മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരവിനു തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ഈ പര്യടനത്തില്‍ ഇതു രണ്ടാം തവണയാണ് ശുഭ്മന്‍ ഗില്ലിനും സംഘത്തിനും ഈ ചാലഞ്ച് നേരിടേണ്ടി വന്നത്. നേരത്തേ രണ്ടാം ടെസ്റ്റിലിറങ്ങുമ്പോഴും ഇന്ത്യയുടെ സാഹചര്യം സമാനമായിരുന്നു. അന്നു രണ്ടാമങ്കത്തില്‍ 336 റണ്‍സിന്റെ റെക്കോര്‍ഡ് ജയവുമയാണ് ഇന്ത്യ പരമ്പരയില്‍ 1-1നു ഒപ്പമെത്തിയത്.
ഇപ്പോള്‍ വീണ്ടും 1-2നു പിറകിലായ ശേഷം ജയത്തോടെ തിരിച്ചടിക്കൊരുങ്ങുകയാണ് ഇന്ത്യ. ഇതിനിടെ ഈ ടെസ്റ്റിനു മുന്നോടിയായി കഴിഞ്ഞ ദിവസം (ചൊവ്വ) നെറ്റ്‌സില്‍ സായ് സുദര്‍ശനോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതു നിരസിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇതോടെ ഇരുവര്‍ക്കുമിടയില്‍ എന്തെങ്കിലും സൗന്ദര്യപ്പിണക്കങ്ങളുണ്ടോയെന്ന സംശയത്തിലുമാണ് ആരാധകര്‍. എന്തുകൊണ്ടാണ് യഥാര്‍ഥത്തില്‍ ക്യാപ്റ്റനോടു സായ് നോ പറഞ്ഞതെന്നറിയാം.

സായിക്ക് അഹങ്കാരമോ?
ഈ പരമ്പരയിലൂടെ ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു് വന്ന സായ് സുദര്‍ശന് ഇത്രയ്ക്കും അഹങ്കാരമോയെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ സംശയം. പക്ഷെ യഥാര്‍ത്തില്‍ അങ്ങനെ ഒന്നും തന്നെയില്ലെന്നതാണ് യാഥാര്‍ഥ്യം. നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ അഭ്യര്‍ഥനയെ വളരെ സൗമ്യനായി, ചിരിയോടെ തന്നെയാണ് സായ് നിരസിച്ചത്.
അതില്‍ ഗില്ലിനും യാതൊരു പ്രശ്‌നങ്ങളുമില്ലെന്നതു മറ്റൊരു വശം. കാരണം സായ് ഇങ്ങനെയാവും പറയുകയെന്നു അദ്ദേഹത്തിനും നേരത്തേ അറിയാമായിരുന്നു. ഇതിനൊരു കാരണവും കൂടിയുണ്ട്. സാധാരണയായി ഒരു മല്‍സരത്തിന്റെ തലേദിവസം സായ് ബാറ്റിങ് പരിശീലനം നടത്താറില്ല. കഴിഞ്ഞ ഐപിഎല്‍ മുതലാണ് അദ്ദേഹം ഇങ്ങനെയൊരു ശീലം തുടങ്ങിയത്.
ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ കൂടി ആയതിനാല്‍ തന്റെ ഓപ്പണിങ് പങ്കാളിയായ സായിയുടെ ഈ രീതിയെക്കുറിച്ചു ഗില്ലിനു നന്നായി അറിയാം. ഈ കാരണത്താലാണ് കഴിഞ്ഞ ദിവസം സായ് ബാറ്റിങ് പരിശീലനത്തിന് വിസമ്മതിച്ചപ്പോഴും ഗില്ലിനു അതു വളരെ പെട്ടെന്നു മനസ്സിലാക്കാനും സാധിച്ചത്.
നേരത്തേ ഒരു മല്‍സരത്തിനു സായിയുടെ തയ്യാറെടുപ്പ് ഈ തരത്തിലായിരുന്നില്ല. മണിക്കൂറുകളോളം നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തിയിരുന്ന താരമാണ് അദ്ദേഹം. പക്ഷെ കഴിഞ്ഞ വര്‍ഷത്തെ (IPL 2024) ഐപിഎല്ലിനിടെയാണ് ഇതു സായിയെ ദോഷകരമായി ബാധിച്ചത്.
നിരന്തരമുള്ള പരിശീലനം കാരണം ഒരു മല്‍സരത്തില്‍ കളിക്കുമ്പോള്‍ ഇന്നിഭങ്‌സിന്റെ പകുതിയാവുമ്പോഴേക്കും സായ് ക്ഷീണിക്കാന്‍ തുടങ്ങി. ഇതു അദ്ദേഹത്തിന്റെ പ്രകടനടത്തെയും ബാധിക്കുകായിരുന്നു. ജിടിയുടെ പരിശീലക സംഘത്തിലുള്ളവര്‍ ഇക്കാര്യം നിരീക്ഷിക്കുകയും തുടര്‍ന്ന് പരിശീലന രീതിയില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു.
കളിയുടെ തലേ ദിവസം ഇനി ബാറ്റിങ് പരിശീലനം വേണ്ടെന്നും ഇതു കളിക്കളത്തില്‍ ക്ഷീണമില്ലാതെ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ സഹായിക്കുമെന്നു അവര്‍ ഉപദേശിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ സായ് ചെയ്തതും ഇതാണ്.
മല്‍സരത്തിന്റെ രണ്ടു ദിവസം മുമ്പ് കഠിനമായി പരിശീലനം നടത്തുകയും തുടര്‍ന്നുള്ള ദിവസം ശരീരത്തിനു നല്ല വിശ്രമം നല്‍കുകയും ചെയ്തു. വേണമെങ്കില്‍ കളിയുടെ തലേ ദിവസം ഹോട്ടല്‍ റൂമില്‍ തുടരാമെന്ന ഓപഷനും സായിക്കു നല്‍കിയിരുന്നു.

പക്ഷെ അദ്ദേഹത്തിന് അതു താല്‍പ്പര്യമില്ലായിരുന്നു. ടീമിനൊപ്പം പരിശീലനത്തിനായി സായ് ഗ്രൗണ്ടിലെത്താറുണ്ട്. ചെറിയ രീതിയില്‍ ജോഗിങും സ്‌ട്രെച്ചസുമെല്ലാം എടുക്കുകയും ചെയ്യും. പക്ഷെ ബാറ്റിങ് പരിശീലനത്തില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കും.
പരിശീലന രീതിയിലെ ഈ മാറ്റം അദ്ദേഹത്തെ ഐപിഎല്ലില്‍ സ്ഥിരതയോടെ വലിയ ഇന്നിങ്‌സുകളും കളിക്കാന്‍ സഹായിച്ചു. കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്ത സായ് ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന് അവകാശിയാവുകയും ചെയ്തു.
15 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും ആറു ഫിഫ്റ്റികളുമടക്കം 759 റണ്‍സാണ് സായ് വാരിക്കൂട്ടിയത്. മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ തലേദിവസം ബാറ്റിങ് പരിശീലനത്തില്‍ നിന്നും സായ് വിട്ടുനിന്നതോടെ ഈ മല്‍സരത്തില്‍ അദ്ദേഹത്തെ കളിപ്പിക്കുമെന്ന സൂചന തന്നെയാണ് ലഭിച്ചിരിക്കുന്നത്.