മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം പുരോഗമിക്കുകയാണ്. ലോര്‍ഡ്‌സില്‍ 151 റണ്‍സിന്റെ ചരിത്ര ജയം നേടിയതോടെ മൂന്നാം മത്സരത്തില്‍ വലിയ ആത്മവിശ്വാസത്തോടെയാവും ഇന്ത്യ ഇറങ്ങുക. ഇന്ത്യയുടെ സമീപകാലത്തെ ടെസ്റ്റ് പ്രകടനങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. എന്നാല്‍ ചില സീനിയര്‍ താരങ്ങളുടെ പ്രകടനങ്ങള്‍ ഇന്ത്യക്ക് ബാധ്യതയായി മാറുന്നു.
ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, വിരാട് കോലി എന്നിവരാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏറ്റവും നിരാശപ്പെടുത്തിയത്. ഇതില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നത്. ഒരു കാലത്ത് തുടര്‍ച്ചയായി സെഞ്ച്വറിയടിച്ച് കൈയടി നേടിയിരുന്ന കോലി ഇന്ന് ഒരു സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിരിക്കുകയാണ്.
മോശം ഫോമിലുള്ള കോലി ഇംഗ്ലണ്ടിനെതിരായ വരുന്ന മത്സരങ്ങളിലെങ്കിലും ഫോമിലേക്കെത്തേണ്ടതായുണ്ട്. ഇപ്പോഴിതാ കോലിയുടെ പ്രകടനത്തെക്കുറിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രതികരിച്ചിരിക്കുകയാണ്. 'വിരാടിന് മികച്ച തുടക്കം ലഭിക്കുന്നില്ല. നല്ല തുടക്കം ലഭിച്ചില്ലെങ്കില്‍ ശ്രദ്ധ കുറയുകയും സാങ്കേതികമായ പിഴവുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടുകയും ചെയ്യും. നിരവധി കാര്യങ്ങള്‍ ആ സമയത്ത് ചിന്തയിലുണ്ടാവും. ചലനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാവില്ല. ഒരു ബാറ്റ്‌സ്മാന്‍ ഫോമിലല്ലെങ്കില്‍ അധികം കാലുകള്‍ ചലിപ്പിച്ച് കളിക്കില്ല. അത് എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്' - സച്ചിന്‍ പറഞ്ഞു.

കോലിയുടെ ഫുട് വര്‍ക്കിലെ പിഴവുകളെ മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കറും വിമര്‍ശിച്ചിരുന്നു. കൂടുതല്‍ തവണയും കോലി പുറത്താകുന്നത് ഒരേ സാങ്കേതിക പിഴുകൊണ്ടാണെന്നാണെന്നതാണ് വാസ്തവം. ഇംഗ്ലണ്ടിനെതിരേ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റില്‍ കോലി പുറത്തായത് ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തുകളിലാണ്. പഴയ ടൈമിങ് കോലിക്ക് നഷ്ടപ്പെട്ടതായാണ് നിലവിലെ ബാറ്റിങ് കാണുമ്പോള്‍ വ്യക്തമാകുന്നത്.
ലോര്‍ഡ്‌സ് ടെസ്റ്റിലെ അജിന്‍ക്യ രഹാനെ - ചേതേശ്വര്‍ പുജാര 100 റണ്‍സ് കൂട്ടുകെട്ടിനെയും സച്ചിന്‍ പ്രശംസിച്ചു. ' ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടമായ സമയത്ത് വളരെ നിര്‍ണ്ണായകമായ പ്രകടനമായിരുന്നു അത്. വളരെ വേഗത്തില്‍ രഹാനെയും പുജാരയും മടങ്ങിയിരുന്നെങ്കില്‍ കാര്യങ്ങളെല്ലാം മാറിമറിയുമായിരുന്നു. എന്നാല്‍ അവര്‍ ഉറച്ച് നിന്നു. ടീമിന്റെ ആവിശ്യകതക്കനുസരിച്ച് കളിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ നിയുറപ്പിച്ച് നില്‍ക്കാനാണ് എല്ലാ ബാറ്റ്‌സ്മാന്‍മാരും ആഗ്രഹിക്കുകയെങ്കിലും അത് എളുപ്പമല്ല' - സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.