
15000 റണ്‍സ് ക്ലബ്ബിലേക്ക് രോഹിത് ശര്‍മ
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15000 റണ്‍സ് ക്ലബ്ബിലേക്ക് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയും എത്തിയിരിക്കുകയാണ്. നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ ഇന്ത്യക്കായി ശ്രദ്ധേയ പ്രകടനം തന്നെയാണ് രോഹിത് കാഴ്ചവെക്കുന്നത്. 261 റണ്‍സുമായി ടൂര്‍ണമെന്റിലെ ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോററാണ് രോഹിത്. ഈ നേട്ടത്തിലെത്തുന്ന എട്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് അദ്ദേഹം.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോലി, സൗരവ് ഗാംഗുലി, എംഎസ് ധോണി, വീരേന്ദര്‍ സെവാഗ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍. പരിമിത ഓവറില്‍ രോഹിത് ഇന്ത്യയുടെ നിറ സാന്നിധ്യമായിരുന്നെങ്കിലും ടെസ്റ്റില്‍ സ്ഥിര സ്ഥാനം ലഭിച്ചിട്ട് രണ്ട് വര്‍ഷത്തോളമേ ആയിട്ടുള്ളു. 43 ടെസ്റ്റില്‍ നിന്ന് 2940 റണ്‍സും 227 ഏകദിനത്തില്‍ നിന്ന് 9205 റണ്‍സും 111 ടി20യില്‍ നിന്ന് 2864 റണ്‍സുമാണ് രോഹിത് ശര്‍മയുടെ പേരിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ നിലവില്‍ 39ാം സ്ഥാനത്താണ് രോഹിത് ശര്‍മയുള്ളത്.

ബുംറക്കെതിരേ ക്രിസ് വോക്‌സിന് റെക്കോഡ്
ഇന്ത്യയുടെ ഏറ്റവും അപകടകാരിയായ ബൗളറാണ് ജസ്പ്രീത് ബുംറയെന്നതില്‍ ആര്‍ക്കും സംശയമില്ല. ബാറ്റ്‌സ്മാന്‍മാരെ നന്നായി ബുദ്ധിമുട്ടിക്കുന്ന ബുംറക്കെതിരേ മികച്ചൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ പേസ് ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്. ടെസ്റ്റില്‍ ബുംറയുടെ ഒരോവറില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറി നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനെന്ന റെക്കോഡാണ് ക്രിസ് വോക്‌സ് നേടിയിരിക്കുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡീകോക്കും ബുംറയെ ടെസ്റ്റില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറി നേടിയിട്ടുണ്ട്. പരിക്കിന് ശേഷമുള്ള മടങ്ങിവരവില്‍ ശ്രദ്ധേയ പ്രകടനമാണ് വോക്‌സ് കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ വോക്‌സ് ബാറ്റുകൊണ്ട് അര്‍ധ സെഞ്ച്വറിയും (50) നേടി.

150 ടെസ്റ്റ് വിക്കറ്റ് പൂര്‍ത്തിയാക്കി ഉമേഷ് യാദവ്
ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ച ഉമേഷ് യാദവ് ജോ റൂട്ടിന്റെ കുറ്റി പിഴുതാണ് തിരിച്ചുവരവ് അറിയിച്ചത്. ക്രയ്ഗ് ഓവര്‍ട്ടന്‍, ഡേവിഡ് മലാന്‍ എന്നിവരുടെ വിക്കറ്റും ഉമേഷിനായിരുന്നു. ആദ്യ ഇന്നിങ്‌സ് മൂന്ന് വിക്കറ്റുമായി തിളങ്ങിയ ഉമേഷ് 150 ടെസ്റ്റ് വിക്കറ്റെന്ന നാഴികക്കല്ലും പിന്നിട്ടു. 49ാം ടെസ്റ്റില്‍ നിന്നാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്. ഇന്ത്യക്കായി വേഗത്തില്‍ 150 ടെസ്റ്റ് വിക്കറ്റ് നേട്ടത്തിലെത്തുന്ന നാലാമത്തെ പേസറാണ് ഉമേഷ്. 39 മത്സരത്തില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവാണ് ഈ റെക്കോഡില്‍ തലപ്പത്ത്.


Click it and Unblock the Notifications











