ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ടേണിങ് പോയിന്റായി പലരും ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ഒന്നാമിന്നിങ്‌സിലെ റണ്ണൗട്ടാണ്. കെഎല്‍ രാഹുലിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുമായി മുന്നേറവെയാണ് ലഞ്ച് ബ്രേക്കിനു തൊട്ടുമുമ്പ് മല്‍സരഗതിക്കു വിപരീതമായി റിഷഭ് റണ്ണൗട്ടായത്.
98 റണ്‍സുമായി നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലുണ്ടായിരുന്ന കെഎല്‍ രാഹുല്‍ തന്റെ സെഞ്ച്വറി വേഗം തികയ്ക്കുന്നതിനായി ഒരു റിസ്‌ക്കുള്ള സിംഗിളിനു ശ്രമിക്കുകയായിരുന്നു. ഇതു റിഷഭിന്റെ പുറത്താവലിനു വഴിയൊരുക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും രാഹുല്‍ നേരിട്ടു.
റിഷഭിന്റെ പുറത്താവല്‍ തന്റെ പിഴവ് കൊണ്ടു സംഭവിച്ചതാണെന്നു പിന്നീട് അദ്ദേഹം തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ രാഹുല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചതിന്റെ കാരണം എന്താവാമെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ബാറ്ററായ റോബിന്‍ ഉത്തപ്പ.

ആരെങ്കിലും ചോദിച്ചോ?
ലോര്‍ഡ്‌സ് ടെസ്റ്റില്‍ റിഷഭ് പന്തിന്റെ റണ്ണൗട്ടില്‍ കുറ്റപ്പെടുത്തുകയല്ലാതെ എന്തിന് ധൃതി പിടിച്ച് ആ സെഞ്ച്വറിക്കായി ശ്രമിച്ചുവെന്നു ആരെങ്കിലും കെഎല്‍ രാഹുലിനോടു ചോദിച്ചോയെന്നാണ് റോബിന്‍ ഉത്തപ്പ തുറന്നടിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലില്‍ ഇതേക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഞ്ച് ബ്രേക്കിനു മുമ്പ് താന്‍ സെഞ്ച്വറി നേടേണ്ടതു എന്തുകൊണ്ടാണ് പ്രധാനമായി തോന്നിയതെന്നു ആരെങ്കിലും കെഎല്‍ രാഹുലിനോടു ചോദിച്ചോ? അതിനു പിന്നില്‍ ഒരു കാരണം തീര്‍ച്ചയായുമുണ്ടാവും. എന്തുകൊണ്ടാണ് അങ്ങനെയൊരു ചിന്ത വന്നത്? എന്തുകൊണ്ടാണ് അങ്ങനെയൊരു കാര്യം ആഴത്തില്‍ പരിഗണിച്ചത്?
ആരെങ്കിലുമൊരാള്‍ ഇതേക്കുറിച്ച് രാഹുലിനോടു ചോദിച്ചിരുന്നെങ്കില്‍ ഈ മുഴുവന്‍ കാര്യത്തിന്റെയും പിന്നിലെ യഥാര്‍ഥ കാരണങ്ങളെ കുറിച്ച് നമുക്ക് അറിയാന്‍ സാധിക്കുമായിരുന്നെന്നും ഉത്തപ്പ വ്യക്തമാക്കി.
ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 387 റണ്‍സിനു മറുപടിയില്‍ അഞ്ചാം വിക്കറ്റില്‍ രാഹുല്‍- റിഷഭ് ജോടി 141 റണ്‍സിന്റെ കൂട്ടുകെണ്ടാക്കിയപ്പോള്‍ മികച്ചൊരു ലീഡും ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. ഇംഗ്ലീഷ് ബൗളിങ് ആക്രമണത്തെ അനായാസം നേരിട്ട് ഈ ജോടി മുന്നേറവെയാണ് റിഷഭ് ഔട്ടായത്.
രാഹുലിന്റെ അനാവശ്യ കോളിനെ തുടര്‍ന്ന് റിഷഭ് സിംഗിളിനായി ഓടുകയായിരുന്നു. എന്നാല്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ നേരിട്ടുള്ള ത്രോയില്‍ അദ്ദേഹം റണ്ണൗട്ടായി. 74 റണ്‍സാണ് റിഷഭ് നേടിയത്. അദ്ദേഹം മടങ്ങി ആറു റണ്‍സ് കൂടി നേടുമ്പോഴേക്കും രാഹുലും പുറത്തായതോടെ ഇന്ത്യ അഞ്ചിന് 254 റണ്‍സിലേക്കും വീണു.
രാഹുല്‍ എന്തിന് അതു ചെയ്തു?
ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ ടീം പിടിമുറുക്കവെ കെഎല്‍ രാഹുല്‍ എന്തിനായിരിക്കാം ആ സമയത്തു അത്തരമൊരു റിസ്‌കെടുത്തതെന്നു വിശദീകരിക്കുകയാണ് റോബിന്‍ ഉത്തപ്പ. ബ്രേക്കിനു ശേഷം സ്‌കോറിങിനു വേഗത കൂട്ടുകയെന്ന ലക്ഷ്യത്തോടെയാവും രാഹുല്‍ കഴിയുന്നത്രയും വേഗത്തില്‍ തന്റെ സെഞ്ച്വറിക്കായി തുനിഞ്ഞതെന്നാണ് അദ്ദേഹം പറയുന്നത്.

കെഎല്‍ രാഹുലും റിഷഭ് പന്തും തമ്മില്‍ ആ സമയത്തു നടത്തിയ ആശയവിനിമയം എന്തായിരിക്കും? 'നമ്മള്‍ രണ്ടു പേരും ക്രീസില്‍ സെറ്റായിക്കഴിഞ്ഞു, ഇനി നമ്മള്‍ കൂടുതല്‍ ആക്രമിച്ചു കളിക്കേണ്ടതുണ്ട്. ലഞ്ചിനു മുമ്പ് ഞാന്‍ (രാഹുല്‍) സെഞ്ച്വറി തികയ്ക്കുകയാണെങ്കില്‍ നമുക്ക് ഉടന്‍ തന്നെ അവരെ ആക്രമിക്കാം.
ഞാന്‍ ആക്രമിക്കാം, നീ (റിഷഭ്) അവിടെ കോട്ട തീര്‍ത്ത് നിന്നാല്‍ മതി. ഇവരെ ഈ ഗെയിമില്‍ നിന്നും നമുക്കു പൂര്‍ണമായും പുറത്താക്കം'. ഇതായിരിക്കാം ഒരുപക്ഷെ രാഹുലിനും റിഷഭിനുമിടയില്‍ അപ്പോഴുണ്ടായ സംസാരമെന്നു ഉത്തപ്പ വിശദമാക്കി.