കട്ടക്ക്: ഇംഗ്ലണ്ടുമായുള്ള രണ്ടാം ഏകദിനത്തിലെ ഇടിവെട്ട് സെഞ്ച്വറിയോടെ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഫോമൗട്ടെന്നു പരിഹസിച്ച് എഴുതിത്തള്ളിയവര്‍ക്കു ബാറ്റ് കൊണ്ടാണ് ഹിറ്റ്മാന്‍ മറുപടി നല്‍കിയിരിക്കുന്നത്. 90 ബോളില്‍ 119 റണ്‍സ് അടിച്ചെടുത്താണ് അദ്ദേഹം ക്രീസ് വിട്ടത്. 12 ഫോറും ഏഴു കൂറ്റന്‍ സിക്‌സറുകളുമടക്കമാണിത്.
ഈ പ്രകടനത്തോടെ പല വമ്പന്‍ റെക്കോര്‍ഡുകളും തകര്‍ത്തിരിക്കുകയാണ് രോഹിത്. മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുയെ വമ്പന്‍ റെക്കോര്‍ഡും ഇക്കൂട്ടത്തിലുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഹിറ്റ്മാന്‍ പഴങ്കഥയാക്കിയ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ റെക്കോര്‍ഡ് ഏതാണെന്നു നോക്കാം.

ഓപ്പണിങില്‍ രണ്ടാമന്‍
വിവിധ ഫോര്‍മാറ്റുകളിലായി ഇന്ത്യക്കു വേണ്ടി ഓപ്പണറായി ഇറങ്ങിയ ശേഷം ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരങ്ങളുടെ ഓള്‍ടൈം ലിസ്റ്റിലെ രണ്ടാമനായി മാറിയിരിക്കുകയാണ് രോഹിത് ശര്‍മ. നേരത്തേ ആദ്യത്തെ രണ്ടു സ്ഥാനങ്ങള്‍ മുന്‍ തിഹാസങ്ങളായ വീരേന്ദര്‍ സെവാഗും സച്ചിന്‍ ടെണ്ടുല്‍ക്കറും കൈയടക്കി വച്ചിരിക്കുകയായിരുന്നു.
ഇപ്പോള്‍ സച്ചിനെ രണ്ടില്‍ നിന്നും താഴേക്കു ഇറക്കിയാണ് ഹിറ്റ്മാന്‍ ഈ സ്ഥാനം പിടിച്ചെടുത്തിരിക്കുന്നത്. മൂന്നു ഫോര്‍മാറ്റുകളിലുമായി ഓപ്പണറായി രോഹിത് വാരിക്കൂട്ടിയത് 15,404 റണ്‍സാണ്. 15,335 റണ്‍സുമായാണ് സച്ചിന്‍ അദ്ദേഹത്തിനു താഴെ മൂന്നാമതുള്ളത്.
342 ഇന്നിങ്‌സുകളിലാണ് സച്ചിന്‍ ഓപ്പണറായതെങ്കില്‍ രോഹിത് 368 മല്‍സരങ്ങളില്‍ ഓപ്പണിങില്‍ ബാറ്റ് ചെയ്തു കഴിഞ്ഞു. രോഹിത് 44 സെഞ്ച്വറികളും 80 ഫിഫ്റ്റികളുമടിച്ചപ്പോള്‍ സച്ചിന്‍ 45 സെഞ്ച്വറികളും 75 ഫിഫ്റ്റികളുമാണ് കുറിച്ചത്.
ഇനി സെവാഗ് മാത്രമേ രോഹിത്തിനു മുന്നിലുള്ളൂവെന്നതാണ് ത്രില്ലടിപ്പിക്കുന്നത്. 15,758 റണ്‍സോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാരിലെ കിങായി വീരു നില്‍ക്കുന്നത്. 388 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ഓപ്പണ്‍ ചെയ്ത്. പക്ഷെ അദ്ദേഹത്തിന്റെ ഈ ഒന്നാംസ്ഥാനം ഭദ്രമല്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.
