ധരംശാല: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ താരം യശ്വസി ജയ്‌സ്വാളാണ്. 22കാരനായ താരം രണ്ട് ഇരട്ട സെഞ്ച്വറി ഉള്‍പ്പെടെ 655 റണ്‍സാണ് ആദ്യത്തെ നാല് ടെസ്റ്റില്‍ നിന്ന് നേടിയത്. അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഒരു റണ്‍സ് നേടിയതോടെ വമ്പന്‍ റെക്കോഡിലേക്കെത്തിയിരിക്കുകയാണ് യശ്വസി ജയ്‌സ്വാള്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡിലേക്കാണ് ജയ്‌സ്വാള്‍ എത്തിയിരിക്കുന്നത്.
ഇതിഹാസ താരം വിരാട് കോലിയുടെ റെക്കോഡിനെയാണ് ജയ്‌സ്വാള്‍ പഴങ്കഥയാക്കിയിരിക്കുന്നത്. 9 ഇന്നിങ്‌സില്‍ നിന്ന് 93.71 ശരാശരിയിലാണ് ജയ്‌സ്വാള്‍ 656 റണ്‍സ് നേടിയത്. 2016-17ലെ പരമ്പരയിലാണ് 655 റണ്‍സ് കോലി അടിച്ചെടുത്തത്. ഈ റെക്കോഡിലെ മൂന്നാം സ്ഥാനക്കാരന്‍ രാഹുല്‍ ദ്രാവിഡാണ്. 2002ല്‍ 6 ഇന്നിങ്‌സില്‍ നിന്ന് 602 റണ്‍സാണ് ദ്രാവിഡ് നേടിയത്. 2018ല്‍ വിരാട് കോലി 10 ഇന്നിങ്‌സില്‍ നിന്ന് 593 റണ്‍സും നേടിയിട്ടുണ്ട്.
എട്ട് ഇന്നിങ്‌സാണ് കോലിക്ക് കളിക്കാന്‍ ലഭിച്ചത്. എന്നാല്‍ 10 ഇന്നിങ്‌സ് കളിക്കാനുള്ള അവസരം ഓപ്പണറായ ജയ്‌സ്വാളിന് മുന്നിലുണ്ട്. ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സെന്ന സുനില്‍ ഗവാസ്‌ക്കറിന്റെ റെക്കോഡ് തകര്‍ക്കാന്‍ ജയ്‌സ്വാളിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. രോഹിത് ശര്‍മയും ചില നാഴികക്കല്ലുകള്‍ പിന്നിട്ടിട്ടുണ്ട്. മാര്‍ക്ക് വുഡിന്റെ 152 കിലോ മീറ്റര്‍ വേഗത്തിലെത്തിയ ബൗണ്‍സറിനെ പുള്‍ഷോട്ട് കളിച്ച് സിക്‌സറാക്കാന്‍ രോഹിത്തിനായിരുന്നു.
ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 50 സിക്‌സര്‍ നേടുന്ന ആദ്യത്തെ ഏഷ്യന്‍ താരമായി മാറാന്‍ രോഹിത് ശര്‍മക്കായി. അഞ്ചാം ടെസ്റ്റിലൂടെ മൂന്ന് ഫോര്‍മാറ്റിലും 60 ക്യാച്ചുകള്‍ നേടുന്ന താരമെന്ന റെക്കോഡിലേക്കെത്താനും രോഹിത്തിനായി. കൂടാതെ എല്ലാ ഫോര്‍മാറ്റിലും 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നായകന്മാരുടെ റെക്കോഡിലേക്കെത്താനും രോഹിത്തിനായി. എംഎസ് ധോണി, വിരാട് കോലി, കെയ്ന്‍ വില്യംസണ്‍, ഫഫ് ഡുപ്ലെസിസ്, ബാബര്‍ ആസം എന്നിവരാണ് ഈ പട്ടികയിലുള്ള മറ്റ് നായകന്മാര്‍.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടം നായകനെന്ന നിലയില്‍ രോഹിത്തിന് അഭിമാനിക്കാവുന്നതാണ്. പല സൂപ്പര്‍ താരങ്ങളും ഇല്ലാതിരുന്നിട്ടും യുവതാരങ്ങളെ ഉപയോഗിച്ച് പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചുവെന്നത് രോഹിത് ശര്‍മയുടെ നായക മികവിനെ എടുത്തുകാട്ടുന്നു. ഒരു സെഞ്ച്വറി പ്രകടനം ഉള്‍പ്പെടെ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്. അഞ്ചാം ടെസ്റ്റും ജയിച്ച് ഇംഗ്ലണ്ടിനെ നാണംകെടുത്താനാവും ഇന്ത്യ ആഗ്രഹിക്കുന്നത്.
നിലവില്‍ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍കൈ അവകാശപ്പെടാനാവും. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 218 റണ്‍സിനാണ് കൂടാരം കയറിയത്. കുല്‍ദീപ് യാദവിന്റെ അഞ്ച് വിക്കറ്റ് പ്രകടനവും ആര്‍ അശ്വിന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി. കുല്‍ദീപ് യാദവ് ടെസ്റ്റില്‍ 50 വിക്കറ്റ് നേട്ടവും സ്വന്തമാക്കി. മൂന്ന് ഫോര്‍മാറ്റിലും 50 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലേക്കെത്താനും കുല്‍ദീപിനായി.
ഇംഗ്ലണ്ടിന്റെ പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അവസരത്തിനൊത്ത് ഉയരാന്‍ സാധിക്കാത്തതാണ് നിരാശപ്പെടുത്തുന്നത്. ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ എന്നിവര്‍ക്ക് ഇന്ത്യയില്‍ വലിയ അനുഭവസമ്പത്ത് അവകാശപ്പെടാനാവും. എന്നാല്‍ ഇവര്‍ക്ക് ഈ അനുഭവസമ്പത്ത് മുതലാക്കി കളിക്കാന്‍ സാധിച്ചിട്ടില്ല. ഇതാണ് ഇംഗ്ലണ്ടിനെ പിന്നോട്ടടിച്ചത്. ബാസ്‌ബോള്‍ ശൈലിയുമായെത്തി ഇന്ത്യയെ ഞെട്ടിക്കാന്‍ ഇറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ടെസ്റ്റ് ജയിക്കാനായെങ്കിലും ഈ ജയം മുതലാക്കാനായില്ല.