്ങളെല്ലാം മോശം ഫോമിലാണെന്നതാണ് എടുത്തു പറയേണ്ടത്.
ഇതില്‍ സഞ്ജു സാംസണിന്റെ പ്രകടനമാണ് ഏറ്റവും കൂടുതല്‍ നിരാശയുണ്ടാക്കുന്നത്. വെടിക്കെട്ട് ഓപ്പണറായി മിന്നിച്ചിരുന്ന സഞ്ജുവിന് ഇംഗ്ലണ്ടിനെതിരേ ഈ മികവ് കാട്ടാന്‍ സാധിക്കുന്നില്ല. ഇംഗ്ലണ്ടിന്റെ സൂപ്പര്‍ പേസ് നിരക്കെതിരേ സഞ്ജുവിന് പന്ത് കണക്ട് ചെയ്യാന്‍ പോലും കൃത്യമായി കഴിയുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. മൂന്ന് മത്സരത്തിലും സഞ്ജു ഫ്‌ളോപ്പായതോടെ പരിശീലകന്‍ ഗൗതം ഗംഭീറടക്കം അതൃപ്തി വ്യക്തമാക്കിയിരിക്കുകയാണ്.
ഇപ്പോഴിതാ നാലാം ടി20യില്‍ ഇന്ത്യ ബാറ്റിങ് ഓഡറില്‍ വലിയൊരു പൊളിച്ചെഴുത്തിലേക്ക് നീങ്ങുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇംഗ്ലണ്ട് സൂപ്പര്‍ പേസര്‍മാര്‍ക്ക് മുന്നില്‍ സഞ്ജുവിന് തിളങ്ങാനാവാത്ത സാഹചര്യത്തില്‍ മധ്യനിരയിലേക്ക് താരത്തെ മാറ്റാനാണ് ഗംഭീര്‍ ആലോചിക്കുന്നതെന്നാണ് സൂചന.
സഞ്ജു നാലാം നമ്പറിലേക്ക്
ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നിവരുടെ അതിവേഗ പേസ് ബൗളിങ്ങിനെ നേരിടാന്‍ സഞ്ജു സാംസണിന് സാധിക്കുന്നില്ല. ആര്‍ച്ചറിന്റെ ഷോര്‍ട്ട് ബോള്‍ കെണിയില്‍ മൂന്ന് മത്സരത്തിലും സഞ്ജു വീണു. മികച്ച ടൈമിങ് സഞ്ജുവിന് ഇല്ലെന്ന് തന്നെ പറയാം. ഇൗ സാഹചര്യത്തില്‍ വരുന്ന മത്സരങ്ങളിലും സഞ്ജുവിനെ ഓപ്പണറാക്കി മുന്നോട്ട് പോവുകയെന്നത് പ്രയാസമാണ്. അതുകൊണ്ടുതന്നെ നാലാം നമ്പറിലേക്ക് സഞ്ജുവിനെ മാറ്റാനാണ് ടീം മാനേജ്‌മെന്റിന്റെ നീക്കം.

നാലാം നമ്പറില്‍ ബാറ്റ് ചെയ്ത് മികച്ച റെക്കോഡുള്ള താരമാണ് സഞ്ജു. അനുഭവസമ്പന്നനായ സഞ്ജുവിനെ നാലാം നമ്പറില്‍ ഇറക്കിയാല്‍ മധ്യ ഓവറുകളില്‍ ഫലപ്രദമായി സ്പിന്നിനെ നേരിടാന്‍ സാധിച്ചേക്കും. ഇത് മുന്നില്‍ക്കണ്ട് സഞ്ജുവിനെ നാലാം നമ്പറിലേക്ക് മാറ്റാമെന്നാണ് ടീം കണക്കുകൂട്ടുന്നത്. സൂപ്പര്‍ താരങ്ങളില്‍ പലരും പരിക്കേറ്റ് ടീമിന് പുറത്തായ സാഹചര്യത്തില്‍ സഞ്ജുവിന് വിശ്രമം അനുവദിക്കുകയെന്നത് പ്രയാസമാണ്. അതുകൊണ്ടാണ് ഇത്തരമൊരു മാറ്റത്തിന് തയ്യാറെടുക്കുന്നത്.
തിലക് വര്‍മ ഓപ്പണിങ്ങിലേക്കെത്തും
സഞ്ജു സാംസണ്‍ ഓപ്പണിങ്ങില്‍ പതറുമ്പോള്‍ തിലക് വര്‍മ മധ്യനിരയില്‍ പ്രയാസപ്പെടുകയാണ്. എന്നാല്‍ ടോപ് ഓഡറില്‍ മൂന്നാം നമ്പറില്‍ കളിച്ചപ്പോള്‍ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ തിലകിന് സാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ സഞ്ജുവിനെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റി പകരം നാലാം നമ്പറില്‍ കളിക്കുന്ന തിലക് വര്‍മക്ക് ഓപ്പണിങ്ങില്‍ അവസരം നല്‍കുമെന്നാണ് സൂചന. നായകന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറിലും കളിക്കും.
തിലകിന് നിലയുറപ്പിച്ച് കളിക്കാനും കടന്നാക്രമിച്ച് കളിക്കാനും ശേഷിയുണ്ട്. വ്യത്യസ്തമായ ഷോട്ട് കളിക്കാനും ശേഷിയുള്ള തിലകിനെ ഇന്ത്യ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരുന്നത് ഗുണം ചെയ്യാനാണ് സാധ്യത. എന്നാല്‍ മോശം ഫോമിലുള്ള സൂര്യകുമാര്‍ യാദവിന് നാലാം മത്സരം വളരെ നിര്‍ണ്ണായകമാണ്. നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ സൂര്യക്ക് സാധിക്കേണ്ടതായുണ്ട്. അതിന് സാധിക്കാത്ത പക്ഷം സൂര്യക്ക് ഈ റോളില്‍ മുന്നോട്ട് പോവുക പ്രയാസമായിരിക്കും.
ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളി
ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ സ്ഥിരതയോടെ കളിക്കുന്ന ആരുമില്ലെന്ന് പറയാം. ഇതേ ഫോമില്‍ ഇന്ത്യ തുടര്‍ന്നാല്‍ ഇംഗ്ലണ്ട് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര നേടാന്‍ സാധ്യത കൂടുതലാണ്. തട്ടകത്തില്‍ ടി20 പരമ്പര കൂടി തോറ്റാല്‍ പരിശീലകന്‍ ഗൗതം ഗംഭീറിനത് വലിയ തിരിച്ചടിയാവും. ഈ സാഹചര്യത്തില്‍ നാലാം മത്സരത്തിലെ ഇന്ത്യയുടെ ജയം നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ഇന്ത്യക്ക് ജയം നേടിയെടുക്കാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.