
ലണ്ടന്‍: ആദ്യ മല്‍സരത്തില്‍ വിക്കറ്റ് കൊണ്ട് ആറാടിയത് ജസ്പ്രീത് ബുംറയായിരുന്നെങ്കില്‍ രണ്ടാമങ്കത്തില്‍ ഇംഗ്ലീഷ് പേസര്‍ റീസ്സ് ടോപ്പ്‌ലേയുടെ ഊഴമായിരുന്നു. ആറു വിക്കറ്റുമായി ടോപ്പ്‌ലേ കൊടുങ്കാറ്റായപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനു 100 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-1നു ഒപ്പമെത്തുകയും ചെയ്തു. 247 റണ്‍സെന്ന അത്ര ദുഷ്‌കരമല്ലാത്ത വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു ഇംഗ്ലണ്ട് നല്‍കിയത്. പക്ഷെ റണ്‍ചേസില്‍ ഇന്ത്യ തകരുകയായിരുന്നു. ഒരു ഘട്ടത്തില്‍പ്പോലും വിജയപ്രതീക്ഷ നല്‍കാതെ സാധിക്കാതെ പോയ ഇന്ത്യ 38.5 ഓവറില്‍ 146നു ഓള്‍ഔട്ടാവുകയും ചെയ്തു.ഫൈനലിനു തുല്യമായ പരമ്പരയിലെ അവസാനത്തെ മല്‍സരം ഞായറാഴ്ച നടക്കും.
റണ്‍ചേസില്‍ ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും 30 റണ്‍സ് പോലും തികയ്ക്കാന്‍ കഴിഞ്ഞില്ല. 29 റണ്‍സ് വീതമെടുത്ത ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേയുമാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍മാര്‍. ഹാര്‍ദിക് 44 ബോളില്‍ രണ്ടു ബൗണ്ടറികളടിച്ചപ്പോള്‍ ജഡേജ 44 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറും നേടി. സൂര്യകുമാര്‍ യാദവ് (27), മുഹമ്മദ് ഷമി (23), വിരാട് കോലി (16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. നായകന്‍ രോഹിത് ശര്‍മ (0), ശിഖര്‍ ധവാന്‍ (9), റിഷഭ് പന്ത് (0), ജസ്്പ്രീത് ബുംറ (2), യുസ്വേന്ദ്ര ചഹല്‍ (3), പ്രസിദ്ധ് കൃഷ്ണ (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. 9.5 ഓവറില്‍ രണ്ടു മെയ്ഡനടക്കമാണ് 24 റണ്‍സിനു ടോപ്പ്‌ലേ ആറു വിക്കറ്റുകളെടുത്തത്. താരത്തിന്റെ കന്നി ഫൈഫര്‍ കൂടിയാണിത്.

റണ്‍ചേസില്‍ ഇന്ത്യക്കു തുടരെ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. നാലിന് 31 റണ്‍സിലേക്കു കൂപ്പുകുത്തിയ ഇന്ത്യക്കു പിന്നീട് ഇതില്‍ നിന്നും കരകയറാനായില്ല. ആറാം വിക്കറ്റില്‍ ഹാര്‍ദിക്- ജഡജ സഖ്യം 28 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ ഇന്ത്യക്കു നേരിയ വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ടീം സ്‌കോര്‍ 101ല്‍ ഹാര്‍ദിക് പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷ മങ്ങി. ഏഴിന് 140ല്‍ നിന്നും ആറു റണ്‍സെടുക്കുമ്പോഴേക്കും ഇന്ത്യക്കു ശേഷിച്ച മൂന്നു വിക്കറ്റുകള്‍ കൂടി നഷ്ടമാവുകയായിരുന്നു.
ആദ്യ ഏകദിനത്തില്‍ അപരാജിത സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യക്കു അനായാസ ജയം സമ്മാനിച്ച രോഹിത്- ധവാന്‍ ജോടിക്കു ഇത്തവണ ഇതാവര്‍ത്തിക്കാനായില്ല. ടീം സ്‌കോര്‍ നാലില്‍ വച്ചു തന്നെ രോഹിത് മടങ്ങി. 10 ബോളുകള്‍ നേരിട്ടിട്ടും അക്കൗണ്ട് തുറക്കാന്‍ അദ്ദേഹത്തിനായില്ല. ടോപ്പ്‌ലേയുടെ ബൗളിങില്‍ രോഹിത് വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.
രണ്ടാം വിക്കറ്റില്‍ ധവാന്‍- കോലി ജോടി 23 റണ്‍സ് നേടി. എന്നാല്‍ അതിനു ശേഷം കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു ഇന്ത്യയുടെ തകര്‍ച്ച. നാലു റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ കൈവിട്ട ഇന്ത്യ നാലിനു 34ലേക്കു വീണു. അഞ്ചാം വിക്കറ്റില്‍ സൂര്യ- ഹാര്‍ദിക് ജോടിയുടെ രക്ഷാപ്രവര്‍ത്തനം ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. 42 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. ഈ സഖ്യം കരുത്താര്‍ജിക്കവെയാണ് ടീം സ്‌കോര്‍ 73ല്‍ വച്ച് സൂര്യ വീണത്. ഇവിടെ നിന്നും ഇന്ത്യയുടെ തകര്‍ച്ചയും തുടങ്ങുകയായിരുന്നു.

നേരത്തേ ഒരോവര്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് 246 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. ആറിനു 148ലേക്കു വീണ ഇംഗ്ലണ്ട് 200 പോലും കടക്കില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ മോയിന്‍ അലിയുടെയും (47) ഡേവിഡ് വില്ലിയുടെയും (41) ഇന്നിങ്‌സുകള്‍ അവരെ മോശമല്ലാത്ത ടോട്ടലിലെത്തിച്ചു. ജോണി ബെയര്‍സ്‌റ്റോ (38), ലിയാം ലിവിങ്‌സ്റ്റണ്‍ (33) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു സ്‌കോറര്‍മാര്‍. ഇന്ത്യന്‍ ബൗളിങില്‍ കസറിയത് യുസ്വേന്ദ്ര ചഹലായിരുന്നു. അദ്ദേഹം നാലു വിക്കറ്റുകളെടുത്തു. ജസ്പ്രീത് ബുംറയും ഹാര്‍ദിക് പാണ്ഡ്യയും രണ്ടു വിക്കറ്റുകള്‍ വീതവും നേടി.