IND vs ENG: 877 ഫോര്‍, 310 സിക്‌സ്!! ഇനി ദാദക്കൊപ്പമെത്താന്‍ രോഹിത്, സച്ചിനെ തൊടാന്‍ കിട്ടില്ല
അഹമ്മദാഹബാദ്: ഇടിവെട്ട് സെഞ്ച്വറിയുമായി യഥാര്‍ഥ ഫോമിലേക്കു മടങ്ങിയെത്തിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഇതു തുടരാനുറച്ചാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും അങ്കത്തിനിറങ്ങുക. ഇന്ത്യ നാലു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം കൊയ്ത കട്ടക്കിലെ രണ്ടാം ഏകദിനത്തില്‍ 119 റണ്‍സ് അടിച്ചെടുത്താണ് ഹിറ്റ്മാന്‍ പുറത്തായത്. 90 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 12 ഫോറും ഏഴു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
ഏകദിന കരിയറിലെ 32ാമത്തെ സെഞ്ച്വറി കൂടിയാണ് രോഹിത് കണ്ടെത്തിയത്. ഇനി നടക്കാനിരിക്കുന്ന മൂന്നാം ഏകദിനത്തില്‍ വലിയൊരു റെക്കോര്‍ഡിന് അരികിലാണ് അദ്ദേഹം. മികച്ച ഫോം തുടര്‍ന്ന് ഹിറ്റ്മാന്‍ എലൈറ്റ് ക്ലബ്ബിലേക്കു തന്റെ പേര് കൂടി ചേര്‍ക്കുമോയെന്നാണ് അറിയാനുള്ളത്. രോഹിത്തിനെ കാത്തിരിക്കുന്ന ഈ നേട്ടം എന്താണെന്നറിയാം.

രോഹിത്തിന് വേണ്ടത് 43 റണ്‍സ്
ഏകദിന ക്രിക്കറ്റില്‍ 9000 റണ്‍സ് തികച്ച ഓപ്പണിങ് ബാറ്റര്‍മാരുടെ എലൈറ്റ് ക്ലബിനു തൊട്ടരികില്‍ എത്തിനില്‍ക്കുകയാണ് രോഹിത് ശര്‍മ. ഇതിനായി അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന മൂന്നാം ഏകദിനത്തില്‍ അദ്ദേഹത്തിനു വേണ്ടത് 43 റണ്‍സ് മാത്രമാണ്. രോഹിത് ഈ കളിയില്‍ തന്നെ നേട്ടത്തിലേക്കു എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
നിലവില്‍ ഏകദിനത്തില്‍ 178 ഇന്നിങ്‌സുകളിലണ് അദ്ദേഹം ഓപ്പണറായി കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 55.63 ശരാശരിയില്‍ 8957 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. 96.29 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെയാണിത്. 30 സെഞ്ച്വറികളും 44 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 877 ഫോറുകളടിച്ച രോഹിത് 310 സിക്‌സറുകളും ഓപ്പണറായി വാരിക്കൂട്ടി.
എലൈറ്റ് ക്ലബ്ബിലേക്ക്
ഏകദിന ക്രിക്കറ്റില്‍ നിലവില്‍ 9000 റണ്‍സ് നേടിയ ഓപ്പണര്‍മാരുടെ എലൈറ്റ് ക്ലബ്ബില്‍ രണ്ടു പേരാണുള്ളത്. ഒരാള്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിയാണെങ്കില്‍ മറ്റൊരാള്‍ ഓസ്‌ട്രേലിയയുടെ മുന്‍ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റുമാണ്.
ഓസീസിനു വേണ്ടി 259 ഇന്നിങ്സുകളില്‍ നിന്നും ഗില്ലിയുടെ സമ്പാദ്യം 9200 റണ്‍സാണെങ്കില്‍ തൊട്ടു താഴെ ഗാംഗുലിയുണ്ട്. 236 ഇന്നിങ്ങുകളില്‍ നിന്നും ഓപ്പണറായി ദാദ അടിച്ചെടുത്തത് 9148 റണ്‍സാണ്. ഇംഗ്ലണ്ടിനെതിരായ അടുത്ത കളിയില്‍ 43 റണ്‍സ് നേടുന്നതോടെ ഗില്ലിക്കും ഗാംഗുലിക്കുമൊപ്പം 9000 റണ്‍സ് വീരന്‍മാരുടെ ലിസ്റ്റില്‍ രോഹിത്തിന്റെയും പേര് നമുക്കു കാണാം.

എന്നാല്‍ ഏകദിനത്തില്‍ ഓള്‍ടൈം റണ്‍വേട്ടക്കാരായ ഓപ്പണര്‍മാരുടെ ലിസ്റ്റിലെ കിങ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 340 ഇന്നിങ്‌സുകളില്‍ നിന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വാരിക്കൂട്ടിയത് 15,310 റണ്‍സാണ്. സച്ചിന്റെ ഈ ലോക റെക്കോര്‍ഡ് ഒരിക്കലും തകര്‍ക്കപ്പെടില്ലെന്നു തന്നെയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അദ്ദേഹത്തിനു പിന്നില്‍ രണ്ടാമന്‍ ശ്രീലങ്കയുടെ മുന്‍ ഇതിഹാസം സനത് ജയസൂര്യയാണ്. 383 ഇന്നിങ്‌സുകളിലായി ജയസൂര്യ സ്‌കോര്‍ ചെയ്തത് 12,740 റണ്‍സാണ്. യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലാണ് 10,179 റണ്‍സുമായി മൂന്നാമത്. 274 ഇന്നിങ്‌സുകളില്‍ നിന്നാണിത്.
ഈ മൂന്നു പേരെ മാറ്റി നിര്‍ത്തിയാല്‍ ഏകദിനത്തില്‍ മറ്റൊരു ഓപ്പണറും 10,000 റണ്‍സെന്ന മാന്ത്രിക സംഖ്യം തികച്ചിട്ടില്ല. കുറച്ചു കാലം കൂടി മല്‍സരരംഗത്തു തുടര്‍ന്നാല്‍ രോഹിത്തിന് ഈ മാജിക്കല്‍ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞേക്കുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications