IND vs ENG: ടി20യില്‍ അഭിഷേക്, ഇനി റിഷഭ്!! ഇംഗ്ലണ്ടിനെ തല്ലിച്ചതയ്ക്കും, ഇതാ കാരണം
നാഗ്പൂര്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു നാഗ്പൂരില്‍ ഇന്നു തുടക്കമാവുകയാണ്. നേരത്തേ നടന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിനെ 4-1നു തരിപ്പണമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. പക്ഷെ ടി20യില്‍ നിന്നും തികച്ചും വ്യത്യസ്തമായ ടീമിനെയാണ് ഏകദിനത്തില്‍ ഇന്ത്യയിറക്കുന്നത്. രോഹിത് ശര്‍മ നയിക്കുന്ന സംഘത്തില്‍ അനുഭവസമ്പത്തുള്ള നിരവധി താരങ്ങളുണ്ടെന്നു കാണാം.
ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിനെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് യുവ ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ അഭിഷേക് ശര്‍മയായിരുന്നു. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം നേടിയ അദ്ദേഹം ബാറ്റിങില്‍ കത്തിക്കയറി.
പരമ്പരയിലെ ടോപ്‌സ്‌കോററും അഭിഷേക് തന്നെയായിരുന്നു. എന്നാല്‍ ഏകദിനത്തില്‍ അദ്ദേഹം ടീമിന്റെ ഭാഗമല്ല. പകരം ബാറ്റിങില്‍ ടീമിന്റെ തുറുപ്പുചീട്ടായി മാറുക വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരിക്കും. ഇതിന്റെ കാരണമറിയാം.

റിഷഭിന്റെ റെക്കോര്‍ഡ്
ഏകദിന ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരേയുള്ള റിഷഭ് പന്തിന്റെ തകര്‍പ്പന്‍ റെക്കോര്‍ഡാണ് ഈ പരമ്പരയില്‍ അദ്ദേഹത്തെ ഇന്ത്യയുടെ വജ്രായുധമാക്കി മാറ്റുന്നത്. നേരത്തേ ഇംഗ്ലണ്ടിനെതിരേ ഏകദിനത്തില്‍ ബാറ്റ് ചെയ്തപ്പോഴെല്ലാം കസറിയിട്ടുള്ള താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ഇംഗ്ലണ്ട് ടീം ഏറ്റവുമധികം ഭയക്കുന്നതും റിഷഭിനെയാവും.
ഇംഗ്ലണ്ടിനെതിരേ അഞ്ചു ഏകദിന ഇന്നിങ്‌സുകളിലാണ് റിഷഭ് കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 78 എന്ന കിടിലന്‍ ശരാശരിയില്‍ 125.30 സ്‌ട്രൈക്ക് റേറ്റില്‍ 312 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. ഓരോ സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കാണിത്. പുറത്താവാതെ നേടിയ 125 റണ്‍സാണ് റിഷഭിന്റെ ഉയര്‍ന്ന സ്‌കോര്‍. താരത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനവും ഇതു തന്നെയാണ്.
റിഷഭിന് രാഹുല്‍ ഭീഷണി
ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ രണ്ടു വിക്കറ്റ് കീപ്പര്‍മാര്‍ റിഷഭ് പന്തും കെഎല്‍ രാഹുലുമാണ്. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ആര്‍ക്കാവും നറുക്കുവീഴുകയെന്നാണ് ഇനി അറിയാനുള്ളത്. ഏകദിനത്തില്‍ മധ്യനിരയിലേക്കു മാറിയതിനു ശേഷം ബാറ്റിങില്‍ തകര്‍പ്പന്‍ പ്രകടനമാണ് രാഹുല്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
2023ലെ ഏഷ്യാ കപ്പ്, ഏകകദിന ലോകകപ്പ് എന്നിവയിലെല്ലാം അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്തത് അദ്ദേഹമാണ്. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ടീമിനു വേണ്ടി മിന്നിക്കാനും രാഹുലിനു കഴിഞ്ഞു. പരിക്കേറ്റ് റിഷഭ് പുറത്തായതു കാരണമാണ് അന്നു അദ്ദേഹത്തിനു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റോളിലേക്കു പ്രൊമോഷന്‍ ലഭിച്ചത്.
പക്ഷെ ഇപ്പോള്‍ റിഷഭ് മടങ്ങിയെത്തിയതോട രാഹുലിനു ഈ റോള്‍ നിലനിര്‍ത്താന്‍ കഴിയുമോയെന്നതു സംശയമാണ്. വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ റിഷഭായിരിക്കും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെന്നു മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതു ചേര്‍ത്തു വായിക്കുമ്പോള്‍ ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയിലും വിക്കറ്റ് കീപ്പര്‍ റോളിലേക്കു റിഷഭിനായിരിക്കും മുന്‍തൂക്കം ലഭിക്കുക.

റിഷഭിന്റെ ഏകദിന കരിയര്‍
ടെസ്റ്റ് ക്രിക്കറ്റ് കഴിഞ്ഞാല്‍ റിഷഭ് പന്ത് ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളത് ഏകദിന ഫോര്‍മാറ്റിലാണ്. 31 ഏകദിനങ്ങളിലായി 27 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 33.50 ശരാശരിയില്‍ 106.21 സ്‌ട്രൈക്ക് റേറ്റില്‍ 871 റണ്‍സും റിഷഭ് സ്‌കോര്‍ ചെയ്തു. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെുടും.
ഏകദിനത്തില്‍ കൂടുതല്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജു സാംസണിനെ തഴഞ്ഞാണ് റിഷഭിനെ ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ സെലക്ടമാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ സെലക്ഷന്‍ കമ്മിറ്റി തന്നിലര്‍പ്പിച്ച വിശ്വാസം കാക്കാന്‍ ഇംഗ്ലണ്ടിനെതിരേ റിഷഭ് കസറിയേ തീരൂ. അതിനു സാധിച്ചാല്‍ വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയിലും അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications