Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: നാണംകെട്ട് രോഹിത്! 12 വര്‍ഷത്തിനു ശേഷം ഇതാദ്യം, അന്ന് ജയിച്ചത് ആര്? അറിയാം

ഹൈദരാബാദ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഒന്നാമിന്നിങ്‌സിനു ശേഷം ഇന്ത്യക്കായിരുന്നു ആധിപത്യമെങ്കിലും രണ്ടാമിന്നിങ്‌സ് കഴിഞ്ഞപ്പോൾ ഇംഗ്ലണ്ടിനാണ് മേല്‍ക്കൈ. 231 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ഇന്ത്യക്കു ബെന്‍ സ്റ്റോക്‌സും സംഘവും നല്‍കിയിരിക്കുന്നത്.

ഒന്നാമിന്നിങ്‌സില്‍ 246 റണ്‍സിനു ഓള്‍ഔട്ടായ ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സില്‍ 420 റണ്‍സെന്ന വലിയ ടോട്ടലുമായി തിരിച്ചടിക്കുകയായിരുന്നു. ഇതോടെയാണ് ക്യാപ്റ്റനെന്ന നിലയില്‍ വലിയൊരു നാണക്കേടിന്റെ റെക്കോര്‍ഡും രോഹിത്തിനെ തേടിയെത്തിയത്. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് നാട്ടില്‍ ഇന്ത്യക്കെതിരേ ഒരു ടീം ടെസ്റ്റിലെ രണ്ടാമിന്നിങ്‌സില്‍ 400ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയത്.

ROHIT SHARMA

നേരത്തേ ഇങ്ങനെയൊരു ഷോക്ക് ഇന്ത്യക്കു നേരിടേണ്ടി വന്നത് 2012ലായിരുന്നു. അന്നും ഇംഗ്ലണ്ട് തന്നെയായിരുന്നു ഇന്ത്യയെ വിറപ്പിച്ചത്. അന്നു മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി നയിച്ച ഇന്ത്യക്കെതിരേയാണ് ഇംഗ്ലണ്ട് രണ്ടാമിന്ന്‌സില്‍ 400ന് മുകളില്‍ അടിച്ചെടുത്തത്. അതിനു ശേഷം ഇപ്പോള്‍ രോഹിത്തിന്റെ ടീമിനെതിരേ വീണ്ടും ഇംഗ്ലണ്ട് 400ന് മുകളില്‍ സ്‌കോര്‍ ചെയ്തിരിക്കുകയാണ്.

2012-13 സീസണുകളിലായി നാലു ടെസ്റ്റുകളുടെ പരമ്പരയാണ് അലെസ്റ്റര്‍ കുക്ക് നയിച്ച ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ കളിച്ചത്. 2012 നവംബര്‍ 15 മുതല്‍ 19 വരെ അഹമ്മദാബാദില്‍ നടന്ന ആദ്യ ടെസ്റ്റിലായിരുന്നു ഇന്ത്യയെ ഇംഗ്ലണ്ട് വെള്ളം കുടിപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ എട്ടു വിക്കറ്റിനു 521 റണ്‍സുമായി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ചേതേശ്വര്‍ പുജാര (206*) ഡബിള്‍ സെഞ്ച്വറി കുറിച്ചപ്പോള്‍ വീരേന്ദര്‍ സെവാഗ് (117) സെഞ്ച്വറിയും നേടി. മറുപടിയില്‍ ഇംഗ്ലണ്ടിനെ വെറും 191 റണ്‍സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. അഞ്ചു വിക്കറ്റുകളെടുത്ത ഇടംകൈയന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയാണ് ഇംഗ്ലണ്ടിന്റെ അന്തകനായി മാറിയത്. ആര്‍ അശ്വിന്‍ മൂന്നു വിക്കറ്റുകളും വീഴ്ത്തി.

