മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ ഓള്‍റൗണ്ടറാണ് ഹാര്‍ദിക് പാണ്ഡ്യ. പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ മിന്നിക്കുന്ന ഹാര്‍ദിക്കിന്റെ മികവ് അവസാന ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. രോഹിത് ശര്‍മ നായകനായിരിക്കെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായത് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. രോഹിത് ശര്‍മ വിരമിച്ചപ്പോള്‍ അടുത്ത ടി20 നായകന്‍ ആകേണ്ടിയിരുന്നത് ഹാര്‍ദിക്കായിരുന്നു.
എന്നാല്‍ ഗൗതം ഗംഭീര്‍ പരിശീലകനായതോടെ ഹാര്‍ദിക്കിനെ ഒതുക്കാന്‍ ശ്രമിച്ചു. ഗംഭീറിന്റെ ഇഷ്ടക്കാരനായ സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്തേക്ക് കൊണ്ടുവന്നപ്പോള്‍ വൈസ് ക്യാപ്റ്റന്‍സി പോലും ഗംഭീര്‍ ഹാര്‍ദിക്കിന് നല്‍കിയില്ല. ഐപിഎല്ലിലൂടെ തന്റെ നായക മികവ് ഇതിനോടകം തെളിയിക്കാന്‍ സാധിച്ചിട്ടുള്ള താരമാണ് ഹാര്‍ദിക്ക്. എന്നിട്ടും ഇത്തരത്തില്‍ ഒതുക്കപ്പെട്ടുവെന്നതാണ് വസ്തുത. ഇപ്പോഴിതാ ഹാര്‍ദിക് പാണ്ഡ്യക്ക് ഇനിയും നായകസ്ഥാനത്തേക്ക് തിരിച്ചെത്താമെന്നും അതിന് വഴിയുണ്ടെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.
പുതിയ മാനേജ്‌മെന്റ് വരുമ്പോള്‍ എല്ലാം മാറും
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് ഗൗതം ഗംഭീര്‍ വന്നപ്പോഴാണ് വലിയ പൊളിച്ചെഴുത്ത് ക്യാപ്റ്റന്‍സിയിലടക്കം വരുത്തിയത്. ഗൗതം ഗംഭീര്‍ ഹാര്‍ദിക് പാണ്ഡ്യയെ പൂര്‍ണ്ണമായും അവഗണിച്ചു. എന്നാല്‍ പുതിയൊരു പരിശീലക സംഘം വരുമ്പോള്‍ ക്യാപ്റ്റന്‍സിയില്‍ വീണ്ടും മാറ്റം വന്നേക്കും. നിലവില്‍ ക്യാപ്റ്റനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവ് ശോഭിക്കുന്നു. എന്നാല്‍ സൂര്യയുടെ ബാറ്റിങ് പ്രകടനം പിന്നോട്ട് പോവുകയാണ്.
ഇന്ത്യക്ക് പുതിയ ടീം മാനേജ്‌മെന്റ് വരുമ്പോള്‍ ഹാര്‍ദിക്കിന് വീണ്ടും അവസരം ലഭിക്കുമെന്നാണ് സഞ്ജയ് മഞ്ജരേക്കറുടെ വിലയിരുത്തല്‍. 'ഇന്ത്യയുടെ ടീം മാനേജ്‌മെന്റിലും ബിസിസി ഐയിലും ചില മാറ്റങ്ങള്‍ വരുമ്പോള്‍ ടീമിനുള്ളില്‍ മാറ്റങ്ങള്‍ വരും. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്. ഹാര്‍ദിക് പാണ്ഡ്യയെ സംബന്ധിച്ച് സ്ഥിരതയോടെ കളിക്കുകയെന്നതാണ് മുന്നിലുള്ള വഴി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും കളിക്കാന്‍ തയ്യാറാവണം. അങ്ങനെ വന്നാല്‍ തിരിച്ചുവരവിന് സാധ്യത ഉയരും.
