രാജ്‌കോട്ട്: ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം മിന്നുന്ന പ്രകടനവുമായി വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ പേരിലായിരുന്ന റെക്കോര്‍ഡാണ് ഹിറ്റ്മാന്‍ തകര്‍ത്തെറിഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി കൂടുതല്‍ സിക്‌സര്‍ പറത്തിയ രണ്ടാമത്തെ താരം നേരത്തെ ധോണിയായിരുന്നു.
എന്നാല്‍ അദ്ദേഹത്തെ ഓവര്‍ടേക്ക് ചെയ്ത ഹിറ്റ്മാന്‍ പുതിയ രണ്ടാംസ്ഥാനത്തിനു അവകാശിയായി മാറിയിരിക്കുകയാണ്. 78 സിക്‌സറുകളോടെയായിരുന്നു ധോണി നേരത്തേ രണ്ടാമതുണ്ടായിരുന്നത്. ഈ മല്‍സസരത്തിലിറങ്ങുമ്പോള്‍ ഹിറ്റ്മാന്റെ സമ്പാദ്യം 77 സിക്‌സറുകളായിരുന്നു. ലഞ്ച് ബ്രേക്കിനു ശേഷം 33ാം ഓവറില്‍ ആദ്യ സിക്‌സര്‍ പായിച്ച് ധോണിക്കൊപ്പം രോഹിത് എത്തുകയായിരുന്നു.

ടെസ്റ്റില്‍ എട്ടു ഇന്നിങ്‌സുകള്‍ക്കു ശേഷമുള്ള ഹിറ്റ്മാന്റെ ആദ്യത്തെ സിക്‌സര്‍ കൂടിയായിരുന്നു ഇത്. സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയെറിഞ്ഞ ഓവറിലെ അഞ്ചാമത്തെ ബോളാണ് അദ്ദേഹം സിക്‌സറിലേക്കു പറത്തിയത്. ക്രീസിനു പുറത്തേക്കിറങ്ങിയ ഹിറ്റ്മാന്‍ ലോങ്ഓണിനു മുകളിലൂടെ ബോള്‍ അതിര്‍ത്തി കടത്തി.
രണ്ടാമത്തെ സെഷനില്‍ തന്നെ രണ്ടാമത്തെ സിക്‌സറും കണ്ടെത്തിയ രോഹിത് ധോണിയെ ഓവര്‍ടേക്കും ചെയ്തു. ഇത്തവണ അദ്ദേഹത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത് ജോ റൂട്ടാണ്. 46ാം ഓവറിലെ ആദ്യത്തെ ബോള്‍ ലോങ്ഓണിനു മുകളിലൂടെ സിക്‌സറിലേക്കു പായിച്ച് ഹിറ്റ്മാന്‍ 79ാമത്തെ സിക്‌സറുമായി പുതിയ റെക്കോര്‍ഡിനു അവകാശിയാവുകയും ചെയ്തു.
ധോണിക്കു 77 സിക്‌സറടിക്കാന്‍ കളിക്കേണ്ടി വന്നിട്ടുള്ളത് 144 ഇന്നിങ്‌സുകളാണ്. പക്ഷെ രോഹിത്തിനു ഇതു തകര്‍ക്കാനും പുതിയ റെക്കോര്‍ഡിടാനും 97 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. ടെസ്റ്റിലെ ഇന്ത്യന്‍ സിക്‌സര്‍ വേട്ടയില്‍ ഇനി രോഹിത്തിനു മുന്നിലുള്ളത് ഒരാള്‍ മാത്രമാണ്. മുന്‍ ഇതിഹാസ ഓപ്പണറായിരുന്ന വീരേന്ദര്‍ സെവാഗാണിത്. ടെസ്റ്റില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ച ഇന്ത്യന്‍ താരമെന്ന ഓവറോള്‍ റെക്കോര്‍ഡ് അദ്ദേഹത്തിനു അവകാശപ്പെട്ടതാണ്.
90 സിക്‌സറുകളാണ് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ വീരു വാരിക്കൂട്ടിയത്. 178 ഇന്നിങ്‌സുകളിലായിരുന്നു അദ്ദേഹം ചരിത്രം കുറിച്ചത്. ഇനി 12 സിക്‌സറുകള്‍ കൂടി നേടിയാല്‍ സെവാഗിനെ പിന്തള്ളി ഇന്ത്യയുടെ പുതിയ സിക്‌സര്‍ കിങായി രോഹിത് മാറും. ഇംഗ്ലണ്ടുമായി ഇനി രണ്ടു ടെസ്റ്റുകള്‍ കൂടി ബാക്കിയുള്ളതിനാല്‍ തന്നെ ഈ പരമ്പരയില്‍ ഹിറ്റ്മാന് അതു സാധിച്ചേക്കും.

ടെസ്റ്റില്‍ ധോണിയുടെ സിക്‌സര്‍ റെക്കോര്‍ഡ് തകര്‍ക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ മറ്റൊരു സിക്‌സര്‍ റെക്കോര്‍ഡിനൊപ്പം രോഹിത് എത്തുകയും ചെയ്തിട്ടുണ്ട്. വിവിധ ഫോര്‍മാറ്റുകളിലായി കൂടുതല്‍ സിക്‌സറുകളടിച്ച ലോകത്തിലെ ക്യാപ്റ്റന്‍മാരില്‍ രണ്ടാമന്‍ ധോണിയാണ്. എന്നാല്‍ ഇപ്പോള്‍ രോഹിത്തും അദ്ദേഹത്തോടൊപ്പം ചേര്‍ന്നിരിക്കുകയാണ്.
330 ഇന്നിങ്‌സുകളില്‍ നിന്നും ധോണിയുടെ സമ്പാദ്യം 211 സിക്‌സറുകളാണ്. ഹിറ്റ്മാന് ഇത്രയും സിക്‌സറുകളടിക്കാന്‍ വെറും 121 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. തലപ്പത്ത് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ ഒയ്ന്‍ മോര്‍ഗനാണ്. 180 ഇന്നിങ്‌സുകളില്‍ നിന്നും മോര്‍ഗന്‍ വാരിക്കൂട്ടിയത് 233 സിക്‌സറുകളാണ്.
രോഹിത്, ധോണി എന്നിവര്‍ക്കും താഴെയായി ഈ ലിസ്റ്റിലുള്ള മറ്റു ക്യാപ്റ്റന്‍മാര്‍ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങ് (171 സിക്‌സര്‍, 376 ഇന്നിങ്‌സ്), മുന്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ബ്രെന്‍ഡന്‍ മക്കെല്ലം (170 സിക്‌സര്‍, 140 ഇന്നിങ്‌സ്), ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി (138 സിക്‌സര്‍, 250 ഇന്നിങ്‌സ്) എന്നിവരാണ്.