ഹൈദരാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആവേശകരമായി പുരോഗമിക്കുകയാണ്. 190 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് ഇന്ത്യക്കു ലഭിച്ചിരുന്നെങ്കിലും ടെസ്റ്റില്‍ ഇപ്പോഴും ആര്‍ക്കും വ്യക്തമായ ആധിപത്യം അവകാശപ്പെടാനില്ല.
ബാസ് ബോള്‍ ശൈലിയുടെ വക്താക്കളായ ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കു മേല്‍ വലിയ സമര്‍ദ്ദമുണ്ടാക്കിയിരിക്കുകയാണ്. അതിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിക്കറ്റ് കീപ്പറായ കെഎസ് ഭരതിനോടു ചൂടായ സംഭവത്തെക്കുറിച്ചാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.

വിക്കറ്റ് കീപ്പറെന്ന നിലയില്‍ മോശമല്ലാത്ത പ്രകടനമാണ് ഭരത് ഈ ടെസ്റ്റില്‍ കാഴ്ചവയ്ക്കുന്നതെങ്കിലും രോഹിത് അതില്‍ അത്ര മാത്രം ഹാപ്പിയല്ല. വിക്കറ്റിനു പിന്നില്‍ ഭരത് അത്ര സജീവമല്ലെന്നതാണ് രോഹിത്തിന്റെ അതൃപ്തിക്കു കാരണം. ഇതേ തുടര്‍ന്നു ഭരതിനെ അദ്ദേഹം ശകാരിക്കുകയും ചെയ്തു. നേരത്തേ സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റ് കാത്ത കെഎല്‍ രാഹുലിനും ഇതേ പ്രശ്‌നമുണ്ടായിരുന്നു.
പലപ്പോഴും ടെസ്റ്റില്‍ ഇന്ത്യക്കു ബ്രേക്ക്ത്രൂ ലഭിക്കാതെ ബൗളര്‍മാരും ഫീല്‍ഡര്‍മാരും നിരാശയിലേക്കു വീഴുമ്പോള്‍ വിക്കറ്റിനു പിന്നില്‍ പ്രചോദിപ്പിക്കാന്‍ രാഹുലിനായിരുന്നില്ല. നിശബ്ധനായി കാണപ്പെട്ട അദ്ദേഹത്തെ പലരും വിമര്‍ശിക്കുകയും ചെയ്തിരുന്നു. റിഷഭ് പന്തിനെപ്പോലെ എല്ലായ്‌പ്പോഴും ടീമംഗങ്ങളെയും ബൗളര്‍മാരെയും പ്രചോദിപ്പിക്കുകയെന്നത് വിക്കറ്റ് കീപ്പറുടെ ചുമതലയാണെന്നും ഇക്കാര്യത്തില്‍ രാഹുല്‍ തികഞ്ഞ പരാജയമാണെന്നു പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ രാഹുലിനു സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോള്‍ നല്‍കിയാണ് ഭരതിനെ വിക്കറ്റ് കീപ്പറായി പ്ലെയിങ് ഇലവനിലേക്കു ഇന്ത്യ കൊണ്ടുവന്നത്. പക്ഷെ വിക്കറ്റിനു പിന്നില്‍ രാഹുലിനെപ്പോലെ നിശബ്ധനായാണ് ഭരതും കാണപ്പെട്ടത്. വിക്കറ്റില്ലാതെ ബൗളര്‍മാരും ഫീല്‍ഡര്‍മാരുമെല്ലാം പതറുകയും ഇംഗ്ലണ്ട് പിടിമുറുക്കുകയും ചെയ്തപ്പോള്‍ ഭരത് വിക്കറ്റിനു പിന്നില്‍ ഒന്നും മിണ്ടാതെ തന്നെ തുടരുകയായിരുന്നു.
ഇതു കണ്ട രോഹിത് ഒടുവില്‍ നിയന്ത്രണം വിടുകയും ഭരതിനെ ശകാരിക്കുകയും ചെയ്യുകയായിരുന്നു. പിറകില്‍ നിന്നും നീ എന്തെങ്കിലുമൊക്കെ പറയൂ, എന്താണ് ഒന്നും മിണ്ടാതെ നില്‍ക്കുന്നതെന്നായിരുന്നു ഭരതിനോടു രോഹിത് പറഞ്ഞത്. സ്റ്റംപ് മൈക്കിലൂടെയാണ് ഭരതിനോടു രോഹിത് ദേഷ്യത്തോടെ പറഞ്ഞ ഇക്കാര്യം പുറത്തു വരികയും ലോകമറിയുകയും ചെയ്തത്.

നിലവില്‍ മല്‍സരരംഗത്തുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും ബെസ്റ്റ് റിഷഭ് പന്താണ്. കളിയില്‍ എല്ലായ്‌പ്പോഴും റിഷഭിന്റെ ശബ്ദം വിക്കറ്റിനു പിറകില്‍ നമുക്കു കേള്‍ക്കാന്‍ സാധിക്കും. ബൗളര്‍മാരെ എപ്പോഴും പ്രചോദിപ്പിക്കുകയും തമാശകള്‍ പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്ന റിഷഭിന്റെ സാന്നിധ്യം ഫീല്‍ഡര്‍മാരുടെയും ബൗളറുടെയെല്ലാം സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കാറുണ്ട്.
സ്വന്തം ടീമംഗങ്ങളെ പ്രചോദിപ്പിക്കുക മാത്രമല്ല ക്രീസിലുള്ള ബാറ്ററെ സ്ലെഡ്ജ് ചെയ്ത് പ്രകോപിപ്പിക്കാനും അതു വഴി വിക്കറ്റ് വീഴ്ത്താനുമെല്ലാം റിഷഭ് എ്ല്ലായ്‌പ്പോഴും ശ്രമിക്കാറുണ്ട്. റിഷഭിന്റെ അതേ രീതി തന്നെ പിന്തുടരുന്ന മറ്റൊരു വിക്കറ്റ് കീപ്പറാണ് ഇഷാന്‍ കിഷന്‍. പക്ഷെ ഇംഗ്ലണ്ടുമായുളള ഈ പരമ്പരയിലെ ആദ്യത്തെ രണ്ടു ടെസ്റ്റുകളില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടിരിക്കുകയാണ്.
പകരം ഭരത്, രാഹുല്‍ എന്നിവര്‍ക്കൊപ്പം പുതുമുഖം ധ്രുവ് ജുറേലുമാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലിടം പിടിച്ചത്. സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇഷാന്‍ ടീം വിട്ടിരുന്നു. അതിനു ശേഷം അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പരയില്‍നിന്നും തഴയപ്പെട്ട അദ്ദേഹത്തിനു ഇംഗ്ലണ്ടിനെതിരേയും ടീമിലിടം ലഭിക്കാതെ പോവുകയായിരുന്നു.