മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പര 25ന് ആരംഭിക്കാന്‍ പോവുകയാണ്, ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. 2012ന് ശേഷം നാട്ടില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണയും പരമ്പര കൈവിടാതെ നോക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും നിര്‍ണ്ണായകം. ഇന്ത്യ ശക്തമായ താരനിരയെയാണ് ആദ്യ രണ്ട് ടെസ്റ്റിനായി പ്രഖ്യാപിച്ചിരിക്കുന്നത്.
പരമ്പരയിലൂടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ചരിത്ര റെക്കോഡ് സ്വപ്‌നം കാണുകയാണ്. ഇന്ത്യയുടെ നായകന്മാരെന്ന നിലയില്‍ സുനില്‍ ഗവാസ്‌കറിന്റെ പേരിലുള്ള വമ്പന്‍ റെക്കോഡ് തകര്‍ക്കാനുള്ള അവസരമാണ് രോഹിത്തിന് മുന്നിലുള്ളത്. ടെസ്റ്റ് നായകനെന്ന നിലയില്‍ 11 മത്സരത്തില്‍ നിന്ന് 6 ജയമാണ് രോഹിത്തിന്റെ പേരിലുള്ളത്. നിലവില്‍ ബിഷന്‍ സിങ് ബേദിയോടൊപ്പമാണ് രോഹിത്തുള്ളത്. 22 മത്സരത്തില്‍ നിന്ന് ആറ് ജയമാണ് അദ്ദേഹം ഇന്ത്യക്ക് നേടിക്കൊടുത്തത്.

സുനില്‍ ഗവാസ്‌കറും മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും 9 ജയങ്ങള്‍ വീതമാണ് നേടിയത്. 40 ടെസ്റ്റില്‍ നിന്നാണ് ഗവാസ്‌കര്‍ 9 ജയം നേടിക്കൊടുത്തത്. ഇംഗ്ലണ്ട് പരമ്പരയില്‍ നാല് ജയം ഇന്ത്യക്ക് നേടിക്കൊടുക്കാന്‍ രോഹിത്തിനായാല്‍ ഗവാസ്‌കറുടെ റെക്കോഡ് തകര്‍ക്കാന്‍ സാധിക്കും. എന്നാല്‍ കരുത്തുറ്റ താരനിരയുള്ള ഇംഗ്ലണ്ടിനെതിരേ നാല് ജയം നേടുകയെന്നത് കടുപ്പമുള്ള കാര്യമാണ്. വിരാട് കോലിയുടെ അഭാവവും രോഹിത്തിന്റെ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്.
ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമില്‍ കോലി ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണത്താല്‍ പിന്നീട് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതോടെ ഇന്ത്യക്ക് മുന്നില്‍ വലിയ പ്രതിസന്ധിയാണ് ഉയര്‍ന്നിരിക്കുന്നത്. വിരാട് കോലിയുടെ ഉത്തമ പകരക്കാരനായി പരിഗണിക്കാന്‍ ആളില്ലെന്നതാണ് ശരിയായ വസ്തുത. ഇംഗ്ലണ്ടിനെതിരേ ഗംഭീര റെക്കോഡാണ് കോലിക്കുള്ളത്. നാട്ടിലെ ടെസ്റ്റ് കണക്ക് നോക്കുമ്പോള്‍ 65ന് മുകളിലാണ് കോലിയുടെ ശരാശരി.
ഇംഗ്ലണ്ടിനെ സംബന്ധിച്ച് കോലിയുടെ അഭാവം വലിയ ആശ്വാസമാണ്. കോലി ഇല്ലാതെ ഇറങ്ങുന്ന ഇന്ത്യ ദുര്‍ബലന്മാരുടെ നിരയാണെന്ന് നിസംശയം പറയാം. രോഹിത് ശര്‍മയും കെ എല്‍ രാഹുലും മാത്രമാണ് അല്‍പ്പമെങ്കിലും സീനിയേഴ്‌സായുള്ളത്. മറ്റുള്ളവരെല്ലാം യുവതാരങ്ങളാണ്. ഇന്ത്യ സ്പിന്നിനെ തുണക്കുന്ന പിച്ചൊരുക്കിയാല്‍ ഇതേ പിച്ചില്‍ ഇന്ത്യ വീഴാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അനുഭവസമ്പത്ത് കുറവ് ഇന്ത്യക്ക് തിരിച്ചടിയായേക്കും.
രോഹിത് ശര്‍മക്കും മികച്ച റെക്കോഡാണ് ഇംഗ്ലണ്ടിനെതിരേയുള്ളത്. സമീപകാലത്തെ രോഹിത്തിന്റെ ഫോമും മോശമല്ല. എന്നാല്‍ രോഹിത്തിനെക്കൊണ്ട് ഒറ്റക്ക് ഇന്ത്യയെ ചുമലിലേറ്റുക എളുപ്പമാവില്ല. യുവതാരങ്ങളും അവസരത്തിനൊത്ത് ഉയരേണ്ടതായുണ്ട്. അല്ലാത്ത പക്ഷം കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്നുറപ്പ്. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നീ രണ്ട് സീനിയര്‍ താരങ്ങളും ഇന്ത്യന്‍ ടീമിനൊപ്പമില്ല. അതുകൊണ്ടുതന്നെ യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ കൂടുതല്‍ മികവ് കാട്ടേണ്ടിയിരിക്കുന്നു.
ഇംഗ്ലണ്ട് തകര്‍ത്തടിക്കാനുള്ള പദ്ധതിയാണെന്ന് ടീം വ്യക്തമാക്കിക്കഴിഞ്ഞു. ബ്രണ്ടന്‍ മക്കല്ലത്തിന്റെ പരിശീലനത്തിന് കീഴില്‍ ഇംഗ്ലണ്ട് കളിക്കുന്ന ബാസ്‌ബോള്‍ ശൈലി ഇന്ത്യക്കെതിരേയും പുറത്തെടുക്കുമെന്ന് അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടും ഇന്ത്യ കരുതിത്തന്നെയാവും ഇറങ്ങുക. മൂന്ന് സ്പിന്നര്‍മാരെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കാനാണ് സാധ്യത. അവസാനമായി ഇംഗ്ലണ്ട് ഇന്ത്യയിലേക്കെത്തിയപ്പോള്‍ അക്ഷര്‍ പട്ടേലിന്റെ ബൗളിങ്ങാണ് സന്ദര്‍ശകരെ തകര്‍ത്തത്.
ഇത്തവണയും ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം അക്ഷറും പ്ലേയിങ് 11ലേക്കെത്തിയേക്കും. പേസ് നിരയില്‍ മുഹമ്മദ് ഷമിയുടെ അഭാവവും ഇന്ത്യക്കുണ്ട്. എന്തായാലും ഇത്തവണ പരമ്പര നേടിയെടുക്കുക ഇന്ത്യയെ സംബന്ധിച്ച് വളരെ കടുപ്പമായിരിക്കുമെന്ന് പറയാം.