മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തുടര്‍ച്ചയായ മത്സരക്രമം യുവതാരങ്ങളെ സംബന്ധിച്ച് മനസ് മടുപ്പിക്കുകയാണ്. അതുകൊണ്ടുതന്നെ പല യുവതാരങ്ങളും ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ഇടവേളയെടുത്ത് മുങ്ങി നടക്കുകയാണ്. ബിസിസിഐ കരാറിലുള്ള താരങ്ങള്‍ പോലും ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നതാണ് വസ്തുത. ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ഇത്തരത്തില്‍ ടീമില്‍ നിന്ന് മുങ്ങി നടക്കുകയാണ്. രഞ്ജി ട്രോഫി കളിക്കണമെന്ന ബിസിസി ഐയുടെ നിര്‍ദേശം ഇവര്‍ അവഗണിച്ചിരുന്നു.
നേരത്തെ താരങ്ങള്‍ ടീമില്‍ നിന്ന് ഇടവേളയെടുക്കുകയും രഞ്ജി ട്രോഫിയില്‍ കളിക്കാതിരിക്കുകയും ചെയ്യുന്നതിനോട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രോഹിത്തിന്റെ പ്രതികരണം യുവതാരങ്ങളെ വെട്ടിലാക്കിയിരിക്കുകയാണ്. ബിസിസി ഐ നിര്‍ദേശം പാലിക്കാത്ത താരങ്ങളെ വിലക്കിയേക്കാനാണ് നായകനെന്ന നിലയില്‍ രോഹിത് ശര്‍മ പറയുന്നത്. ഇതോടെ യുവതാരങ്ങള്‍ പെട്ടിരിക്കുകയാണ്.

പല ക്രിക്കറ്റ് അസോസിയേഷനുകളും രോഹിത്തിന്റെ അഭിപ്രായത്തോട് യോജിച്ച് രംഗത്തെത്തിയതോടെ യുവതാരങ്ങള്‍ പെട്ടിരിക്കുകയാണെന്ന് പറയാം. 'ഇന്ത്യന്‍ നായകന്റെ വാക്കുകളോട് നൂറു ശതമാനം യോജിക്കുന്നു. രഞ്ജി ട്രോഫി വളരെ പ്രധാനപ്പെട്ടതാണ്. യുവതാരങ്ങള്‍ക്ക് ടെസ്റ്റ് കളിക്കാനുള്ള ആര്‍ത്തിയുണ്ടാവണം. എന്നാല്‍ പല യുവതാരങ്ങള്‍ക്കും ഇക്കാര്യത്തില്‍ മടിയാണ്. രഞ്ജി ട്രോഫി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നട്ടെല്ലാണെന്ന് മനസിലാക്കണം' മധ്യ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഭിലാഷ് പറഞ്ഞു.
ശ്രേയസ് അയ്യരോടും ഇഷാന്‍ കിഷനോടും രഞ്ജി ട്രോഫി കളിക്കാന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ഇത് അവഗണിക്കുകയാണ് ചെയ്തത്. ഇതോടെ ബിസിസി ഐ സെക്രട്ടറി ജയ് ഷാ ഇതില്‍ കടുത്ത നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരുന്നു. നിര്‍ദേശങ്ങള്‍ പാലിക്കാത്ത താരങ്ങളുടെ കേന്ദ്ര കരാര്‍ റദ്ദാക്കാനും ബിസിസി ഐ തയ്യാറെടുത്തിരുന്നു. ഇതോടെ ശ്രേയസും ഇഷാനും കുടുങ്ങി. രോഹിത്തിന്റെ നിലപാടും എത്തിയതോടെ രണ്ട് താരങ്ങളും ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തയ്യാറായിരിക്കുകയാണ്.
ഇഷാന്‍ കിഷന്‍ ഡിവൈ പാട്ടീല്‍ പരമ്പരയില്‍ കളിക്കുന്നുണ്ട്. ശ്രേയസ് രഞ്ജി ട്രോഫി സെമിയില്‍ മുംബൈക്കൊപ്പം കളിക്കും. ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നില്ലെന്നത് വലിയ പ്രശ്‌നമാണ്. ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നവരാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ താരങ്ങളെല്ലാം ഐപിഎല്ലിനായി പോവും. ഇതിന് പിന്നാലെ ടി20 ലോകകപ്പും വരികയാണ്.
താരങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നില്ലെന്ന ആക്ഷേപം യുവതാരങ്ങള്‍ക്കിടയിലുണ്ട്. രഞ്ജി ട്രോഫി കളിച്ച് ശ്രേയസിനോട് ഫോം കണ്ടെത്തണമെന്നായിരുന്നു ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശം. ഇംഗ്ലണ്ട് പരമ്പരയില്‍ നിരാശപ്പെടുത്തിയ പ്രകടനം കാഴ്ചവെച്ചതോടെ ശ്രേയസിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ രഞ്ജി ട്രോഫി കളിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചെങ്കിലും അവസാന ഘട്ടത്തിലാണ് ശ്രേയസ് ഇതിനോട് വഴങ്ങിയിരിക്കുന്നത്.
പരിക്ക് മൂലമാണ് രഞ്ജി ട്രോഫി കളിക്കാത്തതെന്ന് ശ്രേയസ് അറിയിച്ചിരുന്നെങ്കിലും പരിശോധനയില്‍ താരത്തിന് പരിക്കില്ലെന്ന് വ്യക്തമായതോടെ കൂടുതല്‍ നാണക്കേട് നേരിടേണ്ടി വരികയായിരുന്നു. ശ്രേയസ് ടീം മാനേജ്‌മെന്റിനേയും ബിസിസിഐയേയും പറ്റിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ എല്ലാവര്‍ക്കും അതൃപ്തിയുണ്ട്. ശ്രേയസിന് ടി20 ലോകകപ്പില്‍ ഇടം ലഭിക്കാന്‍ സാധ്യത കുറവാണെന്ന് പറയാം. എന്നാല്‍ അതിന് ശേഷം നടക്കുന്ന സിംബാബ് വെ പര്യടനത്തില്‍ ശ്രേയസ് ഉള്‍പ്പെട്ടേക്കും.
ഇഷാന്‍ കിഷന്‍ മാനസിക വിശ്രമം ആവശ്യപ്പെട്ടാണ് ടീമില്‍ നിന്ന് ഇടവേളയെടുത്തത്. ഇതിന് ശേഷം അദ്ദേഹം മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതും പബ്ബില്‍ ആഘോഷിച്ചതുമെല്ലാം വലിയ വിവാദമായിരുന്നു. രഞ്ജി ട്രോഫി കളിക്കാതെ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ഇഷാന്‍ പരിശീലനം നടത്തിയതിന്റെ ചിത്രങ്ങളും വിവാദമായിരുന്നു. എന്തായാലും ശ്രേയസിനും ഇഷാനും ദേശീയ ടീമിലേക്ക് തിരിച്ചുവരവ് നടത്തുക പ്രയാസമായിരിക്കുമെന്ന് പറയാം.