റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം വിലപ്പെട്ട ഒരു റിവ്യു നഷ്ടപ്പെടുത്തിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസവും ഇപ്പോള്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്കര്‍. രവീന്ദ്ര ജഡേജയുടെ ഓവറില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിനെതിരേയായിരുന്നു രോഹിത് ഒരു അനാവശ്യ റിവ്യു എടുത്തത്. പക്ഷെ അതു മണ്ടത്തരമായി പോയെന്നു പിന്നാലെ തെളിയുകയും ചെയ്തു.
ടീബ്രേക്കിനു മുമ്പ് ഇംഗ്ലണ്ട് ഇന്നിങ്‌സിലെ 60ാമത്തെ ഓവറിലായിരുന്നു സംഭവം. ഇംഗ്ലണ്ട് അപ്പോള്‍ അഞ്ചു വിക്കറ്റിനു 197 റണ്‍സെന്ന നിലയിലായിരുന്നു. ജോ റൂട്ടും (66) ഫോക്‌സുമായിരുന്നു (28) ക്രീസില്‍. ഈ ജോടി ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തി മികച്ച കെട്ടുമായി മുന്നേറവെയാണ് ബ്രേക്ക്ത്രൂ പ്രതീക്ഷയില്‍ രോഹിത് റിവ്യു എടുത്തത്. പക്ഷെ അതു പാളിപ്പോവുകയും ചെയ്തു.

ജഡേജയെറിഞ്ഞ 60ാം ഓവറിലെ ആദ്യത്തെ രണ്ടു ബോളുകളും നേരിട്ടത് ഫോക്‌സായിരുന്നു. പക്ഷെ അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനായില്ല. മൂന്നാമത്തേത് ഒരു ആംബോളായിരുന്നു ജഡ്ഡു പരീക്ഷിച്ചത്. ഫോക്‌സ് അതു പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലു നേരെ പാഡില്‍ പതിക്കുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ താരങ്ങളുടെ ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍. ജഡേജയും വിക്കറ്റ് കീപ്പറായ ധ്രുവ് ജുറേലും വളരെ ആത്മവിശ്വാസത്തിലാണ് കാണപ്പെട്ടത്. പക്ഷെ അംപയര്‍ ഇന്ത്യയുടെ അപ്പീല്‍ തള്ളുകയായിരുന്നു.
ഇതോടെ രോഹിത് ഓടിയെത്തുകയും ജുറേലിനോടു അഭിപ്രായം തേടുകയുമായിരുന്നു. ബോള്‍ ലെഗ് സൈഡിലൂടെയാവാം പോവുകയെന്നു ജുറേല്‍ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. പക്ഷെ ജഡേജ അതു എല്‍ബിഡബ്ല്യു തന്നെയാണെന്ന ഉറപ്പിലുമായിരുന്നു.
ഇതോടെ അല്‍പ്പസമയം എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നിന്ന രോഹിത് ഒടുവില്‍ രണ്ടു മനസ്സോടെ റിവ്യു എടുക്കുകയായിരുന്നു. പക്ഷെ രോഹിത്തിന്റെ കണക്കുകൂട്ടല്‍ പാളി. പിച്ച് ചെയ്ത ശേഷം ബോള്‍ ലെഗ് സ്റ്റംപില്‍ കൊള്ളാതെ പുറത്തു കൂടെയാവും പോവുകയെന്നു ബോള്‍ ട്രാക്കിങില്‍ തെളിഞ്ഞതോടെ തേര്‍ഡ് അംപയറും ഇന്ത്യക്കെതിരേ വിധി പറയുകയായിരുന്നു.
ഒരിന്നിങ്‌സില്‍ അനുവദിക്കപ്പെട്ട മൂന്നു റിവ്യുകളില്‍ രണ്ടെണ്ണം നേരത്തേ തന്നെ ഇന്ത്യ പാഴാക്കിയിരുന്നു. ജോ റൂട്ടിനെതിരേയായിരുന്നു ഈ രണ്ടു റിവ്യുകളും ഇന്ത്യ കളഞ്ഞുകുളിച്ചത്. അതിനു ശേഷമായിരുന്നു ഫോക്‌സിനെതിരായ ഈ മൂന്നാമത്തെയും അവസാനത്തെയും റിവ്യു. അതും ഇന്ത്യ നഷ്ടപ്പെടുത്തുകയും ചെയ്തു.

റഫറുലകളില്‍ മികച്ചതായിരുന്നില്ല അത്, രോഹിത് ശര്‍മയ്ക്കു താല്‍പ്പര്യവുമില്ലായിരുന്നു. അദ്ദേഹം ആ റിവ്യു എടുക്കാന്‍ നിര്‍ബന്ധിതനാക്കപ്പെട്ടതു പോലെയാണ് കാണപ്പെട്ടത്. അവിടെ ടേണിന്റെ സൂചന മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാറ്റര്‍ കുഴപ്പത്തിലാവുമായിരുന്നു. പക്ഷെ ബോള്‍ നേരെയാണ് പോയത്. ബാക്ക് പാഡില്‍ പോലും അതു കൊണ്ടില്ല, ഫ്രണ്ട് പാഡില്‍ മാത്രമേ തട്ടിയുള്ളൂവെന്നും ജിയോ സിനിമയില്‍ കമന്‍ററി പറയവെ ഗവാസ്‌കര്‍ വ്യക്തമാക്കി.
എല്ലാ റിവ്യുകളും ഇപ്പോള്‍ നഷ്ടമായിരിക്കുകയാണ്. ബൗളര്‍മാര്‍ എപ്പോഴും ആവേശത്തിലായിരിക്കും, അതു എനിക്കു മനസ്സിലാവുകയും ചെയ്യും. ഇന്ത്യക്കു ഒരു വിക്കറ്റ് ആവശ്യമായിരുന്നു. പക്ഷെ ബോള്‍ എവിടെയാണ് പതിച്ചതെന്നു അവര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും ഗവാസ്‌കര്‍ വിശദമാക്കി. കമന്ററിക്കിടെ ഗവാസ്‌കറിന്റെ ഈ അഭിപ്രായത്തെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മറ്റൊരു കമന്റേറ്ററും മുന്‍ ഇംഗ്ലീഷ് താരവുമായ നിക്ക് നൈറ്റ് പിന്തുണയ്ക്കുകയും ചെയ്തു.
രവീന്ദ്ര ജഡേജയുടെ ഭാഗത്തു നിന്നുണ്ടായത് വളരെ വൈകാരികമായ റിവ്യു ആയിരുന്നു. തേര്‍ഡ് അംപയറെ സമീപിക്കാന്‍ അദ്ദേഹം രോഹിത്തിനോടു അപേക്ഷിക്കുകയായിരുന്നു. പക്ഷെ ഞാന്‍ നിങ്ങളോടൊപ്പമാണ് (ഗവാസ്‌കര്‍). അതു ഒട്ടും ആധികാരികമായ റിവ്യു ആയിരുന്നില്ല. ഇതു വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഇന്ത്യക്കു ഇനി റിവ്യുകളില്ല, ഇംഗ്ലണ്ടിനാവട്ടെ മൂന്ന് റിവ്യുകളുണ്ടെന്നും നൈറ്റ് വിശദമാക്കി.