മധ്യ ഓവറില്‍ ഹാര്‍ദിക്കിന് റണ്‍സുയര്‍ത്താന്‍ സാധിക്കണം. ഐസിസി ടൂര്‍ണമെന്റുകളില്‍ ഹാര്‍ദിക് തിളങ്ങാറുണ്ട്. ഓള്‍റൗണ്ട് പ്രകടനം നടത്തണം. അതോടൊപ്പം ഫിറ്റ്‌നസിനും താരം പ്രാധാന്യം നല്‍കേണ്ടതായുണ്ട്' സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
ഹാര്‍ദിക്കിന്റെ സമീപകാല ഫോം മോശം
ഹാര്‍ദിക് പാണ്ഡ്യയുടെ സമീപകാല പ്രകടനങ്ങള്‍ പ്രതീക്ഷക്കൊത്തല്ല. ടി20 ലോകകപ്പിന് ശേഷം ഹാര്‍ദിക് പാണ്ഡ്യക്ക് വലിയ ഇംപാക്ട് സൃഷ്ടിക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരേ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലും ഹാര്‍ദിക്കിന് നിലവാരത്തിനൊത്ത് ഉയരാനായിട്ടില്ല. ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്ത് നിന്ന് തഴഞ്ഞത് ഹാര്‍ദിക്കിനെ മാനസികമായി ബാധിച്ചിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. ഇത് അദ്ദേഹത്തിന്റെ പ്രകടനത്തേയും സാരമായി ബാധിക്കുന്നുണ്ട്.

എന്നാല്‍ ഹാര്‍ദിക് ഇപ്പോള്‍ കൂടുതല്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കാന്‍ തയ്യാറാവുന്നുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയിലൂടെ ഇടവേളക്ക് ശേഷം ഏകദിനത്തിലേക്കും മടങ്ങിയെത്താനാണ് ഹാര്‍ദിക് തയ്യാറെടുക്കുന്നത്. ഗംഭീര്‍ ഹാര്‍ദിക്കിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കാത്തതിന് കാരണം ഹാര്‍ദിക് പാണ്ഡ്യയുടെ സ്വഭാവംകൊണ്ടാണെന്ന് പറയാം. പരിശീലകന് പോലും വലിയ വില നല്‍കാത്തവനാണ് ഹാര്‍ദിക്. ഗംഭീറിന്റെ കര്‍ക്കശ സ്വഭാവവും ഹാര്‍ദിക്കിന്റെ സ്വഭാവവും തമ്മില്‍ ചേര്‍ന്ന് പോകില്ല. അതുകൊണ്ടാണ് വിശ്വസ്തനായ സൂര്യകുമാര്‍ യാദവിനെ ഗംഭീര്‍ നായകനാക്കിയത്.
ചാമ്പ്യന്‍സ് ട്രോഫി നിര്‍ണ്ണായകം
ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ പ്രകടനം നിര്‍ണ്ണായകമായിരിക്കുമെന്നുറപ്പാണ്. ഇന്ത്യ നിരാശപ്പെടുത്തിയാല്‍ ഗൗതം ഗംഭീറിനെ പരിശീലകസ്ഥാനത്ത് നിന്ന് തഴയുമെന്നുറപ്പാണ്. അങ്ങനെ വന്നാല്‍ പുതിയ പരിശീലകനെത്തും. ഇത് ഹാര്‍ദിക്കിന് ഗുണകരമായി മാറാനാണ് സാധ്യത കൂടുതല്‍. ഹാര്‍ദിക്കിന് ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കണം. ഓള്‍റൗണ്ട് പ്രകടനത്തോടെ ഇന്ത്യയുടെ മാച്ച് വിന്നറാവാന്‍ ഹാര്‍ദിക്കിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അതിന് സാധിക്കാത്ത പക്ഷം ഹാര്‍ദിക്കിന് തിരിച്ചടി നേരിടേണ്ടി വരും.