ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കു ശേഷം സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും വലിയൊരു ബ്രേക്ക് നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഒരു മാസത്തോളം രണ്ടു പേരും കളിക്കളത്തില്‍ നിന്നും മാറി നിന്നേക്കുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ഇംഗ്ലണ്ടുമായി അടുത്ത മാസം നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും രണ്ടു പേരും കളിച്ചേക്കില്ല.
അഞ്ചു ടി20കളും മൂന്നു ഏകദിനങ്ങളുമാണ് ഇംഗ്ലീഷ് ടീം ഇന്ത്യയില്‍ കളിക്കുന്നത്. ടി20യില്‍ നിന്നും രോഹിത്തും കോലിയും ഇതിനകം വിരമിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഏകദിന പരമ്പരയില്‍ മാത്രമേ ഇരുവരെയും പ്രതീക്ഷിക്കുകയും ചെയ്യുന്നുള്ളൂ. ഇതിനിടെയാണ് രോഹിത്തിനും കോലിക്കും ബ്രേക്ക് നല്‍കാന്‍ ബിസിസിഐ ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും വരുന്നത്.
അങ്ങനെ വന്നാല്‍ ഫെബ്രുവരി മൂന്നാം വാരത്തോടെ ആരംഭിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ മാത്രമേ രണ്ടു പേരും ടീമില്‍ തിരിച്ചെത്തുകയുള്ളൂ. പക്ഷെ ഇത്തരമൊരു തീരുമാനം ബിസിസിഐ എടുക്കുകയാണെങ്കില്‍ അതു വലിയ മണ്ടത്തരം തന്നെയായിരിക്കും. ഇതിന്റെ കാരണമെന്താണെന്നു നോക്കാം.

ചാംപ്യന്‍സ് ട്രോഫിയില്‍ പണിയുറപ്പ്
ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയില്‍ കളിപ്പിക്കാതെ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും വിശ്രമം നല്‍കുകയാണെങ്കില്‍ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ മുട്ടന്‍ പണി തന്നെ ഇന്ത്യക്കു കിട്ടിയേക്കും. കാരണം, വളര മോശം ഫോമിലൂടെയാണ് ഇപ്പോള്‍ രോഹിത്തും കോലിയും കടന്നുപോവുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് രണ്ടു പേരും ബാറ്റിങിലെ ഫോമും ആത്മവിശ്വാസവും വീണ്ടെടുക്കേണ്ടത് വളരെ പ്രധാനമാണ്.
ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിന പരമ്പര ഇതിനുള്ള അവസാനത്തെ അവസരം കൂടിയായിരിക്കും. അതിനാല്‍ തന്നെ പരമ്പരയിലെ മൂന്നു കളിയിലും രണ്ടു പേരും തീര്‍ച്ചയായും കളിച്ചേ തീരൂ. ഇതിനു പകരം ബ്രേക്കെടുത്ത് നേരെ ചാംപ്യന്‍സ് ട്രോഫിയില്‍ കളിച്ചാല്‍ രോഹിത്തും കോലിയും ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി മാറിയേക്കും. ഇതു ഇന്ത്യയുടെ കിരീട സാധ്യതകളെയും സാരമായി ബാധിക്കുകയും ചെയ്യും.
IND vs AUS: ആശ്വസിക്കാന്‍ 3 പേര്‍ മാത്രം!! നാലാമങ്കം ഇന്ത്യ തോല്‍ക്കാന്‍ ഈ കാരണങ്ങള്‍
നേരത്തേയും വിശ്രമം
ഈ വര്‍ഷം ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ ടെസ്റ്റ് പരമ്പരകള്‍ക്കു മുമ്പ് രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും വലിയൊരു ബ്രേക്ക് നല്‍കിയിരുന്നു. ഇന്ത്യയുടെ ഭൂരിഭാഗം താരങ്ങളും ആഭ്യന്തര ക്രിക്കറ്റിലെ റെഡ് ബോള്‍ ടൂര്‍ണമെന്റായ ദുലീപ് ട്രോഫിയില്‍ കളിച്ച് ടെസ്റ്റിനായി തയ്യാറെടുത്തപ്പോള്‍ രോഹിത്തും കോലിയും മാത്രം കളിച്ചില്ല.
ഇരുവര്‍ക്കും വിശ്രമം നല്‍കിയ ടീം മാനേജ്‌മെന്റിന്റെ തീരുമാനം എത്ര മാത്രം വലിയ മണ്ടത്തരമായിരുന്നുവെന്നു പിന്നാലെ ബോധ്യമാവുകയും ചെയ്തു. ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ ടെസ്റ്റ് പരമ്പരകളില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായ ഇരുവരും ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരേയുള്ള പരമ്പരയിലും പതറുകയാണ്.
ദുലീപ് ട്രോഫിയില്‍ കളിച്ച് തയ്യാറെടുത്തിരുന്നെങ്കില്‍ ഇത്രയും വലിയൊരു തിരിച്ചടി ബാറ്റിങില്‍ രോഹിത്തിനും കോലിക്കും നേരിടേണ്ടി വരുമായിരുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

തയ്യാറെടുപ്പ് വേണം
വളരെ കടുപ്പമേറിയ ടൂര്‍ണമെന്റാണ് ഐസിസി ചാംപ്യന്‍സ് ട്രോഫി. ഓരോ മല്‍സരും ഇന്ത്യക്കു ഒരുപോലെ പ്രധാനമാണ്. ചെറിയൊരു തിരിച്ചടി പപോലും ടീമിനു പുറത്തേക്കു വഴി തുറന്നേക്കും. അതിനാല്‍ ടീമിന്റെ നെടുംതൂണുകളായ രോഹിത് ശര്‍മയെയും വിരാട് കോലിയെയും ഏറ്റവും മികച്ച ഫോമില്‍ തന്നെ ഈ പരമ്പരയില്‍ ഇന്ത്യക്കു ആവശ്യമാണ്.
ബാറ്റിങില്‍ തിളങ്ങണമെങ്കില്‍ രണ്ടു പേര്‍ക്കും മികച്ച തയ്യാറെടുപ്പും കൂടിയേ തീരൂ. ഈ വര്‍ഷം ഒരേയൊരു ഏകദിന പരമ്പരയില്‍ മാത്രമേ രോഹിത്തും കോലിയും കളിച്ചിട്ടുള്ളൂ. ആഗസ്റ്റിലെ ശ്രീലങ്കന്‍ പര്യടനത്തിലായിരുന്നു ഇത്. ബാറ്റിങില്‍ രണ്ടു പേരും കാര്യമായി തിളങ്ങുകയും ചെയ്തിരുന്നില്ല.
നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യ കളിക്കുന്ന ഏകദിന പരമ്പര കൂടിയാണ് ഇനി ഇംഗ്ലണ്ടുമായി നടക്കാനിരിക്കുന്നത്. അതിനാല്‍ ഈ അവസരം നന്നായി മുതലെടുത്ത് ചാംപ്യന്‍സ് ട്രോഫിക്കായി ഒരുങ്ങാനാണ് രോഹിത്തും കോലിയും ശ്രമിക്കേണ്ടത്.