കറാച്ചി : ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒരു ദിവസം മാത്രം ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 157 റണ്‍സ്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയിലാണ്. ഒമ്പത് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യക്ക് ജയിക്കാന്‍ 157 റണ്‍സ് മാത്രം മതി. രോഹിത് ശര്‍മയും (12) ചേതേശ്വര്‍ പുജാരയുമാണ് (12) ക്രീസില്‍.
ഒരു ദിവസവും ഒമ്പത് വിക്കറ്റും ശേഷിക്കെ പിന്തുടര്‍ന്ന് ജയിക്കാന്‍ സാധ്യമായ വിജയലക്ഷ്യം തന്നെയാണിത്. അതിനുള്ള താരസമ്പത്തും ഇന്ത്യക്കുണ്ടെങ്കിലും മധ്യനിരയുടെ പ്രകടനം ആശങ്കയുണ്ടാക്കുന്നു. കൂടാതെ നോട്ടിങ്ഹാമിലെ മഴയുടെ സാന്നിധ്യവും ഇന്ത്യക്ക് വലിയ വെല്ലുവിളിയാവും. ഇപ്പോഴിതാ നോട്ടിങ്ഹാമിലെ അവസ്ഥ ഇന്ത്യക്ക് എളുപ്പമാവില്ലെന്നും കാലാവസ്ഥ തിരിച്ചടി തന്നേക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം സല്‍മാന്‍ ബട്ട്.

'ടെസ്റ്റില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ ഫേവറേറ്റുകള്‍ ഇന്ത്യയെന്ന് പറയാനാവില്ല. എപ്പോഴാണ് മേഘങ്ങളെത്തുന്നത് പറയാനാവില്ല. ഇതോടെ പന്തിന്റെ ചലനം കൂടും. ഇംഗ്ലണ്ടിന്റെ ബൗളര്‍മാര്‍ മികച്ചവരാണ്. കെ എല്‍ രാഹുല്‍ പുറത്തായത് മികച്ച പന്തിലായിരുന്നു. അതില്‍ക്കൂടുതലൊന്നും ആ പന്തില്‍ ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. അതിനാല്‍ത്തന്നെ തുടര്‍ച്ചയായി വിക്കറ്റ് നഷ്ടപ്പെട്ടാല്‍ ഇംഗ്ലണ്ടിന് തിരിച്ചുവരവിന് സാധ്യതയുണ്ട്' - സല്‍മാന്‍ ബട്ട് പറഞ്ഞു.
ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ഒല്ലി റോബിന്‍സന്‍, സാം കറാന്‍ എന്നിവരെല്ലാം ഏത് സമയത്തും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവരാണ്. വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ ആദ്യ ഇന്നിങ്‌സില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. അതിനാല്‍ത്തന്നെ ഇവരുടെ രണ്ടാം ഇന്നിങ്‌സിലെ ബാറ്റിങ് നിര്‍ണ്ണായകമാണ്. അവസാന ദിനം രോഹിത് ശര്‍മ - ചേതേശ്വര്‍ പുജാര കൂട്ടുകെട്ട് എത്ര സമയം തുടരുന്നു എന്നതും മത്സരഫലത്തില്‍ നിര്‍ണ്ണായകമാവും.
'ഇന്ത്യന്‍ താരങ്ങളിലാരെങ്കിലും മാച്ച് വിന്നറായി മാറേണ്ടതുണ്ട്. അത് രോഹിത് ശര്‍മയോ നായകന്‍ വിരാട് കോലിയോ ആവാം. ചേതേശ്വര്‍ പുജാര ക്രീസില്‍ തുടരേണ്ടത് അത്യാവശ്യമാണ്. ഇത് ഒരിക്കലും എളുപ്പമുള്ള വിജയലക്ഷ്യമല്ല. ഇത് പിന്തുടര്‍ന്ന് ജയിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടം തന്നെയായിരിക്കും. ആദ്യ സെക്ഷനില്‍ കൂടുതല്‍ മുന്നിട്ട് നില്‍ക്കുന്നവരാരോ അവര്‍ ജയിക്കുമെന്നാണ് ഞാന്‍ കരുതുന്നത്' - സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.