IND vs ENG: 'കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു അത്', 2011ലെ ഓര്‍മ പങ്കുവെച്ച് രോഹിത് ശര്‍മ
ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനംകൊണ്ട് കൈയടി നേടുകയാണ് ഓപ്പണര്‍ രോഹിത് ശര്‍മ. ലോര്‍ഡ്‌സില്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 83 റണ്‍സാണ് അദ്ദേഹം നേടിയത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറായി രോഹിത് ശര്‍മ മാറിക്കഴിഞ്ഞു. സ്പിന്‍ ഓള്‍റൗണ്ടറായി എത്തിയ അദ്ദേഹത്തിന് മധ്യനിരയിലാണ് തുടക്ക കാലത്ത് അവസരം ലഭിച്ചിരുന്നത്.
ടീമിലെ സ്ഥിര സാന്നിധ്യമാവാന്‍ പോലും സാധിക്കാതിരുന്ന രോഹിതിനെ ഓപ്പണറാക്കി ധോണി പരീക്ഷിച്ചതോടെയാണ് അദ്ദേഹത്തിന്റെ കരിയര്‍ മാറി മറിഞ്ഞത്. ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളാണ് രോഹിത് ശര്‍മ. ഇന്ത്യയുടെ ബാറ്റിങ്‌നിരയില്‍ വിരാട് കോലിയോടൊപ്പം പ്രാധാന്യം ലഭിക്കുന്ന താരമായി രോഹിത് വളര്‍ന്നുകഴിഞ്ഞു. ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും മോശം സമയത്തെക്കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുകയാണ്.

2011ലെ ലോകകപ്പ് ടീമിലിടം ലഭിച്ചില്ല
2011ലെ ഏകദിന ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കപ്പെടാതെ ഇരുന്നത് കരിയറിലെ ഏറ്റവും മോശം സമയമായാണ് കരുതുന്നത്. ടീമില്‍ അവസരം ലഭിക്കാത്തതില്‍ വളരെ നിരാശനായിരുന്നു. കാരണം അന്ന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ലോകകപ്പ് കളിക്കാനുള്ള അവസരമായിരുന്നു. ഇന്ത്യക്ക് ലോകകപ്പ് നേടാനുള്ള സുവര്‍ണ്ണാവസരമായിരുന്നു അതെന്ന് എനിക്കറിയാമായിരുന്നു. ആ ടീമിന്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവസരം ലഭിച്ചില്ല. ഇതോടെ ഞാന്‍ സ്വയം കുറ്റപ്പെടുത്താന്‍ തുടങ്ങി. അതില്‍ ആരെയും എനിക്ക് കുറ്റപ്പെടുത്താനാവില്ല. കാരണം ലോകകപ്പിന് മുമ്പ് എനിക്ക് മികച്ച പ്രകടനം നടത്താനായിരുന്നില്ല'-രോഹിത് ശര്‍മ പറഞ്ഞു.

2011ലെ ലോകകപ്പ് കിരീടം ഇന്ത്യക്ക്
എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യ 2011ലെ ഏകദിന ലോകകപ്പ് കിരീടം അലമാരയിലെത്തിച്ചിരുന്നു. യുവരാജ് സിങ്ങിന്റെ ഓള്‍റൗണ്ട് ഷോയിലാണ് ഇന്ത്യ ലോകകപ്പ് ചൂടിയത്. ഫൈനലില്‍ ശ്രീലങ്കയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സച്ചിനും സെവാഗും ഗംഭീറും എല്ലാം ഉള്‍പ്പെട്ട ടീമിന്റെ മധ്യനിരയില്‍ സുരേഷ് റെയ്‌നയായിരുന്നു ഉണ്ടായിരുന്നത്. ആ ടീമില്‍ രോഹിതിന്റെ അന്നത്തെ പ്രകടനം വെച്ച് ഇടം നേടുക പ്രയാസം തന്നെയായിരുന്നു.

ലോകകപ്പില്‍ ഇടം ലഭിക്കാതിരുന്നത് മറ്റൊരു തരത്തില്‍ ഗുണം
എന്നാല്‍ ലോകകപ്പിനുള്ള ടീമില്‍ ഇടം ലഭിക്കാതിരുന്നത് മറ്റൊരു തരത്തില്‍ ഗുണം ചെയ്‌തെന്നും രോഹിത് പറഞ്ഞു. 'എന്റെ പ്രകടനത്തെ മെച്ചപ്പെടുത്തണമെന്ന തോന്നലുണ്ടായി. മത്സരത്തെ കൂടുതല്‍ നന്നായി മനസിലാക്കാന്‍ ശ്രമിച്ചു. എല്ലാവരും ലോകകപ്പ് ടീമിന്റെ ഭാഗമാകണമെന്ന് ആഗ്രഹിക്കും. അത് സാധിക്കാത്തതിനാല്‍ത്തന്നെ തികച്ചും വ്യത്യസ്തനായ മനോഭാവത്തോടെയാണ് തിരിച്ചെത്തിയത്. ബാറ്റിങ്ങിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ആരംഭിച്ചു. എല്ലാ കാര്യങ്ങളും മാറ്റി. എന്റെ ചിന്താഗതിയിലും സാങ്കേതികതയിലും വേണ്ട മാറ്റം വരുത്തി.
ലോകകപ്പിന് മുമ്പ് വരെ ഇന്ത്യക്കായി കളിച്ചപ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്കൊന്നും പ്രാധാന്യം നല്‍കിയിരുന്നില്ല എന്ന് പറയാനാവില്ല. കാരണം എന്റെ ബാറ്റിങ് പൊസിഷന്‍ മധ്യനിരയിലായിരുന്നു. അത് എനിക്ക് അനുയോജ്യമായിരുന്നില്ല. അത് എന്നെ അല്‍പ്പം പിന്നോട്ടടിച്ചു. ബാറ്റ് ചെയ്യുന്ന പൊസിഷനനുസരിച്ച് ബാറ്റിങ്ങിലും മാറ്റം വരുത്തേണ്ടതായുണ്ട്'- രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.

രോഹിത് ശര്‍മയുടെ കരിയര്‍
34കാരനായ രോഹിത് ശര്‍മ 41 ടെസ്റ്റില്‍ നിന്ന് 46.83 ശരാശരിയില്‍ 2810 റണ്‍സും 227 ഏകദിനത്തില്‍ നിന്ന് 48.96 ശരാശരിയില്‍ 9205 റണ്‍സും 111 ടി20യില്‍ നിന്ന് 32.18 ശരാശരിയില്‍ 2864 റണ്‍സുമാണ് രോഹിതിന്റെ പേരിലുള്ളത്. ടെസ്റ്റില്‍ ഏഴ് സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും ഏകദിനത്തില്‍ 29 സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും ടി20യില്‍ നാല് സെഞ്ച്വറിയും രോഹിതിന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ അദ്ദേഹം അഞ്ച് തവണ ടീമിനെ കിരീടത്തിലേക്കെത്തിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications