ധരംശാല: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം 7-11വരെ ധരംശാലയില്‍ നടക്കാന്‍ പോവുകയാണ്. പരമ്പര 3-1ന് ഇന്ത്യ ഉറപ്പാക്കിക്കഴിഞ്ഞു. എന്നാല്‍ അഞ്ചാം മത്സരവും ജയിച്ച് ഇംഗ്ലണ്ടിനെ നാണംകെടുത്തി മടക്കാനാവും ഇന്ത്യ ശ്രമിക്കുക. രോഹിത് ശര്‍മക്കും സംഘത്തിനും പരമ്പര നേടിയതിനാല്‍ ആത്മവിശ്വാസത്തോടെ കളിക്കാനാവും. സീനിയര്‍ താരങ്ങളുടെ അഭാവത്തിലും ഇന്ത്യ പരമ്പര നേടിയെന്നതാണ് ശ്രദ്ധേയം.
നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും അഭിമാനിക്കാവുന്ന നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. പരമ്പരയില്‍ ഒരു സെഞ്ച്വറിയടക്കം നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ രോഹിത്തിനായിട്ടുണ്ട്. അഞ്ചാം ടെസ്റ്റിലൂടെ മറ്റൊരു നാഴികക്കല്ല് പിന്നിടാനുള്ള അവസരം രോഹിത് ശര്‍മയെ കാത്തിരിക്കുന്നുണ്ട്. ഇന്ത്യയുടെ ടെസ്റ്റ് റണ്‍വേട്ടക്കാരില്‍ ഗൗതം ഗംഭീറിനെ മറികടക്കാനുള്ള അവസരമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. 58 ടെസ്റ്റ് കളിച്ച ഗംഭീര്‍ 4154 റണ്‍സാണ് നേടിയത്.
രോഹിത് 58 ടെസ്റ്റില്‍ നിന്ന് 4034 റണ്‍സാണ് നേടിയത്. 121 റണ്‍സ് നേടിയാല്‍ ഗംഭീറിനെ മറികടക്കാന്‍ രോഹിത് ശര്‍മക്കാവും. രോഹിത് 100 ഇന്നിങ്‌സാണ് ബാറ്റുചെയ്തിരിക്കുന്നത്. 104 ഇന്നിങ്‌സാണ് ഗംഭീര്‍ ബാറ്റു ചെയ്തത്. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് (15921) ഇന്ത്യയുടെ ടെസ്റ്റ് റണ്‍വേട്ടക്കാരില്‍ മുന്നിലുള്ളത്. രാഹുല്‍ ദ്രാവിഡ് 13265 റണ്‍സും നേടിയിട്ടുണ്ട്.
സുനില്‍ ഗവാസ്‌കര്‍, വിരാട് കോലി, വിവിഎസ് ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി, ചേതേശ്വര്‍ പുജാര, ദിലീപ് വെങ്‌സര്‍ക്കാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, ഗുണ്ടപ്പ വിശ്വനാഥ്, കപില്‍ ദേവ്, അജിന്‍ക്യ രഹാനെ, എംഎസ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരും രോഹിത്തിന് മുന്നിലാണ്. നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ 297 റണ്‍സാണ് രോഹിത് നേടിയത്. ഇന്ത്യയുടെ ഏക സീനിയര്‍ താരം രോഹിത്താണ്. 655 റണ്‍സുമായി യശ്വസി ജയ്‌സ്വാളാണ് റണ്‍വേട്ടക്കാരില്‍ മുന്നില്‍.

ശുബ്മാന്‍ ഗില്‍ 342 റണ്‍സും സാക്ക് ക്രോളി 328 റണ്‍സും ബെന്‍ ഡക്കെറ്റ് 314 റണ്‍സും നേടിയിട്ടുണ്ട്. അഞ്ചാം ടെസ്റ്റ് ഇംഗ്ലണ്ടിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. പരമ്പരയില്‍ ജയിച്ച് തുടങ്ങിയ നിരയാണ് ഇംഗ്ലണ്ട്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ അട്ടിമറിച്ചെങ്കിലും പിന്നീടങ്ങോട്ട് ഈ മികവ് തുടരാനായില്ല. ജയ്‌സ്വാളിന്റെ ഫോമാണ് ഇന്ത്യക്ക് കരുത്തായത്. രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ റെക്കോഡ് പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെച്ചത്.
അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റങ്ങളോടെയാവും ഇറങ്ങുക. നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ച ജസ്പ്രീത് ബുംറ അഞ്ചാം ടെസ്റ്റിലൂടെ തിരിച്ചുവരും. ഇതോടെ മുഹമ്മദ് സിറാജിന് വിശ്രമം നല്‍കിയേക്കും. യുവതാരം ആകാശ് ദീപ് നാലാം ടെസ്റ്റിലൂടെ അരങ്ങേറ്റം കുറിച്ചിരുന്നു. മൂന്ന് വിക്കറ്റുമായി താരം തിളങ്ങുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അഞ്ചാം ടെസ്റ്റില്‍ ആകാശ് സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത കൂടുതല്‍.
രജത് പാട്ടീധാര്‍ മോശം ഫോമിലാണ്. മൂന്ന് മത്സരം കളിച്ചെങ്കിലും താരത്തിന് മികച്ചൊരു ഇന്നിങ്‌സ് കാഴ്ചവെക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ പാട്ടീധാറിനെ ഇന്ത്യ ഒഴിവാക്കിയേക്കും. പകരം ദേവ്ദത്ത് പടിക്കലിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കും. സര്‍ഫറാസ് ഖാനും ദ്രുവ് ജുറേലും മികച്ച പ്രകടനമാണ് പരമ്പരയില്‍ കാഴ്ചവെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ അവസാന മത്സരത്തിലും ഈ യുവതാരങ്ങളില്‍ പ്രതീക്ഷവെക്കുന്നു.
ഇംഗ്ലണ്ട് ബാസ് ബോള്‍ ശൈലിയില്‍ത്തന്നെ കളിക്കുമെന്ന മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അഞ്ചാം ടെസ്റ്റില്‍ കടന്നാക്രമിച്ച് കളിച്ച് ഇന്ത്യയെ തോല്‍പ്പിച്ച് മടങ്ങാന്‍ ഇംഗ്ലണ്ടിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ബെന്‍ സ്‌റ്റോക്‌സും സംഘവും ശക്തമായ താരനിരയാണ്. പരമ്പര കൈവിട്ടെങ്കിലും ടീം ഇപ്പോഴും കരുത്തുറ്റതാണ്. അതുകൊണ്ടുതന്നെ ശക്തമായ പോരാട്ടം പ്രതീക്ഷിക്കാം.