ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. ഇന്നിങ്‌സിനും 64 റണ്‍സിനുമാണ് ഇന്ത്യയുടെ ചരിത്ര നേട്ടം. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 218 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 477 റണ്‍സ് അടിച്ചെടുത്തു. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനെ 195 റണ്‍സില്‍ ഓള്‍ഔട്ടാക്കിയാണ് ഇന്ത്യ ഗംഭീര ജയം നേടിയത്. ഇതോടെ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.
ഇന്ത്യയുടെ നാട്ടിലെ 400ാം ടെസ്റ്റ് ജയമാണിത്. ആദ്യ മത്സരം തോറ്റ ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവെന്നതാണ് എടുത്തു പറയേണ്ടത്. ഇപ്പോഴിതാ വമ്പന്‍ റെക്കോഡിലേക്ക് പേരുചേര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. 112 വര്‍ഷത്തിന് ശേഷം ആദ്യ മത്സരം തോറ്റ ശേഷം 4-1ന് പരമ്പര നേടിയെടുക്കുന്ന ആദ്യ നായകനായി രോഹിത് മാറിയിരിക്കുകയാണ്. ആദ്യ മത്സരം തോറ്റപ്പോള്‍ വലിയ വിമര്‍ശനം രോഹിത്തിന് നേരിടേണ്ടി വന്നിരുന്നു.
എന്നാല്‍ ഈ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ച് ഇന്ത്യക്ക് പരമ്പര നേടിക്കൊടുക്കാന്‍ രോഹിത്തിനായി. പല സീനിയര്‍ താരങ്ങളുടേയും അഭാവം ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. വിരാട് കോലി, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി എന്നിവരുടെയെല്ലാം അഭാവം ഉണ്ടായിട്ടും പരമ്പര നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചു. രോഹിത് ശര്‍മ രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ മുന്നില്‍ നിന്ന് നയിച്ചു. യുവതാരങ്ങളെ കൃത്യമായി ഉപയോഗിക്കാനും ടീമിന് അനുകൂലമാക്കി കാര്യങ്ങള്‍ മാറ്റാനും രോഹിത് ശര്‍മക്ക് സാധിച്ചു.
കൂടാതെ ഒരു ടെസ്റ്റ് പരമ്പരയിലെ നാല് മത്സരങ്ങളിലും ജയം നേടിക്കൊടുക്കുന്ന ഇന്ത്യന്‍ നായകന്മാരില്‍ വിരാട് കോലിക്കും എംഎസ് ധോണിക്കുമൊപ്പമെത്താന്‍ രോഹിത് ശര്‍മക്കായി. രോഹിത്തിന് കീഴില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പ്രകടനം ഗംഭീരമാണെന്ന് തന്നെ പറയാം. ശ്രീലങ്കയ്‌ക്കെതിരേ 2-0, ഓസ്‌ട്രേലിയക്കെതിരേ 2-1, വെസ്റ്റ് ഇന്‍ഡീസിനെതിരേ 1-0, ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 1-1 എന്നിങ്ങനെ രോഹിത്തിന് കീഴില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം തകര്‍പ്പന്‍ പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്.

100ാം ടെസ്റ്റ് കളിക്കാനിറങ്ങിയ ആര്‍ അശ്വിന്റെ മികവും അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്ക് വലിയ ഗുണം ചെയ്തു. രണ്ട് ഇന്നിങ്‌സിലുമായി 9 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. രണ്ടാം ഇന്നിങ്‌സിലെ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ അനില്‍ കുംബ്ലെയെ മറികടന്ന് ടെസ്റ്റില്‍ കൂടുതല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന താരമായി മാറാന്‍ അശ്വിനായി. അരങ്ങേറ്റ ടെസ്റ്റ്, 25ാം ടെസ്റ്റ്, 75ാം ടെസ്റ്റ് ഇപ്പോഴിതാ 100ാം ടെസ്റ്റിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ അശ്വിന് സാധിച്ചിരിക്കുകയാണ്.
ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലികൊണ്ട് ഇന്ത്യയില്‍ ഒന്നും ചെയ്യാനായില്ല. കഴിഞ്ഞ 15 മാസത്തിനിടെ ഇംഗ്ലണ്ട് ഒരു ടെസ്റ്റ് പരമ്പര പോലും നേടിയിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം. പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തിനും പരിശീലക സംഘത്തിലെ പോള്‍ കോളിങ്‌വുഡ് അടക്കമുള്ളവര്‍ക്കും വലിയ തലവേദനയായി ഇന്ത്യന്‍ പരമ്പര തോല്‍വി മാറിയിട്ടുണ്ട്. പൊരുതാന്‍ പോലുമുള്ള ശ്രമം ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നതാണ് എടുത്തു പറയേണ്ടത്.
അഞ്ചാം ടെസ്റ്റില്‍ ടോസ് അനുകൂലമായിട്ടും മുതലാക്കാന്‍ ഇംഗ്ലണ്ടിനായില്ല. രണ്ടാം ഇന്നിങ്‌സില്‍ ജോ റൂട്ട് (84) നടത്തിയ പ്രകടനം മാത്രമാണ് ആശ്വസിക്കാനായുള്ളത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയുടെ സര്‍വാധിപത്യമാണ് കണ്ടത്. സ്പിന്നറെന്ന നിലയില്‍ മാത്രം ഒതുങ്ങാതെ ബാറ്റുകൊണ്ടും കുല്‍ദീപ് യാദവ് കാര്യമായ പ്രകടനം കാഴ്ചവെച്ചു. ഇംഗ്ലണ്ടിന്റെ സീനിയര്‍ ബാറ്റ്‌സ്മാന്‍മാരായ ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ എന്നിവര്‍ക്ക് കാര്യമായ പ്രകടനം നടത്താന്‍ സാധിക്കാതെ പോയത് ഇംഗ്ലണ്ടിനെ പിന്നോട്ടടിച്ചു.