ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലും വിജയം നേടി ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 2-0ന് മുന്നിലെത്തിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിനുമാണ് ഇന്ത്യയുടെ ജയം. മൂന്നാം മത്സരത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാനാവും ഇന്ത്യ പദ്ധതിയിടുക. രണ്ടാം മത്സരത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും ബാറ്റിങ് നിരയുടെ പ്രകടനം അത്ര മികച്ചതായിരുന്നുവെന്ന് പറയാനാവില്ല. പ്രധാന താരങ്ങളെല്ലാം നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് നടത്തിയത്.
തിലക് വര്‍മയുടെ 72* റണ്‍സ് പ്രകടനം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ തോല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്ന് പറയാം. സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദ്രുവ് ജുറേല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ ആധിപത്യ ജയം നേടിയ ഇന്ത്യക്ക് രണ്ടാം മത്സരത്തില്‍ നന്നായി പൊരുതി ജയിക്കേണ്ടി വന്നു. രണ്ടാം മത്സരത്തിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം വിലയിരുത്തി റേറ്റിങ് പരിശോധിക്കാം.
തിലകിന് 10ല്‍ 10
ഇന്ത്യയുടെ തിലക് വര്‍മയുടെ പ്രകടനം ഗംഭീരമായിരുന്നു. ഇന്ത്യയുടെ വിജയ ശില്‍പ്പിയായ തിലകിന് 10ല്‍ 10 റേറ്റിങ് നല്‍കാവുന്നതാണ്. മൂന്നാമനായി ഇറങ്ങിയ തിലക് 55 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 72 റണ്‍സോടെയാണ് ഇന്ത്യയുടെ ഹീറോയായി മാറിയത്. ജോസ് ബട്‌ലറിന്റെ ക്യാച്ചെടുക്കാനും തിലക് വര്‍മക്ക് സാധിച്ചു. ഇന്ത്യയുടെ ഹീറോയായി മാറിയ തിലക് വര്‍മക്ക് 10 ല്‍ 10 റേറ്റിങ് കൊടുക്കാം. വലിയ ഭാവിയുള്ള താരമാണ് തിലക് വര്‍മയെന്ന് പറയാം. ദക്ഷിണാഫ്രിക്കയില്‍ രണ്ട് തുടര്‍ സെഞ്ച്വറി നേടാന്‍ തിലകിനായി.
സഞ്ജു, സൂര്യ, ജുറേല്‍, ഹാര്‍ദിക്, അഭിഷേക് ഫ്‌ളോപ്പ്
സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദ്രുവ് ജുറേല്‍, ഹാര്‍ദിക് പാണ്ഡ്യ, അഭിഷേക് ശര്‍മ എന്നിവര്‍ക്ക് 10ല്‍ 4 മാര്‍ക്ക് നല്‍കാം. ഇവരെല്ലാം തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ഓപ്പണറായ സഞ്ജു സാംസണ്‍ ഏഴ് പന്തില്‍ അഞ്ച് റണ്‍സാണ് നേടിയത്. ജോഫ്രാ ആര്‍ച്ചറിനാണ് വിക്കറ്റ്.

അഭിഷേക് ശര്‍മയും നിരാശപ്പെടുത്തി. ആറ് പന്തില്‍ 12 റണ്‍സാണ് അഭിഷേക് നേടിയത്. ആദ്യ മത്സരത്തില്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയോടെ കസറിയ അഭിഷേകിന് രണ്ടാം മത്സരത്തില്‍ ശോഭിക്കാനാവാതെ പോയി.
നായകന്‍ സൂര്യകുമാര്‍ യാദവ് മോശം ഫോം തുടരുകയാണ്. ആദ്യ മത്സരത്തില്‍ ഡെക്കായ സൂര്യ രണ്ടാം മത്സരത്തില്‍ 7 പന്തില്‍ 12 റണ്‍സാണ് നേടിയത്. നിതീഷ് കുമാര്‍ റെഡ്ഡിയും റിങ്കു സിങ്ങും പരിക്കേറ്റ് പുറത്തായപ്പോള്‍ പകരമെത്തിയ ദ്രുവ് ജുറേലിനും ശോഭിക്കാനായില്ല. അഞ്ച് പന്തില്‍ നാല് റണ്‍സാണ് ജുറേലിന് നേടാനായത്. ഹാര്‍ദിക് പാണ്ഡ്യക്കും ശോഭിക്കാനായില്ല. ആറ് പന്തില്‍ ഏഴ് റണ്‍സാണ് ഹാര്‍ദിക് പാണ്ഡ്യ നേടിയത്.
അര്‍ഷ്ദീപിന് 6 റേറ്റിങ്
ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപ് സിങ്ങിന് 10ല്‍ 6 റേറ്റിങ് നല്‍കാം. ആദ്യ ഓവറില്‍ ഫില്‍ സാള്‍ട്ടിന്റെ വിക്കറ്റ് നേടിയെങ്കിലും പിന്നീടങ്ങോട്ട് നിരാശപ്പെടുത്തി. നാല് ഓവറില്‍ 40 റണ്‍സാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്. വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും 26 റണ്‍സും നേടി. 10ല്‍ 6 റേറ്റിങ് സുന്ദറിന് നല്‍കാം. രവി ബിഷ്‌നോയ്ക്ക് വിക്കറ്റ് നേടാനായില്ലെങ്കിലും 27 റണ്‍സാണ് നാല് ഓവറില്‍ വിട്ടുകൊടുത്തത്. അഞ്ച് പന്തില്‍ നിര്‍ണ്ണായകമായ ഒമ്പത് റണ്‍സും ബിഷ്‌നോയ് നേടി.
ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് ബിഷ്‌നോയ്ക്ക് അവകാശപ്പെടാം. 10ല്‍ 7 റേറ്റിങ് നല്‍കാം. അക്ഷര്‍ പട്ടേല്‍ രണ്ട് റണ്‍സെടുത്ത് പുറത്തായെങ്കിലും രണ്ട് വിക്കറ്റ് നേടി. അക്ഷറിന് ആറ് റേറ്റിങ് നല്‍കാം. വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്. താരത്തിന് 7 റേറ്റിങ് നല്‍കാം.