മുംബൈ: ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയുടെ ക്ഷീണം മറന്ന് ഇന്ത്യ പുതിയ പരമ്പരക്ക് ഒരുങ്ങുകയാണ്. ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരയാണ് ഇനി ഇന്ത്യന്‍ ടീമിന് മുന്നിലുള്ളത്. പുതു വര്‍ഷത്തെ ആദ്യത്തെ പരമ്പര തന്നെ വമ്പന്‍ വിജയത്തോടെ ആഘോഷമാക്കാനാവും ഇന്ത്യ ശ്രമിക്കുക. ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ട് ടി20 പരമ്പര വളരെ നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ മോശം ഫോമിലുള്ള താരങ്ങളെ ഇന്ത്യ തഴയുമെന്ന കാര്യം ഉറപ്പാണ്.
പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറും വലിയ അഴിച്ചുപണിക്കാണൊരുങ്ങുന്നത്. പല പ്രമുഖരുടേയും ചീട്ടുകീറാനാണ് സാധ്യത കൂടുതല്‍. ഇപ്പോഴിതാ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി കളിച്ച ചില താരങ്ങള്‍ക്ക് ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ നിന്ന് വിശ്രമം നല്‍കാന്‍ ടീം മാനേജ്‌മെന്റ് നീക്കം നടത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യ ടീമില്‍ നിന്ന് വിശ്രമം അനുവദിക്കാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
സഞ്ജു-ഇഷാന്‍ ഓപ്പണിങ്
ഇന്ത്യക്ക് പുതിയ ഓപ്പണിങ് കൂട്ടുകെട്ട് വരുമെന്നാണ് വിവരം. തുടര്‍ച്ചയായി പരമ്പര കളിക്കുന്ന യശ്വസി ജയ്‌സ്വാളിന് ഇന്ത്യ വിശ്രമം നല്‍കിയേക്കും. ഇടം കൈയന്‍ ഓപ്പണര്‍ ഓസ്‌ട്രേലിയയിലും മികച്ച പ്രകടനം നടത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ ഏകദിന അരങ്ങേറ്റം നടത്താനാണ് യശ്വസി ജയ്‌സ്വാള്‍ പദ്ധതിയിടുന്നത്. ഇതിന് മുന്നോടിയായി ടി20യില്‍ നിന്ന് ജയ്‌സ്വാള്‍ വിശ്രമമെടുക്കുമെന്നാണ് വിവരം. ജയ്‌സ്വാള്‍ വിശ്രമത്തില്‍ പോകുമ്പോള്‍ ഇഷാന്‍ കിഷന്‍ ഓപ്പണറായി എത്തിയേക്കും. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ഇന്ത്യ ടീമിലേക്ക് തിരിച്ചുവിളിക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
റിഷഭിനും നിതീഷ് കുമാറിനും വിശ്രമം
ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്തും നിതീഷ് കുമാര്‍ റെഡ്ഡിയും ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. റിഷഭ് പന്ത് മോശം ഫോമിലാണുള്ളത്. സിഡ്‌നി ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലെ ഗംഭീര പ്രകടനം കാഴ്ചവെച്ചത് മാറ്റിനിര്‍ത്തിയാല്‍ കാര്യമായൊന്നും ചെയ്യാന്‍ റിഷഭിനായിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടര്‍ച്ചയായി കളിക്കുന്ന റിഷഭിന് ടി20 പരമ്പരയില്‍ വിശ്രമം നല്‍കുന്നതാണ് നല്ലത്. ഏകദിനത്തിലും ചാമ്പ്യന്‍സ് ട്രോഫിയിലും റിഷഭിനെ കളിപ്പിക്കണം.
യുവ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ ഓസീസ് പര്യടനത്തില്‍ ശോഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ട്രോഫിയിലേക്കും നിതീഷിനെ ഇന്ത്യ പരിഗണിക്കുന്നുണ്ട്. ഇതിന് മുന്നോടിയായി താരത്തിന് വിശ്രമം നല്‍കാനാണ് ഇപ്പോഴത്തെ ഇന്ത്യയുടെ നീക്കം. റിഷഭും നിതീഷും പുറത്തിരിക്കുമ്പോള്‍ ശിവം ദുബെക്ക് ടീമിലേക്കെത്താന്‍ സാധിച്ചേക്കും. ദുബെയുടെ സമീപകാലത്തെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ മികച്ചതായിരുന്നു.

ബുംറയും ടീമിലുണ്ടാകില്ല
ജസ്പ്രീത് ബുംറയും ടീമിലുണ്ടാകില്ലെന്നാണ് വിവരം. ഓസീസ് പര്യടനത്തില്‍ റെക്കോഡ് പ്രകടനത്തോടെയാണ് ബുംറ മികവ് കാട്ടിയത്. എന്നാല്‍ അഞ്ചാം ടെസ്റ്റിന് മുന്നോടിയായി ബുംറക്ക് പരിക്കേറ്റിരുന്നു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ ബുംറ ടീമിലുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. പകരം മുകേഷ് കുമാറിനെ ഇന്ത്യ ടീമിലേക്ക് വിളിച്ചേക്കും. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന മായങ്ക് യാദവ് ടീമിലേക്ക് തിരിച്ചെത്തിയേക്കും.
സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയും റിങ്കു സിങ്ങുമുണ്ടാവും. ശ്രേയസ് അയ്യരുടെ സമീപകാലത്തെ പ്രകടനങ്ങള്‍ മികച്ചതാണ്. അതുകൊണ്ടുതന്നെ താരത്തേയും ടീമിലേക്ക് വിളിക്കാന്‍ സാധ്യതയുണ്ട്. റിയാന്‍ പരാഗ്, തിലക് വര്‍മ എന്നീ യുവതാരങ്ങള്‍ക്കും ടീമില്‍ സീറ്റുണ്ടാവുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഇന്ത്യ ഇംഗ്ലണ്ട് ടി20 പരമ്പരക്ക് കാര്യമായ പ്രാധാന്യം നല്‍കുന്നില്ല. അതിന് ശേഷം നടക്കുന്ന ഏകദിന പരമ്പര ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിര്‍ണ്ണായകമാവുക ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ പ്രകടനമാവും.