Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: വേണ്ടത് ആറ് സിക്‌സര്‍, ലോക റെക്കോഡിടാന്‍ രോഹിത്- മറ്റാര്‍ക്കുമില്ലാത്ത നേട്ടം

ധരംശാല: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം 7 മുതല്‍ 11വരെ ധരംശാലയില്‍ നടക്കാന്‍ പോവുകയാണ്. 3-1ന് പരമ്പര പോക്കറ്റിലാക്കിയ ഇന്ത്യ അഞ്ചാം മത്സരവും ജയിച്ച് ഇംഗ്ലണ്ടിനെ നാണംകെടുത്തി മടക്കി അയക്കാനുള്ള തയ്യാറെടുപ്പിലാണ്. സീനിയര്‍ താരങ്ങളുടെ അഭാവത്തിലും കരുത്തരായ ഇംഗ്ലണ്ടിനെതിരേ പരമ്പര നേടാന്‍ ഇന്ത്യക്കായി. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് അഭിമാനിക്കാവുന്ന പരമ്പര നേട്ടമാണിത്.

അഞ്ചാം ടെസ്റ്റില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങുന്ന ഇന്ത്യയെ വീഴ്ത്തി ആശ്വാസത്തോടെ മടങ്ങാനാവും ഇംഗ്ലണ്ട് ശ്രമിക്കുക. അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ലോക റെക്കോഡാണ്. മറ്റാര്‍ക്കും ഇതുവരെ നേടാനാവാത്ത സിക്‌സര്‍ റെക്കോഡിലേക്കാണ് രോഹിത് എത്താന്‍ പോകുന്നത്. ആറ് സിക്‌സര്‍ അഞ്ചാം ടെസ്റ്റില്‍ പറത്താനായാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 600 സിക്‌സര്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് ഹിറ്റ്മാനെ കാത്തിരിക്കുന്നത്.

594 സിക്‌സുകളുമായി നിലവില്‍ സിക്‌സര്‍ വേട്ടക്കാരില്‍ രോഹിത്താണ് തലപ്പത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള മുന്‍ വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനുള്ളത് 553 സിക്‌സുകളാണ്. പാകിസ്താന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി 476 സിക്‌സുകളുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 600 സിക്‌സുകളെന്നത് അത്ര വേഗത്തില്‍ ആര്‍ക്കും നേടാനാവാത്ത നേട്ടമാണ്. അതുകൊണ്ടുതന്നെ വലിയ റെക്കോഡാണ് ഇന്ത്യന്‍ ക്യാപ്റ്റനെ കാത്തിരിക്കുന്നത്.

പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനമാണ് രോഹിത് നടത്തുന്നത്. മൂന്നാം ടെസ്റ്റിലെ സെഞ്ച്വറി പ്രകടനം ഉള്‍പ്പെടെ മികച്ച പ്രകടനമാണ് രോഹിത് കാഴ്ചവെക്കുന്നത്. എന്നാല്‍ സ്ഥിരതയോടെ കളിക്കാന്‍ രോഹിത്തിനാവുന്നില്ല. അഞ്ചാം ടെസ്റ്റില്‍ രോഹിത്തിന് മികച്ച പ്രകടനം കാഴ്ചവെച്ച് ആറ് സിക്‌സുകള്‍ പറത്താനായാല്‍ ഈ ടെസ്റ്റ് പരമ്പരയിലൂടെത്തന്നെ വലിയ നാഴികക്കല്ല് പിന്നിടാന്‍ രോഹിത്തിനാവും. അല്ലാത്ത പക്ഷം അടുത്ത ടി20 ലോകകപ്പ് വരെ കാത്തിരിക്കണം.

rohit sharma

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ഐപിഎല്ലാണ് വരുന്നത്. അതിന് ശേഷം നടക്കുന്ന ടി20 ലോകകപ്പില്‍ രോഹിത് ഇന്ത്യയുടെ നായകനായി കളിക്കാനാണ് സാധ്യത. ഈ ടൂര്‍ണമെന്റിലൂടെ രോഹിത് 600 സിക്‌സര്‍ റെക്കോഡ് മറികടക്കുമെന്നുറപ്പാണ്. എന്നാല്‍ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലൂടെത്തന്നെ ഈ നേട്ടത്തിലേക്കെത്താനാവും ഹിറ്റ്മാന്‍ ശ്രമിക്കുക. ധരംശാലയിലും സ്പിന്‍ പിച്ചൊരുക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ സിക്‌സര്‍ നേട്ടം എളുപ്പമാവില്ല.

എന്തായാലും രോഹിത്തിന് ഈ നേട്ടത്തിലേക്കെത്താനാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ മാറ്റങ്ങളോടെയാവും ഇറങ്ങുകയെന്നുറപ്പാണ്. നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ച ജസ്പ്രീത് ബുംറ അഞ്ചാം ടെസ്റ്റില്‍ തിരിച്ചെത്തും. ആകാശ് ദീപ് പ്ലേയിങ് 11ല്‍ തുടരുമ്പോള്‍ മുഹമ്മദ് സിറാജിന് വിശ്രമം നല്‍കാനാണ് സാധ്യത. വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത് രജത് പാട്ടീധാറിനെയായിരുന്നു.

എന്നാല്‍ താരം മൂന്ന് ടെസ്റ്റിലും നിരാശപ്പെടുത്തി. ഇതോടെ രജത്തിനെ പുറത്തിരുത്തി ദേവ്ദത്ത് പടിക്കലിന് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും. കര്‍ണാടകക്കാരനായ ദേവ്ദത്ത് രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ക്ലാസിക് താരവും ഇടം കൈയനുമായ ദേവ്ദത്ത് അരങ്ങേറ്റം അര്‍ഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രോഹിത്തും ദ്രാവിഡും ചേര്‍ന്ന് ദേവ്ദത്തിനെ കളിപ്പിക്കാന്‍ ധൈര്യം കാട്ടിയേക്കും.

അഞ്ചാം ടെസ്റ്റിലൂടെ മറ്റൊരു അപൂര്‍വ്വ റെക്കോഡ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നുണ്ട്. നിലവില്‍ 178 തോല്‍വിയും 177 ജയവുമാണ് ഇന്ത്യയുടെ ടെസ്റ്റ് കരിയറിലുള്ളത്. അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് ടെസ്റ്റിലെ ജയത്തിന്റേയും തോല്‍വിയുടേയും എണ്ണം തുല്യമാക്കാന്‍ സാധിക്കും. ഇത് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ ജയത്തിലേക്കെത്താനായാല്‍ അപൂര്‍വ്വ റെക്കോഡില്‍ പേരുചേര്‍ക്കാന്‍ ഇന്ത്യന്‍ ടീമിനാവും.

Story first published: Saturday, March 2, 2024, 21:07 [IST]
Other articles published on Mar 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+