വീരുവിനേക്കാള്‍ വെറും 354 റണ്‍സിനു പിന്നിലാണ് ഹിറ്റ്മാന്‍. ഇംഗ്ലണ്ടുമായുള്ള അവസാന കളിയിലും അതിനി ശേഷമുള്ള ചാംപ്യന്‍സ് ട്രോഫിയിലും കസറാനായല്‍ വീരുവിനെയും പിന്തള്ളി ഇന്ത്യന്‍ ഓപ്പണര്‍മാരിലെ ഗോട്ടായി (goat) നമുക്കു രോഹിത്തിനെ തീര്‍ച്ചയായും കാണാനാവും.
ഓപ്പണിങിലേക്കുള്ള വരവ്
ഇന്ത്യന്‍ ടീമിനു വേണ്ടി തുടക്കകാലങ്ങളില്‍ മധ്യനിരയിലാണ് രോഹിത് ശര്‍മ സ്ഥിരമായി ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. എന്നാല്‍ ഹിറ്റ്മാനില്‍ ഒരു ലോകോത്തര ഓപ്പണര്‍ ഒളിഞ്ഞു കിടക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞത് മുന്‍ ഇതിഹാസ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. അദ്ദേഹം നായകനായിരിക്കെയാണ് 2013ല്‍ രോഹിത്തിന് ആദ്യമായി വൈറ്റ് ബോളില്‍ ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ചത്.
പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടിയും വന്നില്ല. പക്ഷെ ടെസ്റ്റില്‍ പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രോഹിത് ഓപ്പണറായെത്തുന്നത്. 2013 മുതല്‍ 19 വരെ ടെസ്റ്റ് ടീമിലെ സ്ഥിരാംഗമായിരുന്നു അദ്ദേഹം. പക്ഷെ 5-6 സ്ഥാനങ്ങളിലാണ് രോഹിത് ബാറ്റ് ചെയ്തു കൊണ്ടിരുന്നത്.

വിരാട് കോലി ക്യാപ്റ്റനും രവി ശാസ്ത്രി കോച്ചുമായിരിക്കെയാണ് 2019ല്‍ ടെസ്റ്റിലും അദ്ദേഹത്തിനു ഓപ്പണറുടെ റോള്‍ ലഭിച്ചത്. റെഡ് ബോളിലും ഓപ്പണറായി മിന്നിച്ചതോടെ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറായി രോഹിത് മാറുകയും ചെയ്തു.
ദ്രാവിഡിനെ പിന്തള്ളി
ഇംഗ്ലണ്ടുമായുള്ള രണ്ടാം ഏകദിനത്തില്‍ തന്റെ 32ാമത്തെ ഏകദിന സെഞ്ച്വറി കൂടിയാണ് രോഹിത് ശര്‍മ കണ്ടെത്തിയത്. ഇതോടെ മുന്‍ ബാറ്റിങ് ഇതിഹാസവും കോച്ചുമായ രാഹുല്‍ ദ്രാവിഡിനെ അദ്ദേഹം പിന്തള്ളിയിരിക്കുകയാണ്.
ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറികളുള്ള മൂന്നാമത്തെ താരം നേരത്തേ ദ്രാവിഡായിരുന്നു (48 സെഞ്ച്വറി). എന്നാല്‍ 49മത്തെ സെഞ്ച്വറിയോടെ രോഹിത് ഇപ്പോള്‍ അദ്ദേഹത്തെ മറികടന്നിരിക്കുകയാണ്. 100 സെഞ്ച്വറികളുള്ള സച്ചിന്‍ ടെണ്ടുല്‍ക്കറും 81 സെഞ്ച്വറികളുള്ള വിരാട് കോലിയുമാണ് ഇനി ഹിറ്റ്മാന് മുന്നിലായി ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.