ഈ വര്‍ഷം ടീം ഇന്ത്യയെ കാത്തിരിക്കുന്ന പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്നാണ് ഇംഗ്ലണ്ടുമായി ഈ മാസമാരംഭിക്കുന്ന ദൈര്‍ഘ്യമേറിയ ടെസ്റ്റ് പരമ്പര. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കുക. ജനുവരി 25നു തുടങ്ങുന്ന പരമ്പര മാര്‍ച്ച് വരെ നീളും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ പിടിമുറുക്കാന്‍ ഈ പരമ്പരയില്‍ ഇന്ത്യക്കു മികച്ച പ്രകടനം നടത്തിയേ തീരൂ. പരമ്പരയ്ക്കായി ബെന്‍ സ്റ്റോക്‌സിനു കീഴില്‍ ഇംഗ്ലീഷ് ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യന്‍ സ്‌ക്വാഡിനെ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
ദൈര്‍ഘ്യമേറിയ പരമ്പര ആയതിനാല്‍ തന്നെ ചില പുതുമുഖ താരങ്ങള്‍ക്കു ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ ഇന്ത്യ അവസരം നല്‍കിയേക്കും. ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ചില താരങ്ങള്‍ ടീമിലേക്കു വിളി കാത്ത് പുറത്തിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിക്കുന്നയാളാണ് യുവ താരം റിങ്കു സിങ്.

ടി20 ഫോര്‍മാറ്റില്‍ ഫിനിഷറുടെ റോളില്‍ മിന്നുന്ന പ്രകടനങ്ങള്‍ നടത്തി വളരെ കുറച്ചു മല്‍സരങ്ങള്‍ കൊണ്ടു തന്നെ ടീമില്‍ സ്ഥാനമുറപ്പിച്ചയാളാണ് റിങ്കു. ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലും ഇടംകൈയന്‍ ബാറ്റര്‍ ഇടം പിടിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇനി റെഡ് ബോള്‍ ക്രിക്കറ്റിലും റിങ്കുവിനെ ഇന്ത്യ പരീക്ഷിക്കാനുള്ള സമയമെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടുമായുള്ള പരമ്പര ഇതിനു നല്ലൊരു അവസരം കൂടിയാണ്.
ടെസ്റ്റിലും റിങ്കുവിനു വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ബാസ് ബോള്‍ ശൈലിയുടെ വക്താക്കളായ ഇംഗ്ലണ്ടിന്റെ അഗ്രസീവ് ക്രിക്കറ്റിനു അതേ നാണയത്തില്‍ ഇന്ത്യക്കു തിരിച്ചടിക്കണമെങ്കില്‍ റിങ്കുവിനെപ്പോലെയൊരു തുറുപ്പുചീട്ടിനെ ആവശ്യമാണ്.
ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവും അഗ്രസീവായി ബാറ്റ് ചെയ്യുന്ന നിലവിലെ താരം യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. പക്ഷെ കാറപകടത്തിലേറ്റ പരിക്കില്‍ നിന്നും മുക്തനായിക്കൊണ്ടിരിക്കുന്ന അദ്ദേഹം ഇനിയും മല്‍സരരംഗത്തേക്കു തിരിച്ചെത്തിയിട്ടില്ല. റിഷഭിന്റെ അഭാവം പല ടെസ്റ്റുകളിലും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ പ്രകടവുമായിരുന്നു.
ഏതു പ്രതിസന്ധി ഘട്ടത്തിലും തന്റെ അഗ്രസീവ് ശൈലി കൊണ്ട് എതിര്‍ ടീമിനെ ബാക്ക്ഫൂട്ടിലാക്കാന്‍ റിഷഭിനു സാധിക്കാറുണ്ട്. ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ അദ്ദേഹം കളിക്കാന്‍ സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ ഈ റോളിലേക്കു ഇന്ത്യക്കു പരീക്ഷിക്കാവുന്നയാളാണ് റിങ്കു. റിഷഭിനെപ്പോലെ ഇടംകൈയന്‍ ബാറ്ററാണെന്നതും റിങ്കുവിനെ സ്‌പെഷ്യലാക്കി മാറ്റുന്നു. ഇന്നിങ്‌സ് പടുത്തുയര്‍ത്താനും അതിവേഗം സ്‌കോര്‍ ചെയ്യാനും മിടുക്കനാണ് അദ്ദേഹം.

വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റ് മാത്രമല്ല റിങ്കു. റെഡ് ബോള്‍ ക്രിക്കറ്റിലും റിങ്കുവിനു തകപ്പന്‍ റെക്കോര്‍ഡാണുള്ളത്. ഇതാണ് ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ അദ്ദേഹം ടീമില്‍ വേണമെന്നതിന്റെ മറ്റൊരു കാരണം. ഉത്തര്‍ പ്രദേശിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനമാണ് റിങ്കു നടത്തിക്കൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനമായി കേരളത്തിനെതിരേ ആലപ്പുഴയില്‍ നടന്ന രഞ്ജി ട്രോഫി മല്‍സരത്തില്‍ അദ്ദേഹം മിന്നിച്ചിരുന്നു. ടീം പതറവെ ക്രീസിലെത്തിയ റിങ്കു 92 റണ്‍സുമായി യുപിയെ കരകയറ്റുകയായിരുന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ യുപിക്കു വേണ്ടി 43 മല്‍സരങ്ങളിലാണ് 26 കാരനായ റിങ്കു കളിച്ചത്. ഇവയില്‍ നിന്നും 58.47 എന്ന കിടിലന്‍ ശരാശരിയില്‍ 3099 റണ്‍സ് അദ്ദേഹം അടിച്ചെടുക്കുകയും ചെയ്തു. ഏഴു സെഞ്ച്വറികളും 20 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. പുറത്താവാതെ നേടിയ 163 റണ്‍സാണ് റിങ്കുവിന്റെ ഉയര്‍ന്ന സ്‌കോര്‍.
ഇംഗ്ലണ്ടിനെതിരേ തീര്‍ച്ചയായും അദ്ദേഹത്തെ ഇന്ത്യക്കു പരീക്ഷിച്ചു നോക്കാവുന്നതാണ്. ശ്രേയസ് അയ്യര്‍ക്കു പകരം അഞ്ചാമനായി റിങ്കുവിനെ ഇന്ത്യക്കു പ്ലെയിങ് ഇലവനിലുള്‍പ്പെടുത്താം. ടോപ്പ് ഫൈവില്‍ ഇടംകൈയന്‍മാര്‍ ഒരാള്‍ മാത്രമേയുള്ളൂവെന്ന (യശസ്വി ജയ്‌സ്വാള്‍) ക്ഷീണം മാറ്റാന്‍ ഇതു സഹായിക്കുകയും ചെയ്യും.