Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ധോണിയെ കടത്തി വെട്ടി രോഹിത്! ഇനി സച്ചിന്‍ സൂക്ഷിക്കണം, കോലിയാണ് കിങ്

വിശാഖപട്ടണം: ഇംഗ്ലണ്ടുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നേടിയ ഗംഭീര ജയത്തോടെ ഒരു വമ്പന്‍ നേട്ടത്തിന് അവകാശിയായിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഒരു ദിവസം ബാക്കിനില്‍ക്കെ ബെന്‍ സ്റ്റോക്‌സിനെയും സംഘത്തെയും 106 റണ്‍സിനാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-1നു ഒപ്പമെത്താനും ഇന്ത്യക്കായിരുന്നു. ഹൈദരാബാദിലെ ഒന്നാം ടെസ്റ്റിലേറ്റ ഞെട്ടിക്കുന്ന പരാജയത്തിനു ശേഷമാണ് രണ്ടാം ടെസ്റ്റിലേക്കു ഇന്ത്യ ഗംഭീരമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനോടൊപ്പം ഏറ്റവുമധികം വിജയങ്ങളില്‍ പങ്കാളിയായിട്ടുള്ള മൂന്നാമത്തെ താരമെന്ന റെക്കോഡാണ് രോഹിത് കൈക്കലാക്കിയിരിക്കുന്നത്. നേരത്തേ എലൈറ്റ് ലിസ്റ്റിലെ മൂന്നാമന്‍ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയായിരുന്നു. എന്നാല്‍ വിശാഖപട്ടണത്തു നടന്ന രണ്ടാം ടെസ്റ്റിലെ വിജയം ധോണിയെ പിന്തള്ളാന്‍ ഹിറ്റ്മാനെ സഹായിക്കുകയായിരുന്നു.

ROHIT SHARMA

വിവിധ ഫോര്‍മാറ്റുകളിലുമായി 296 വിജയങ്ങളിലാണ് രോഹിത് പങ്കാളിയായിട്ടുള്ളത്. ധോണിയാവട്ടെ 295 വിജയങ്ങളിലും പങ്കാളിയായി. ഇനി രണ്ടു പേര്‍ മാത്രമേ ഈ ലിസ്റ്റില്‍ രോഹിത്തിനു മുന്നിലുള്ളൂ. തൊട്ടുമുകളിലായി രണ്ടാംസ്ഥാനത്തു മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. തലപ്പത്താവട്ടെ മുന്‍ നായകനും റണ്‍മെഷീനുമായ വിരാട് കോലിയുമാണുള്ളത്.

രോഹിത്തിനേക്കാള്‍ അധികം മുന്നിലല്ല ഈ രണ്ടു പേരും. സച്ചിന്‍ 307 വിജയങ്ങളില്‍ ഇന്ത്യക്കൊപ്പം പങ്കാളിയായപ്പോള്‍ കോലി 313 വിജയങ്ങളിലും ടീമിനൊപ്പം പങ്കുചേര്‍ന്നു. 12 ജയങ്ങള്‍ കൂടി ടീമിനോടൊപ്പം നേടാനായാല്‍ സച്ചിനെ കടത്തിവെട്ടാന്‍ രോഹിത്തിനു കഴിയും.

ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യന്‍ ടീമിനോടൊപ്പം 82ാമത്തെ വിജയമാണ് രോഹിത് ഇംഗ്ലണ്ടിനെതിരേ സ്വന്തമാക്കിയത്. 73.21 എന്ന തകര്‍പ്പന്‍ വിജയ ശതമാനമാണ് അദ്ദേഹത്തിനുള്ളത്. ചരിത്രമെടുത്താല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ ഏറ്റവുമധികം വിജയശതമാനമുള്ള നായകന്‍ കൂടിയാണ് രോഹിത്.

മൂന്നു ഫോര്‍മാറ്റുകളിലുമായി 112 മല്‍സരങ്ങളിലാണ് അദ്ദേഹം ടീം ഇന്ത്യയെ നയിച്ചിട്ടുള്ളത്. ഇതില്‍ 82 മല്‍സങ്ങളിലും വിജയം കൊയ്യാന്‍ ഹിറ്റ്മാന് കഴിഞ്ഞിട്ടുണ്ട്. 26 മല്‍സരങ്ങളില്‍ ടീം തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ രണ്ടു മല്‍സരങ്ങളില്‍ സമനിലയും വഴങ്ങേണ്ടി വന്നു.

ഒരു വമ്പന്‍ റെക്കോര്‍ഡും വിശാഖപട്ടണം ടെസ്റ്റില്‍ രോഹിത്തിനെ തേടിയെത്തിയിരുന്നു. ഇംഗ്ലണ്ട് ടീം അഗ്രസീവായ ബാസ് ബോള്‍ ശൈലിയിലേക്കു മാറിയ ശേഷം അവരെ ടെസ്റ്റില്‍ പരാജയപ്പെടുത്തിയ ആദ്യത്തെ ഏഷ്യന്‍ ടെസ്റ്റ് ക്യാപ്റ്റനായി അദ്ദേഹം മാറിയിരിക്കുകയാണ്.

INDIA

അതേസമയം, രണ്ടു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ 399 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യമായിരുന്നു ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. പക്ഷെ നാലാം ദിനം ലഞ്ച് ബ്രേക്കിനു ശേഷം 292 റണ്‍സില്‍ ഇംഗ്ലണ്ട് പുറത്താവുകയായിരുന്നു. ഇതോടെ ഒരു ദിവസം ബാക്കിനില്‍ക്കെ 106 റണ്‍സിന്റെ ആധികാരിക വിജയം ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.

ഇന്ത്യക്കു ശക്തമായ വെല്ലുവിളിയുയര്‍ത്തിയാണ് ഈ ടെസ്റ്റില്‍ ഇംഗ്ലണ്ട് കീഴടങ്ങിയത്. വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോഴും അഗ്രസീവ് ഷോട്ടുകളിലൂടെ അതിവേഗം റണ്‍സ് അടിച്ചെടുത്ത് അവര്‍ ഇന്ത്യയെ വിറപ്പിക്കുക തന്നെ ചെയ്തു. 73 റണ്‍സെടുത്ത സാക്ക് ക്രോളിയായിരുന്നു ഇംഗ്ലണ്ടിന്റെം ടോപ്‌സ്‌കോറര്‍. മറ്റാരും 40 റണ്‍സ് തികച്ചില്ല. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത ജസ്പ്രീത് ബുംറയും ആര്‍ അശ്വിനും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.

Story first published: Monday, February 5, 2024, 17:06 [IST]
Other articles published on Feb 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+