ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റു ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഭേദപ്പെട്ട തുടക്കം ലഭിച്ച ഇംഗ്ലണ്ടിനായി ഓപ്പണര്‍ സാക്ക് ക്രോളി അര്‍ധ സെഞ്ച്വറി നേടി. 108 പന്ത് നേരിട്ട് 11 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 79 റണ്‍സാണ് ക്രോളി നേടിയത്. ക്രോളി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി അധികം വൈകാതെ തന്നെ താരത്തിന്റെ വിക്കറ്റ് ഇന്ത്യക്ക് ലഭിച്ചതാണ്.
എന്നാല്‍ നായകന്‍ രോഹിത് ശര്‍മയുടെ മണ്ടന്‍ തീരുമാനം വിക്കറ്റ് നിഷേധിക്കുകയായിരുന്നു. കുല്‍ദീപ് യാദവിന്റെ ഓവറിലാണ് വിവാദ സംഭവം നടക്കുന്നത്. കുല്‍ദീപ് യാദവിന്റെ പന്ത് ലെഗ് സൈഡിലൂടെ ക്രോളിയുടെ ബാറ്റിന്റെ തൊട്ടടുത്തുകൂടി വിക്കറ്റ് കീപ്പര്‍ ദ്രുവ് ജുറേലിന്റെ കൈയിലേക്കെത്തുന്നു. എന്നാല്‍ പന്ത് കൃത്യമായി കൈയിലൊതുക്കാന്‍ ജുറേലിന് സാധിച്ചില്ല. ജുറേലിന്റെ കൈയില്‍ തട്ടി ഉയര്‍ന്ന പന്തിനെ ബാറ്റ്‌സ്മാന്റെ അടുത്ത് ഫീല്‍ഡ് ചെയ്യുകയായിരുന്ന സര്‍ഫറാസ് ഖാന്‍ ഡൈവിങ്ങിലൂടെ കൈയിലൊതുക്കുന്നു.
ക്യാച്ചെടുത്തതോടെ വിക്കറ്റിനായി സര്‍ഫറാസ് ഖാന്‍ അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ അനുകൂല നിലപാടെടുത്തില്ല. ഇതോടെ സര്‍ഫറാസ് നായകന്‍ രോഹിത് ശര്‍മയോടെ ഔട്ടാണെന്ന് ഉറപ്പിച്ച് പറയുകയും റിവ്യൂവെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍ രോഹിത് ശര്‍മ സര്‍ഫറാസിനെ വിശ്വസിച്ചില്ല. തനിക്കുറപ്പുണ്ടെന്നും കണ്ടതാണെന്നും സര്‍ഫറാസ് ഉറപ്പിച്ച് പറഞ്ഞെങ്കിലും രോഹിത് സര്‍ഫറാസിനൊപ്പം നിന്നില്ല. രോഹിത് വിക്കറ്റ് കീപ്പര്‍ ജുറേലിനോട് ചോദിച്ചപ്പോള്‍ താരം ഔട്ടാണെന്ന് കരുതുന്നില്ലെന്നാണ് പറഞ്ഞത്.
ഇതോടെ സര്‍ഫറാസിനെ അവിശ്വസിച്ച് രോഹിത് ജുറേലിന്റെ വാക്ക് കേട്ടു. പിന്നീട് റീപ്ലേയില്‍ ക്രോളിയുടെ ബാറ്റില്‍ പന്ത് ചെറുതായി തട്ടിയിരുന്നുവെന്ന് വ്യക്തമായി. സര്‍ഫറാസ് ഖാനെ രോഹിത് വിശ്വസിച്ചിരുന്നെങ്കില്‍ ഇത് വിക്കറ്റാവുമായിരുന്നുവെന്ന് ഉറപ്പാണ്. റിപ്ലേ കണ്ടതോടെ രോഹിത് ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചത്. സര്‍ഫറാസ് നിരാശ കലര്‍ന്ന ചിരിയാണ് മടക്കി നല്‍കിയത്. പിന്നീട് രോഹിത്തിന്റെ മുഖത്ത് നിരാശ പ്രകടമായി.