ഫോളോഓണ്‍ നേരിട്ട ഇംഗ്ലണ്ടിനെ ഇന്ത്യ വീണ്ടും ബാറ്റിങിനു അയക്കുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ പക്ഷെ ഇന്ത്യയെ ഞെട്ടിക്കുന്ന ബാറ്റിങാണ് ഇംഗ്ലണ്ട് കാഴ്ചവച്ചത്. ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി കുക്ക് (176) മുന്നില്‍ നിന്നും പട നയിച്ചപ്പോള്‍ 406 റണ്‍സെന്ന വലിയ ടോട്ടല്‍ അവര്‍ പടുത്തുയര്‍ത്തി. മാറ്റ് പ്രയറായിരുന്നു (91) മറ്റൊരു പ്രധാന സ്‌കോറര്‍.

MS DHONI

പക്ഷെ ഇംഗ്ലണ്ടിന്റെ ഈ ഗംഭീര തിരിച്ചുവരവ് ഇന്ത്യയെ സാരമായി ബാധിച്ചില്ല. കാരണം 77 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് ടീം ഇന്ത്യക്കു നല്‍കിയത്. സെവാഗിന്റെ (25) വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ഒമ്പതു വിക്കറ്റിന്റെ ആധികാരിക വിജയം ടെസ്റ്റില്‍ സ്വന്തമാക്കുകയും ചെയ്തു. പക്ഷെ പരമ്പരയുടെ ഫലം ഇന്ത്യക്കു ശരിക്കും ഷോക്ക് തന്നെയായിരുന്നു. മുംബൈയിലെ വംഖഡെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ 10 വിക്കറ്റിനു മുക്കി ഇംഗ്ലണ്ട് പരമ്പരയില്‍ 1-1നു ഒപ്പമെത്തി.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഏഴു വിക്കറ്റിനും ഇന്ത്യയെ ഇംഗ്ലണ്ട് സ്തബ്ധരാക്കുകയായിരുന്നു. നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇതോടെ ഇന്ത്യക്കു ജയം അനിവാര്യമായെങ്കിലും ഈ മല്‍സരം സമനിലയില്‍ അവസാനിപ്പിച്ച് ഇംഗ്ലണ്ട് 2-1നു പരമ്പര കൈക്കലാക്കുകയായിരുന്നു.

നാട്ടില്‍ ഇന്ത്യയുടെ അവസാനത്തെ ടെസ്റ്റ് പരമ്പര തോല്‍വിയും ഇതു തന്നെയാണ്. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി നാട്ടില്‍ ഒരു പരമ്പര പോലും ഇന്ത്യ കൈവിട്ടിട്ടില്ല. അതിനിടെ ഇംഗ്ലണ്ട് ടീം രണ്ടു തവണ ഇന്ത്യയില്‍ പര്യടനം നടത്തിയിരുന്നെങ്കിലും രണ്ടു പരമ്പരകളും ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.

ഇപ്പോഴിതാ 12 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ടെസ്റ്റിനെ ഓര്‍മിപ്പിച്ചു കൊണ്ട് ഇംഗ്ലണ്ട് ടീം രണ്ടാമിന്നിങ്‌സില്‍ 400ന് മുകളില്‍ റണ്‍സുമായി ഇന്ത്യയെ വിറപ്പിച്ചിരിക്കുകയാണ്. അന്നത്തെ ചരിത്ര വിജയം സ്വപ്‌നം കാണാന്‍ തുടങ്ങിയ ഇംഗ്ലണ്ടിനെ തകര്‍ത്തുവിടാന്‍ ഇന്ത്യക്കു ഇത്തവണ സാധിക്കുമോയെന്നത് കാത്തിരുന്നു കാണണം. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് ഇംഗ്ലീഷ് ടീം ഇന്ത്യയില്‍ കളിക്കുന്നത്.

Story first published: Sunday, January 28, 2024, 12:00 [IST]
Other articles published on Jan 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+