മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ പ്രധാനപ്പെട്ട താരങ്ങളെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. യശ്വസി ജയ്‌സ്വാളിനും ജസ്പ്രീത് ബുംറക്കും ഇന്ത്യ വിശ്രമം നല്‍കിയത് മാറ്റിനിര്‍ത്തിയാല്‍ മറ്റ് പ്രധാന താരങ്ങളെല്ലാം ടീമിലുണ്ട്. ജിതേഷ് ശര്‍മയെ ഇന്ത്യ ടീമില്‍ നിന്ന് തഴഞ്ഞപ്പോള്‍ ദ്രുവ് ജുറേലിന് ബാക്കപ്പ് കീപ്പറായി സ്ഥാനം ലഭിച്ചു. മുഹമ്മദ് ഷമി ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
മുഹമ്മദ് സിറാജിന് പേസ് നിരയില്‍ നിന്ന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. സമീപകാലത്തെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന്റെ ക്ഷീണം മറന്ന് ഇന്ത്യക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കേണ്ടതായുണ്ട്. ഇംഗ്ലണ്ട് ശക്തമായ താരനിരയുള്ള ടീമാണ്. അതുകൊണ്ടുതന്നെ വിജയം എളുപ്പമാവില്ല. ഏറ്റവും മികച്ച പ്ലേയിങ് 11നെത്തന്നെ സൃഷ്ടിച്ച് മുന്നോട്ട് പോകാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. ഇന്ത്യക്ക് കളത്തിലിറക്കാന്‍ സാധിക്കുന്ന ബെസ്റ്റ് 11നെ പരിശോധിക്കാം.
സഞ്ജു സാംസണ്‍-അഭിഷേക് ശര്‍മ
ഓപ്പണിങ്ങില്‍ സഞ്ജു സാംസണേയും അഭിഷേക് ശര്‍മയേയും ഇന്ത്യക്ക് കളിപ്പിക്കാം. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ ഏറ്റവും ക്ലിക്കായ ഓപ്പണിങ് കൂട്ടുകെട്ടാണിത്. സഞ്ജു സാംസണ്‍ ഓപ്പണറായ ശേഷം മൂന്ന് സെഞ്ച്വറികളാണ് ടി20യില്‍ നേടിയത്. ഈ മികവ് തുടരാന്‍ സഞ്ജുവിന് സാധിക്കുമെന്ന് തന്നെ കരുതാം. സഞ്ജുവിന്റെ മറ്റ് ഫോര്‍മാറ്റുകളിലേക്കുള്ള വളര്‍ച്ചക്ക് ടി20യില്‍ ഇതേ മികവ് തുടരേണ്ടതായുണ്ട്. അഭിഷേക് ശര്‍മ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും സ്ഥിരതയോടെ കളിക്കുന്നില്ല. ഇടം കൈയന്‍ ഓപ്പണര്‍ക്ക് ഇംഗ്ലണ്ട് പരമ്പര വളരെ നിര്‍ണ്ണായകമാണ്.
തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി
മൂന്നാം നമ്പറില്‍ തിലക് വര്‍മയെ ഇന്ത്യ കളിപ്പിക്കണം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്നാം നമ്പറില്‍ കളിപ്പിച്ചപ്പോള്‍ രണ്ട് തുടര്‍ സെഞ്ച്വറികളാണ് തിലക് നേടിയത്. ഇതേ മികവ് തുടരാന്‍ കഴിവുള്ളവനാണ് തിലക്. സൂര്യകുമാര്‍ യാദവ് തന്റെ സ്ഥാനം തിലകിനായി വിട്ടുകൊടുത്തിരുന്നു. ഇത് വീണ്ടും ആവര്‍ത്തിക്കുന്നതാണ് നല്ലത്. തിലകിനെ സ്പിന്നറെന്ന നിലയിലും ഇന്ത്യക്ക് ഉപയോഗിക്കാനാവും.

നാലാം നമ്പറില്‍ നായകന്‍ സൂര്യകുമാര്‍ യാദവ് കളിക്കണം. സൂര്യക്ക് കീഴിലെ ഇന്ത്യയുടെ പ്രകടനം അതി ഗംഭീരമാണ്. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ സൂര്യയുടെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. വലിയ പ്രകടനങ്ങള്‍ നടത്താന്‍ ശേഷിയുള്ള സൂര്യ ഫോമിലേക്കെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്. നാലാം നമ്പറിലേക്കിറങ്ങിയ ശേഷം സൂര്യ അല്‍പ്പം ഫോം ഔട്ടിലാണെന്ന് തന്നെ പറയാം.
അഞ്ചാം നമ്പറില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കാണ് അവസരം. ഓസ്‌ട്രേലിയയില്‍ ടെസ്റ്റില്‍ ഗംഭീര പ്രകടനം നടത്തിയ താരമാണ് നിതീഷ്. ബംഗ്ലാദേശിനെതിരായ ടി20യില്‍ വെടിക്കെട്ട് ഫിഫ്റ്റിയോടെ കസറിയ നിതീഷിന് ഇംഗ്ലണ്ടിനെതിരേയും ഇതേ വെടിക്കെട്ട് ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്ന കാര്യമാണ് എടുത്തു പറയേണ്ടത്.
റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍
ആറാം നമ്പറില്‍ ഇടം കൈയന്‍ താരം റിങ്കു സിങ് കളിക്കണം. സൂപ്പര്‍ ഫിനിഷറായ റിഷഭിന് തകര്‍ത്തടിച്ച് കളിക്കാന്‍ കഴിവുണ്ട്. സമ്മര്‍ദ്ദ സാഹചര്യത്തിലടക്കം ഒറ്റക്ക് മത്സരഫലത്തെ മാറ്റാന്‍ ശേഷിയുള്ള താരമാണ് റിങ്കു സിങ്. ഇന്ത്യക്ക് ഏത് ബാറ്റിങ് പൊസിഷനിലും കളിപ്പിക്കാന്‍ സാധിക്കുന്ന താരമാണ് റിങ്കു സിങ് എന്ന് പറയാം. ഏഴാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയുണ്ടാവും. ഫിനിഷറെന്ന നിലയിലെ പാണ്ഡ്യയുടെ മികവില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. എട്ടാം നമ്പറില്‍ അക്ഷര്‍ പട്ടേലിനെ കളിപ്പിക്കാം. പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷറാണ്.
മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി
ഒമ്പതാം നമ്പറില്‍ ഇന്ത്യ സീനിയര്‍ പേസറായ മുഹമ്മദ് ഷമിയെ കളിപ്പിക്കണം. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ ഷമിയുടെ പ്രകടനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഷമി ഫോം കണ്ടെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. 10ാം നമ്പറില്‍ അര്‍ഷ്ദീപ് സിങ്ങിനെയാണ് കളിപ്പിക്കേണ്ടത്. ഇടം കൈയന്‍ പേസര്‍ ടി20യിലെ ഇന്ത്യയുടെ വിശ്വസ്തനായ ബൗളറാണ്. അവസാനക്കാരനായി വരുണ്‍ ചക്രവര്‍ത്തിയെ പരിഗണിക്കാം. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുള്ള സ്പിന്നറാണ് വരുണ്‍. രവി ബിഷ്‌നോയ് പുറത്തിരിക്കും.