ഈ ഓവര്‍ എറിഞ്ഞ കുല്‍ദീപ് യാദവ് രണ്ട് കൈയും പൊക്കുകയും താഴ്ത്തുകയും ചെയ്താണ് തന്റെ നിരാശ പ്രകടമാക്കിയത്. അടുത്തു ഫീല്‍ഡ് ചെയ്യുന്ന സര്‍ഫറാസിന് പന്തിന്റെ ദിശ കൃതമായി മനസിലാക്കാനാവും. പിന്നില്‍ നില്‍ക്കുന്ന വിക്കറ്റ് കീപ്പറെക്കാള്‍ വ്യക്തമാകുന്നത് അടുത്തു നില്‍ക്കുന്ന ഫീല്‍ഡര്‍ക്കാണ്. അതുകൊണ്ടുതന്നെ രോഹിത് സര്‍ഫറാസിനെ വിശ്വസിക്കണമായിരുന്നു. അനാവശ്യ റിവ്യൂ പാഴാക്കുന്ന രോഹിത് സുവര്‍ണ്ണാവസരം തുലച്ചു.
കൂടാതെ സര്‍ഫറാസ് അത്രയും പറഞ്ഞിട്ടും ഉള്‍ക്കൊള്ളാതെയിരുന്നത് നായകന്റെ അഹങ്കാരമാണെന്നും ആരാധകര്‍ പറയുന്നു. സര്‍ഫറാസ് ഖാനെയോര്‍ത്ത് സങ്കടമുണ്ടെന്നും തന്നെ വിശ്വസിക്കാന്‍ നായകന്‍ തയ്യാറാവാത്തത് അവനെ മാനസികമായി തളര്‍ത്തിയിട്ടുണ്ടാവുമെന്നും ആരാധകര്‍ പറയുന്നു. രോഹിത് ശര്‍മ യുവതാരങ്ങളുടെ മനസ് കാണുന്നില്ലെന്നും ചിലരോട് കൂടുതല്‍ താല്‍പര്യം കാട്ടുന്നുവെന്നുമാണ് മറ്റൊരു ആരാധകന്‍ പ്രതികരിച്ചത്.
ഈ സംഭവത്തിന് പിന്നാലെ രോഹിത്തിനോടെ ചെറുതായി കണക്കുവീട്ടാനും സര്‍ഫറാസിന് സാധിച്ചു. ജസ്പ്രീത് ബുംറയുടെ ഓവറില്‍ സാക്ക് ക്രോളിയുടെ ബാറ്റില്‍ ഉരസിയെന്ന് തോന്നിപ്പിച്ച് പന്ത് ജുറേലിന്റെ കൈയിലേക്ക്. ജുറേല്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തു. വിക്കറ്റെന്ന് ഉറപ്പിച്ച പോലെയായിരുന്നു ജുറേലിന്റെ ആഘോഷം. എന്നാല്‍ അംപയര്‍ നോട്ടൗട്ടാണ് വിധിച്ചത്. ഇതോടെ റിവ്യൂവെടുക്കാനായി രോഹിത് ജുറേലിന്റെ അടുത്തേക്കെത്തി.
രോഹിത് സര്‍ഫറാസ് ഖാനോട് ഇത് വിക്കറ്റാണോയെന്ന് ചോദിച്ചപ്പോള്‍ കണ്ടില്ലെന്നാണ് സര്‍ഫറാസ് പറഞ്ഞത്. സര്‍ഫറാസ് ചെറുതായി രോഹിത്തിനോട് കണക്കുവീട്ടിയെന്നാണ് കമന്റേറ്റര്‍മാര്‍ അപ്പോള്‍ പ്രതികരിച്ചത്. എന്തായാലും വലിയ സ്‌കോറിലേക്കുയരാന്‍ ക്രോളിക്ക് സാധിക്കാതെ പോയി. സെഞ്ച്വറി പിന്നിട്ട് താരം മുന്നോട്ട് പോയിരുന്നെങ്കില്‍ രോഹിത്തിന് കൂടുതല്‍ വിമര്‍ശനം ഏല്‍ക്കേണ്ടി വരുമായിരുന്നു.
പ്ലേയിങ് 11: ഇന്ത്യ- യശ്വസി ജയ്സ്വാള്‍, രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, ദേവ്ദത്ത് പടിക്കല്‍, രവീന്ദ്ര ജഡേജ, സര്‍ഫറാസ് ഖാന്‍, ദ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ
ഇംഗ്ലണ്ട്- സാക്ക് ക്രോളി, ബെന്‍ ഡക്കെറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് (c), ബെന്‍ ഫോക്സ്, ടോം ഹാര്‍ട്ട്ലി, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്സന്‍, ഷൊയ്ബ് ബഷീര്‍