ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. 28 റണ്‍സിനാണ് സന്ദര്‍ശകരായ ഇംഗ്ലണ്ടിനോട് ഇന്ത്യ നാണംകെട്ടത്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 231 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 202 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. ഏഴ് വിക്കറ്റ് വീഴ്ത്തിയ ടോം ഹാര്‍ട്ട്‌ലിയാണ് ഇന്ത്യയുടെ ഹൃദയം തകര്‍ത്തത്. ഒന്നാം ഇന്നിങ്‌സില്‍ 190 റണ്‍സിന്റെ ലീഡ് നേടിയ ശേഷമാണ് ഇന്ത്യയുടെ തോല്‍വിയെന്നതാണ് ശ്രദ്ധേയം.
ഇന്ത്യ അനായാസം ജയം പ്രതീക്ഷിച്ചിടത്തുനിന്നാണ് ഇംഗ്ലണ്ട് ജയിച്ചുകയറിയത്. ഇപ്പോഴിതാ ഇന്ത്യയുടെ തോല്‍വിയുടെ കാരണത്തെക്കുറിച്ച് നായകന്‍ രോഹിത് ശര്‍മ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. 'എവിടെയാണ് തെറ്റ്പറ്റിയതെന്ന് ചൂണ്ടിക്കാട്ടുക പ്രയാസമാണ്. 190 റണ്‍സിന്റെ ലീഡ് നേടിയപ്പോള്‍ ബാറ്റിങ്ങില്‍ ഞങ്ങള്‍ മികച്ചതാണെന്ന് ചിന്തിച്ചു. ഒലി പോപ്പിന്റെ ബാറ്റിങ് ഗംഭീരമായിരുന്നു. വിദേശ താരങ്ങളുടെ ഇന്ത്യയിലെ പ്രകടനങ്ങളില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണിത്.
നന്നായിയാണ് ഞങ്ങള്‍ പന്തെറിഞ്ഞത്. ടീമിന്റെ പദ്ധതികള്‍ ബൗളര്‍മാര്‍ നന്നായി നടപ്പിലാക്കി. എന്നാല്‍ പോപ്പ് നന്നായി കളിച്ചു. ആകെ ടീമെന്ന നിലയിലാണ് ഞങ്ങള്‍ പരാജയപ്പെട്ടത്. മികച്ച രീതിയിലല്ല ഞങ്ങള്‍ ബാറ്റ് ചെയ്തത്. ബാറ്റ്‌സ്മാന്‍മാര്‍ അഞ്ചാം ദിവസത്തിലേക്ക് കളികൊണ്ടുപോകുമെന്നാണ് കരുതിയത്. വാലറ്റം നന്നായി പൊരുതി' രോഹിത് ശര്‍മ പറഞ്ഞു. 196 റണ്‍സ് നേടിയ പോപ്പിന്റെ പ്രകടനമാണ് ഇന്ത്യയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത്.
ഇന്ത്യയുടെ സ്പിന്നര്‍മാരും പേസര്‍മാരും നന്നായിത്തന്നെ പന്തെറിഞ്ഞെങ്കിലും ഇതിനെയെല്ലാം കടത്തിവെട്ടുന്ന ബാറ്റിങ് പ്രകടനമാണ് പോപ്പ് കാഴ്ചവെച്ചത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ താരത്തിനായി. ഇന്ത്യയുടെ ഫീല്‍ഡിങ് പിഴവും പോപ്പിന് കരുത്തായി. അക്ഷര്‍ പട്ടേല്‍ പോപ്പിനെ കൈവിട്ട് കളഞ്ഞത് മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചു. പോപ്പിന്റെ ഒറ്റയാള്‍ പോരാട്ടമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് കരുത്തായത്.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം തന്നെ ലഭിച്ചു. 42 റണ്‍സ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത ശേഷമാണ് ജയ്‌സ്വാളിനെ ഇന്ത്യക്ക് നഷ്ടമായത്. അമിത പ്രതിരോധത്തിന് ശ്രമിച്ചതാണ് ജയ്‌സ്വാളിന് തിരിച്ചടിയായത്. മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പാവുന്നു. പ്രതിരോധത്തിന് ശ്രമിച്ച ഗില്‍ ഡെക്കിനാണ് മടങ്ങിയത്. കെ എല്‍ രാഹുല്‍ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ 22 റണ്‍സില്‍ വീണു. ജോ റൂട്ടിന്റെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു.
ആദ്യ ഇന്നിങ്‌സിലെ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്ന രവീന്ദ്ര ജഡേജ രണ്ടാം ഇന്നിങ്‌സില്‍ റണ്ണൗട്ടായതും ഇന്ത്യക്ക് തിരിച്ചടിയായി. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സിന്റെ ഗംഭീര ഫീല്‍ഡിങ്ങും ഡയറക്ട് ത്രോയുമാണ് ജഡേജയ്ക്ക് പുറത്തോട്ടുള്ള വഴിതുറന്നത്. ഇത് ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണമായി മാറുകയും ചെയ്തു. 39 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റണ്‍സ് പിന്തുടരുമ്പോള്‍ അനുഭവസമ്പന്നരായ താരങ്ങളുടെ അഭാവം ഇന്ത്യയെ വേട്ടയാടുന്നു.
ചേതേശ്വര്‍ പുജാരയുടെ വിടവ് നികത്താന്‍ ശുബ്മാന്‍ ഗില്ലിനും അജിന്‍ക്യ രഹാനെയുടെ വിടവ് നികത്താന്‍ ശ്രേയസ് അയ്യര്‍ക്കും സാധിക്കുന്നില്ല. വിരാട് കോലിയുടെ അഭാവം ഇന്ത്യക്ക് എത്രത്തോളം വലിയ തിരിച്ചടിയാണെന്ന് തെളിയിക്കുന്നതാണ് ഈ തോല്‍വി. ഹൈദരാബാദില്‍ ഇന്ത്യ ടെസ്റ്റ് തോല്‍ക്കുന്നത് ഇതാദ്യമായാണ്.
നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ ചീട്ടുകീറാനാണ് സാധ്യത കൂടുതല്‍. അവസാനം നാട്ടില്‍ കളിച്ച മൂന്ന് ടെസ്റ്റിലും ജയിക്കാന്‍ ഇന്ത്യക്കായിട്ടില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. വിരാട് കോലിക്ക് കീഴില്‍ ഇന്ത്യ നാട്ടില്‍ രണ്ട് ടെസ്റ്റ് മാത്രമാണ് തോറ്റതെന്നതും എടുത്തു പറയണം.