രാജ്‌കോട്ട്: ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങളായ യശസ്വി ജയ്‌സ്വാളിനെയും സര്‍ഫറാസ് ഖാനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ ശകാരിച്ചത് ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിച്ചിട്ടും രോഹിത്ത് എന്തുകൊണ്ടാണ് ഇരുവരെയും ചീത്ത വിളിച്ചതെന്ന സംശയത്തിലാണ് ആരാധകര്‍. ജയ്‌സ്വാളിനെയും സര്‍ഫറാസിനെയും രോഹിത് ശകാരിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
രണ്ടാമിന്നിങ്‌സില്‍ ജയ്‌സ്വാളും സര്‍ഫറാസും ചേര്‍ന്നു തകര്‍പ്പന്‍ ഇന്നിങ്‌സുകളുമായി ഇന്ത്യയെ മുന്നോട്ടു നിയിക്കവെയാണ് രോഹിത്തിന്റെ നിയന്ത്രണം വിട്ടത്. ഇന്ത്യയുടെ ലീഡ് 500 റണ്‍സ് പിന്നിട്ട ശേഷം ഡിക്ലറേഷന്‍ ഉണ്ടാവുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്. ഒരു ഘട്ടത്തില്‍ ജയ്‌സ്വാളും സര്‍ഫറാസും ഇതു തന്നെ കരുതുകയും ചെയ്തു.

ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ രോഹിത് തങ്ങളെ ഡ്രസിങ് റൂമിലേക്കു തിരികെ വിളിച്ചെന്നു കരുതി ജയ്‌സ്വാളും സര്‍ഫറാസും ബാറ്റിങ് മതിയാക്കി ഗ്രൗണ്ട് വിടുകയായിരുന്നു. പക്ഷെ അതു യഥാര്‍ഥത്തില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതായിരുന്നില്ല. മറിച്ച് ഡ്രിങ്ക്‌സ് ബ്രേക്കായിരുന്നു. ജയ്‌സ്വാളും സര്‍ഫറാസും ഇതു മനസ്സിലാക്കാതെ തിരികെ വരുന്നതു കണ്ടതോടെയാണ് രോഹിത് ചൂടായത്.
ജയ്‌സ്വാളിനെയും സര്‍ഫറാസിനെയും രോഹിത് ശകാരിക്കുന്നു, വീഡിയോ കാണാം
എന്തിനാണ് തിരികെ വരുന്നതെന്നും മടങ്ങി പോയി ബാറ്റ് ചെയ്യൂയെന്നും രണ്ടു പേരോടും രോഹിത് ദേഷ്യത്തോടെ പറയുകയും ആംഗ്യം കാണിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു. ക്രീസിലേക്കു തിരികെ മടങ്ങി കുറച്ചു കൂടി ബാറ്റ് ചെയ്യൂവെന്നും ഡിക്ലയര്‍ ചെയ്യാനായിട്ടില്ലെന്നും രോഹിത് ആംഗ്യം കാണിക്കുകയും ചെയ്തു. ഇതോടെയാണ് ജയ്‌സ്വാളിനും സര്‍ഫറാസിനും അബദ്ധം മനസ്സിലായത്.
തിരികെ മടങ്ങിയ രണ്ടു പേരും കുറച്ചു ഓവറുകള്‍ കൂടി ബാറ്റിങ് തുടരുകയായിരുന്നു. ഇന്ത്യയുടെ ലീഡ് 556 റണ്‍സിലെത്തിയതിനു ശേഷമാണ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയാണെന്നും തിരികെ മടങ്ങണമെന്നും ഡ്രസിങ് റൂമില്‍ നിന്നും പുറത്തേക്കു വന്ന രോഹിത് ആംഗ്യം കാണിച്ചത്.
ഇതിനിടെ ജയ്‌സ്വാള്‍ ഡബിള്‍ സെഞ്ച്വിയും അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന സര്‍ഫറാസ് തുടരെ രണ്ടാമത്തെ ഫിഫ്റ്റിയും പൂര്‍ത്തിയാക്കിയിരുന്നു. ടീ ബ്രേക്കിനു അര മണിക്കൂറോളം ബാക്കിനില്‍ക്കെയാണ് 98ാമത്തെ ഓവറില്‍ നാലു വിക്കറ്റിനു 430 റണ്‍സെടുത്ത് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ജയ്‌സ്വാള്‍ 214 റണ്‍സുമായും സര്‍ഫറാസ് 68 റണ്‍സുമായും അപ്പോള്‍ ക്രീസിലുണ്ടായിരുന്നു.

അതേസമയം, രാജ്‌കോട്ട് ടെസ്റ്റില്‍ വമ്പന്‍ ജയമാണ് രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയത്. ഒരു ദിവസം ബാക്കിനില്‍ക്കെ 434 റണ്‍സിനു ഇംഗ്ലണ്ടിനെ ഇന്ത്യ മുക്കുകയായിരുന്നു. ഇന്ത്യ നല്‍കിയ 557 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇംഗ്ലണ്ട് അവസാനത്തെ സെഷനില്‍ 122 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു.
രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിര ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിയുകയായിരുന്നു. ഇംഗ്ലീഷ് നിരയില്‍ ഒരാളെപ്പോലും 35 റണ്‍സ് തികയ്ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. വാലറ്റത്ത് ആഞ്ഞടിച്ച മാര്‍ക്ക് വുഡാണ് (35) ടോപ്‌സ്‌കോറര്‍. 15 ബോളുകള്‍ നേരിട്ട താരം ആറു ഫോറും ഒരു സിക്‌സറുമടിച്ചു.
16 റണ്‍സ് വീതമെടുത്ത ബെന്‍ ഫോക്‌സും ടോം ഹാര്‍ട്ട്‌ലിയുമാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് 15ഉം സാക്ക് ക്രോളി 11ഉം റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. അഞ്ചു വിക്കറ്റുകളെടുത്ത രവീന്ദ്ര ജഡേജയാണ് ഇംഗ്ലണ്ടിന്റെ അന്തകനായത്. കുല്‍ദീപ് യാദവിനു രണ്ടു വിക്കറ്റുകളും ലഭിച്ചു. ജസ്പ്രീത് ബുംറയും ആര്‍ അശ്വിനും ഓരോ വിക്കറ്റ് വീതവും നേടി.